ബംഗളൂരു: വായ്പ അനുവദിക്കാത്തതിന്റെ ദേഷ്യത്തില്‍ ബാങ്കിന് തീയിട്ട് യുവാവ്. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. റട്ടിഹള്ളി സ്വദേശിയായ 33 കാരന് വസീം ഹസറത് സാബ് മുല്ല എന്നയാളാണ് ബാങ്കിന് തീയിട്ടത്.
ഹെഡുഗൊണ്ട ഗ്രാമത്തിലുള്ള കാനറ ബാങ്കിലാണ് ഇയാള്‍ വായ്പയ്ക്കായി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഇയാളുടെ സിബില്‍ സ്കോര്‍ കണക്കിലെടുത്ത് ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതില്‍ രോഷം പൂണ്ട യുവാവ് ശനിയാഴ്ച രാത്രി സ്ഥലത്തെത്തി ബാങ്കിന് തീവെയ്ക്കുകയായിരുന്നു.
ബാങ്കിന്റെ ജനല്‍ തകര്‍ത്ത് അകത്ത് കടന്ന് പെട്രോള്‍ ഒഴിച്ചതിന് ശേഷമാണ് ഇയാള്‍ ബാങ്കിന് തീയിട്ടത്. സമീപത്ത് കൂടി പോയവരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീ അണയ്ക്കുകയായിരുന്നു. ബാങ്കിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍, ഫാന്‍, ലൈറ്റ്, പാസ്ബുക്ക് പ്രിന്റര്‍, ക്യാഷ് കൗണ്ടിംഗ് മെഷീന്, സിസിടിവി, ക്യാഷ് കൗണ്ടര്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. 12 ലക്ഷത്തിന്റെ നാശനഷ്ടം വന്നിട്ടുണ്ടെന്നാണ് നിഗമനം. സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: