ന്യൂദല്‍ഹി : തമിഴ്നാട്ടിലെ ആരോഗ്യമേഖലയില്‍ കൂടുതല്‍ വികസനം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് 11 മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ജനുവരി 12ന് നാല് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടന പരിപാടി നടക്കുക.
ഏകദേശം 4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്, ഇതില്‍ 2145 കോടി രൂപ കേന്ദ്ര സര്‍ക്കാരും ബാക്കി തുക തമിഴ്നാട് സര്‍ക്കാരും നല്‍കും. വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പൂര്‍, തിരുവള്ളൂര്‍, നാഗപട്ടണം, ഡിണ്ടിഗല്‍, കല്ല്കുറിച്ചി, അരിയല്ലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന് അനുസൃതമായാണ് ഈ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്. ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കല്‍ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിലാണ് 1450 സീറ്റുകളുള്ള മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നത്. പദ്ധതി പ്രകാരം, ഗവണ്മെന്റ് അല്ലെങ്കില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളിലാണ് മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്.
ചെന്നൈയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കാമ്പസും സ്ഥാപിക്കും. ഇന്ത്യന്‍ പൈതൃകം സംരക്ഷിക്കാനും ക്ലാസിക്കല്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 24 കോടി രൂപ ചെലവിലാണ് പുതിയ കാമ്പസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവരെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിഐസിടി ഇനി മൂന്നു നിലകളുള്ള പുതിയ കാമ്പസില്‍ പ്രവര്‍ത്തിക്കും. ലൈബ്രറി, ഇ ലൈബ്രറി, സെമിനാര്‍ ഹാളുകള്‍, മള്‍ട്ടിമീഡിയ ഹാള്‍ എന്നിവ പുതിയ കാമ്പസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ലൈബ്രറിയില്‍ 45,000 ലധികം പുരാതന തമിഴ് പുസ്തകങ്ങളുടെ സമ്പന്നമായ ശേഖരമുണ്ട്. ക്ലാസിക്കല്‍ തമിഴിനെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനുമായി, ഇന്‍സ്റ്റിറ്റിയൂട്ട് സെമിനാറുകളും പരിശീലന പരിപാടികളും നടത്തും. വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും 100 വിദേശ ഭാഷകളിലേക്കും ‘തിരുക്കുറള്‍’ വിവര്‍ത്തനം ചെയ്യാനും പ്രസിദ്ധീകരിക്കാനും ഇത് ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: