ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന് വേണ്ടി വാദിക്കാനെത്തിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങളായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.
പഞ്ചാബ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഡി.എസ്. പട് വാലിയയുടെ വാദങ്ങളെ തോല്പിക്കുന്നതായിരുന്നു തുഷാര്‍ മേത്ത നിരത്തിയ ന്യായങ്ങള്‍. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) ബ്ലൂ ബുക്കിനെ അടിസ്ഥാനമാക്കിയാണ് തുഷാര്‍ മേത്ത വാദം തുടങ്ങിയത്. ബ്ലൂ ബുക്കിലെ സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പഞ്ചാബ് പൊലീസ് അവഗണിച്ചതാണ് (മനപ്പൂര്‍വ്വമോ?) സുരക്ഷാ വീഴ്ചയ്ക്ക് കാരണമായതെന്ന് തുഷാര്‍ മേത്ത വാദിച്ചു.
‘പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം പ്രതിഷേധക്കാര്‍ നില്ക്കുന്ന സ്ഥലത്ത് നിന്നും 100 മീറ്റര്‍ വരെ അടുത്തെത്തി. എസ്പിജി ബ്ലൂ ബൂക്ക് അനുസരിച്ച് അതിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് പഞ്ചാബ് പൊലീസിന്റെ ബാധ്യതയാണ്. ഇതിനായി സര്‍ക്കാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിരുന്നെങ്കില് മിനിമം അസൗകര്യമേ ഉണ്ടാകുമായിരുന്നുള്ളൂ’- തുഷാര്‍ മേത്ത വാദിക്കുന്നു.
‘ഫ്ളൈ ഓവറിന് അരികെ ആള്‍ക്കൂട്ടം തമ്പടിച്ചിട്ടുണ്ടെന്ന ഒരു വിവരവും എസ്പിജിയ്ക്കോ പ്രധാനമന്ത്രിയുടെ സംഘത്തിനോ ലഭിച്ചിരുന്നില്ല’- തുഷാര്‍ മേത്ത ഉന്നയിച്ച മറ്റൊരു പ്രധാന പോയിന്റായിരുന്നു ഇത്.
‘പഞ്ചാബ് സര്‍ക്കാര്‍ അവരുടെ പൊലീസ് ഓഫീസര്‍മാരെ കണ്ണടച്ച് പിന്തുണയ്ക്കുന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണണം. എവിടെയാണ് ഈ സുരക്ഷാപിഴവ് സംബന്ധിച്ചതെന്ന് കേന്ദ്രസര്‍ക്കാരിന്റെ സമിതിക്ക് അന്വേഷിക്കേണ്ടതുണ്ട്,’- തുഷാര്‍ മേത്ത വാദിച്ചു.
അതില്‍ കേന്ദ്രസര്‍ക്കാരിന്റെ സമിതിയുടെ ആവശ്യകതയെ മാത്രം സുപ്രീംകോടതി ചോദ്യം ചെയ്തു. അതുപോലെ പഞ്ചാബ് സര്‍ക്കാരിന്റെ അന്വേഷണസമിതിയും തല്ക്കാലം ആവശ്യമില്ലെന്ന് പഞ്ചാബിന്റെ അഡ്വക്കേറ്റ് ജനറലിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. പകരം മുന്‍ സുപ്രിംകോടതി ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണ സമിതിയെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രിംകോടതി ഡിവിഷന് ബെഞ്ച് വിധിക്കുകയായിരുന്നു.
ഒരര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന്റെ വിജയം തന്നെയാണ് സുപ്രീംകോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: