ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി പ്രവര്‍ത്തകനെയും സഹോദരനേയും വെടിവച്ചുകൊന്നു. തെരഞ്ഞെടുപ്പുകള്‍ അടുത്ത് നില്‍ക്കെയാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ അക്രമണങ്ങള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. ഇന്നലെ രാത്രി ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സമുറൂവില് വച്ചാണ് രണ്ടുപേരെ വെടിവച്ചുകൊന്നത്.
കൃഷിമന്ത്രി ഒ ലുഖോയിയുമായി അടുപ്പമുണ്ടായിരുന്ന അബുജാം ജോണ്‍ (57), ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ ഹവില്‍ദാര്‍ അബുജാം ശശികാന്ത എന്നിവരെയാണ് രാത്രി 10 മണിയോടെ സമുറോ ബസാറില്‍ ജോണിന്റെ വീടിന് സമീപം ആക്രമിക്കപെട്ടത്. അജ്ഞാത അക്രമി ഇരുവര്‍ക്കും നേരെ വെടിവച്ചുവെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.
ഇംഫാലിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. അത്താഴത്തിനും ശേഷം വീടിനു പുറത്തുനിന്ന് ശശികാന്തയുമായി സംസാരിക്കുകയായിരുന്നു ജോണ്‍. കുറച്ച് കഴിഞ്ഞ് ഒരാള്‍ ഇരുവരുടെയും അടുത്തേക്ക് വരുന്നതും താന്‍ കണ്ടതായി ജോണിന്റെ ഭാര്യ ബിമോ പറഞ്ഞു. പിന്നീട് വെടിയൊച്ചയാണ് കേട്ടത്.
മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് സംഭവത്തെ അപലപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല, നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പറഞ്ഞു. സംഭവത്തെ ഭീരുത്വമെന്നു മന്ത്രി ലുഖോയ് വിശേഷിപ്പിച്ചു.
‘അവരുടെ തെറ്റുകള്‍ എന്തുതന്നെയായാലും, അവരുടെ വഴികള്‍ തിരുത്താന്‍ അവര്‍ക്ക് അവസരം നല്‍കണം. കൊലപാതകം പരിഹാരമല്ല, ‘അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമുറൂവിലെ ക്ഷുഭിതരായ നാട്ടുകാര്‍ റോഡില്‍ ടയറുകള്‍ കത്തിച്ചു. ഫെബ്രുവരി 27, മാര്‍ച്ച് മൂന്നു തീയതികളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: