മങ്കൊമ്പ്: കുട്ടനാട്ടില്‍ രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തില്‍ കനത്ത ഇടിവ്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ തുടര്‍ച്ചയായ മഴ, വെള്ളപ്പൊക്കം, മടവീഴ്ച എന്നിവയാണ് വിളവ് കുറയാന്‍ കാരണമായത്.
രണ്ടരലക്ഷം ക്വിന്റല്‍ നെല്ല് കുറഞ്ഞതായാണ് കണക്ക്. 5.10 ലക്ഷം ക്വിന്റല്‍ നെല്ലാണ് വിളവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംഭരിക്കാനായത് 2.86 ലക്ഷം ക്വിന്റല്‍ മാത്രമാണ്. പല പാടങ്ങളിലും മഴയില്‍ വെള്ളം കെട്ടിനിന്ന് നെല്ല് ചീഞ്ഞ് നശിച്ചിരുന്നു. സമയത്ത് കൊയ്ത്ത് നടക്കാതിരുന്നതും വിളവെടുപ്പിനെ ബാധിച്ചു. കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവും തിരച്ചടിയായി. വിളവെടുപ്പ് പ്രായം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് പല പാടങ്ങളിലും കൊയ്ത്ത് നടന്നത്.
കുട്ടനാട് പാക്കേജ് നടത്തിപ്പിലെ അപാകതയാണ് കൃഷി നാശത്തിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഒക്ടോബറില്‍ തുടങ്ങേണ്ട പുഞ്ചകൃഷി ഇത്തവണ ഡിസംബറോടെയാണ് ആരംഭിച്ചത്. ജില്ലയില്‍ ഭൂരിഭാഗം പാടശേഖരങ്ങളിലും കൃഷിയിറക്കുന്നത് പുഞ്ചകൃഷിയാണ്. രണ്ടാംകൃഷി പകുതി പാടശേഖരങ്ങളില്‍ മാത്രമാണ് നടക്കാറുള്ളത്. 2018ലെ പ്രളയത്തിന് ശേഷം എക്കല്‍ അടിഞ്ഞ് നല്ല വിളവാണ് കുട്ടനാട്ടില്‍ ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ കാലവര്‍ഷക്കെടുതിയില്‍ പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല.
കൊവിഡ് പ്രതിസന്ധിക്കിടയില്‍ കടം വാങ്ങി കൃഷിയിറക്കിയവര്‍ക്കാണ് വിളവ് കുറഞ്ഞത് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: