ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ വിജയമുറപ്പിച്ച് രണ്ടാമൂഴത്തിന് യോഗി ആദിത്യനാഥും സംഘവും ഇറങ്ങുമ്പോള്‍ അങ്കത്തിനിറങ്ങാന്‍ പോലും കരുത്തില്ലാതെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ തോല്‍വി സമ്മതിച്ച മട്ടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക വാദ്ര എത്തുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കരുത്തുതെളിയിക്കുമെന്നായിരുന്നു പ്രചരണം. എന്നാലിപ്പോള്‍ പറയുന്നത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നാണ്.
ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ എസ്പിയോ ബിഎസ്പിയോ മറ്റു പ്രതിപക്ഷ കക്ഷികളോ നിലവില്‍ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയിട്ടില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ഈ നിലപാട് മാറ്റത്തിന് കാരണം. ഒറ്റയ്ക്ക് ബിജെപിയുമായി ഏറ്റുമുട്ടാനാവില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യത്തിലാകാമെന്ന നിലപാടില്‍ കോണ്‍ഗ്രസ് എത്തിയത്. ഈ പദ്ധതി ഇതുവരെ വിജയം കണ്ടിട്ടില്ല. എന്നാല്‍, അവസാന നിമിഷം വരെയും ഇതിനുള്ള സാധ്യത കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല. എസ്പിയെ കൂടെ കൂട്ടാനാണ് താത്പര്യമെങ്കിലും പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സഖ്യത്തിന് അനുകൂലമായി പ്രതികരിക്കാത്തത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. ബിഎസ്പിയെയും മായാവതിയെയും കേള്‍ക്കാന്‍ പോലുമില്ലാത്ത സ്ഥിതിയാണ്.
403ല്‍ 312 സീറ്റുമായാണ് ബിജെപി ഭരണത്തിലേറിയത്. കോണ്‍ഗ്രസിനാകട്ടെ ഏഴു സീറ്റും. ഇത്തവണ രണ്ടക്കം കടക്കുമോ എന്നതിനെക്കാള്‍ ഉള്ള സീറ്റുകള്‍ നിലനിര്‍ത്താനാകുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. സീറ്റുകള്‍ കുറഞ്ഞാലുണ്ടാകുന്ന നാണക്കേടില്‍ നിന്നു രക്ഷനേടാനാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന പ്രചരണത്തിന് പിന്നില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് വികസനത്തിന്റെ തേരോട്ടമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി യുപിയില്‍ നടത്തിയത്. ഇരട്ട എന്ജിന് സര്‍ക്കാരാണ് യുപിയിലേതെന്ന് മോദി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. വികസനം വാക്കിലല്ല പ്രവര്‍ത്തിയിലാണെന്ന് തെളിയിച്ചിരിക്കുകയാണ് യോഗി സര്‍ക്കാര്‍. രാമക്ഷേത്ര നിര്‍മാണവും കാശിയുടെ വീണ്ടെടുപ്പും ഇരട്ട എന്ജിന് സര്‍ക്കാര്‍ കൂടി ചേര്‍ന്നതിന്റെ ഫലമാണെന്ന് യുപിയിലെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: