ന്യൂദല്‍ഹി: ആധുനിക സര്‍വേയിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മൂന്നുവര്‍ഷമായി തുടരുന്ന ഭൂമി പരിശോധന പൂര്‍ത്തിയാക്കി പ്രതിരോധവകുപ്പ്. സൈന്യത്തിന്റെ കൈവശമുള്ള രാജ്യത്തെ 17.78 ലക്ഷം ഏക്കര്‍ ഭൂമിയുടെ സര്‍വേയാണ് പൂര്‍ത്തിയാക്കിയത്. ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസുകള്‍ (ഡിഎഒ) രേഖകള്‍ പ്രകാരം പ്രതിരോധ മന്ത്രാലയത്തിന് ഏകദേശം 17.99 ലക്ഷം ഏക്കര്‍ വിസ്തൃതിയുള്ള വലിയ ഭൂപ്രദേശം ഉണ്ടെന്നും അതില്‍ 1.61 ലക്ഷം ഏക്കര്‍ വിജ്ഞാപനം ചെയ്യപ്പെട്ട 62 കന്റോണ്മെന്റുകള്ക്ക് ഉള്ളിലാണെന്നുമാണ്.
ഏകദേശം 16.38 ലക്ഷം ഏക്കര്‍ കന്റോണ്‍മെന്റിന് പുറത്ത് നിരവധി പോക്കറ്റുകളിലായി വ്യാപിച്ചുകിടക്കുന്നു. കൈവശമുള്ള ഭൂമിയുടെ വ്യാപ്തി, രാജ്യത്തുടനീളമുള്ള ഏകദേശം 4,900 പോക്കറ്റുകളിലുള്ള ഭൂമിയുടെ സ്ഥാനം, പല സ്ഥലങ്ങളിലെയും അപ്രാപ്യമായ ഭൂപ്രദേശം, വിവിധ പങ്കാളികളുടെ കൂട്ടായ്മ എന്നിവ സര്‍വേയെ രാജ്യത്തെ ഏറ്റവും വലിയ ഭൂസര്വേകളിലൊന്നാക്കി മാറ്റി.
ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന് (ഇടിഎസ്), ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ഡിജിപിഎസ്) തുടങ്ങിയ ആധുനിക സര്‍വേ സാങ്കേതികവിദ്യകളാണ് സര്‍വേയില്‍ ഉപയോഗിച്ചത്. പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കാന്‍, വിശ്വസനീയവും ശക്തവും സമയബന്ധിതവുമായ ഫലങ്ങള്‍ക്കായി ഡ്രോണ്‍ ഇമേജറിയും സാറ്റലൈറ്റ് ഇമേജറി അടിസ്ഥാനമാക്കിയുള്ള സര്‍വേയും വിനിയോഗിച്ചു. രാജസ്ഥാനിലെ ലക്ഷക്കണക്കിന് ഏക്കര്‍ പ്രതിരോധ ഭൂമിയുടെ സര്‍വേയ്ക്കായി ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ചതും പ്രത്യേകതയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: