അഞ്ചാലുംമൂട്: പാലിന്റെ വിലക്കുറവും കാലിത്തീറ്റയുടെ അമിതവിലയും കാരണം ക്ഷീരമേഖല പ്രതിസന്ധിയില്‍. തീറ്റകളുടെ വിലക്കയറ്റം കൂടാതെ കന്നുകാലികളുടെ രോഗപ്രതിരോധശേഷി കുറയുന്നത് കാരണമുണ്ടാകുന്ന രോഗങ്ങളുടെ അധിക ചെലവും കര്‍ഷകരെ തളര്‍ത്തുകയാണ്. ഗത്യന്തരമില്ലാതെ പലരും ഈ മേഖല ഉപേക്ഷിക്കുന്നു.
മാര്‍ക്കറ്റില്‍ നിലവില്‍ ലഭിക്കുന്ന കാലിത്തീറ്റകളില്‍ അധികവും കന്നുകാലികളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതാണെന്ന് ആക്ഷേപമുണ്ട്. ആരോഗ്യത്തിനല്ല, പാലുത്പ്പാദനം മാത്രം ലക്ഷ്യമിട്ടാണ് പല കമ്പനികളും തീറ്റ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. ഇതിലൂടെ കന്നുകാലികള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളോ ഈ പാല് ഉപയോഗിക്കുന്നത് മൂലം ആളുകള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളോ കൃത്യമായി പുറത്തുവരുന്നില്ല. സര്‍ക്കാര്‍ വേണ്ട രീതിയില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഈ മേഖലയ്ക്ക് വന്വീഴ്ചയുണ്ടാകുമെന്നാണ് ക്ഷീരകര്‍ഷകരുടെ മുന്നറിയിപ്പ്.
മിണ്ടാപ്രാണികളായതിനാല്‍ എന്ത് കൊടുത്താലും കുഴപ്പമില്ല എന്ന രീതിയിലാണ് ഇപ്പോള്‍ തീറ്റവ്യാപാരം. ഈ തീറ്റകള്‍ കഴിച്ച് കിട്ടുന്ന പാലിന് എത്രത്തോളം ഗുണനിലവാരം ഉണ്ടാകുമെന്നതില്‍ നിശ്ചയമില്ല. കാലിത്തീറ്റകള്‍ വരുന്ന ചാക്കുകളിലും പലതിലും അതിനുള്ളില്‍ അടങ്ങിയിരുക്കുന്നത് എന്തെല്ലാമെന്ന് വ്യക്തമാക്കുന്നില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭക്ഷണ മാലിന്യങ്ങള്‍ പലതും കന്നുകാലിത്തീറ്റ എന്ന വ്യാജേന വരുന്നുണ്ട്. ഇത് വില്‍ക്കുന്ന കടക്കാര് എന്ത് പറയുന്നോ അതേ കര്‍ഷകര്‍ക്ക് അറിയൂ. കന്നുകാലി തീറ്റകള്‍ക്ക് ടാക്സ് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും അമിതവില ഈടാക്കിയാണ് ഭക്ഷണ മാലിന്യങ്ങള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്.
പച്ചപ്പുല്ലും കിട്ടാനില്ല
വേനല്‍ കടുത്തതോടെ പച്ചപ്പുല്ലിന്റെ ക്ഷാമം സാധാരണക്കാരായ ക്ഷീരകര്‍ഷകരെ വലയ്ക്കുന്നു. ഇത് ഒടുവില്‍ കാലിത്തീറ്റയുടെ അമിത ഉപയോഗത്തിലേക്ക് എത്തിക്കുകയാണ്. കാലിത്തീറ്റയുടെ വില ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ ഗതികേട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടി വിലവര്‍ധനവിലാണ് കാലിത്തീറ്റ. പക്ഷേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ഉയര്‍ന്ന ചെലവും തുച്ഛമായ വരുമാനവുമാണ് ക്ഷീരകര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി.
ചില പരിഹാരങ്ങള്‍
ക്ഷീരസംഘങ്ങള്‍ വഴി കര്‍ഷകരെ ബോധവത്ക്കരിക്കുക
അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നല്‍കുക
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ യഥാവിധി നടപ്പാക്കുക
തീറ്റയും തീറ്റപ്പുല്ലും സബ്സിഡിയോടെ കര്‍ഷകര്‍ക്ക് എത്തിക്കുക
ഡോക്ടര്‍മാരുടെ സേവനം അതാത് പാല്‍സൊസൈറ്റി വഴി ലഭ്യമാക്കുക
പാലിന്റെ വില വര്‍ധിപ്പിക്കുക
പാലിന് ലഭിക്കേണ്ട സബ്സിഡികള്‍ കര്ഷകന് ഉറപ്പ് വരുത്തുക
കര്ഷകന് അര്‍ഹമായ രീതിയിലുള്ള ബോണസ് നല്‍കുക
മേഖല ഇല്ലാതാകുന്ന സ്ഥിതി
ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി തീറ്റ ചെലവിലെ വര്‍ധനയാണ്. അതേസമയം പാലിനു ലഭിക്കേണ്ട തുകപോലുമില്ല. ഇത് ക്ഷീരമേഖലയെ താമസംവിനാ ഇല്ലാതാക്കും. യുവതലമുറ ക്ഷീരമേഖലയില്‍ ഇറങ്ങിവരുമ്പോള്‍ പാലിനും പാലുത്പ്പന്നങ്ങള്‍ക്കും വില ലഭിക്കുന്നില്ല. എന്നാല്‍ തീറ്റയുടെ വില കൂടുന്നുമുണ്ട്. തീറ്റ ചെലവ് കുറഞ്ഞാല്‍ മാത്രമേ ക്ഷീരകര്‍ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരു. പുതിയ തലമുറ കാര്‍ഷിക മേഖലയിലേക്ക് വരുമെന്നത് പ്രതീക്ഷ മാത്രമാണ്.
ഉണ്ണികൃഷ്ണന് കൊട്ടാരക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: