ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പും. ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായുള്ള സുകന്യ സമൃദ്ധി യോജന നിക്ഷേപം പോസ്റ്റല്‍ വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ സേവനം പരമാവധി ആളുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് വനിതാ ശിശുവികസന വകുപ്പ് പദ്ധതിയുമായി സഹകരിക്കുന്നത്.
എല്ലാ സാമ്പത്തിക വര്‍ഷത്തിലും അക്കൗണ്ടിലേക്ക് നിര്‍ബന്ധമായും കുറഞ്ഞ തുക നിക്ഷേപിക്കേണ്ടതുണ്ട്. 2020 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എസ്എസ്വൈ അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രതിവര്‍ഷം 7.6 ശതമാനമാണ്. ഇത് വാര്‍ഷിക അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കും. പോസ്റ്റ് ഓഫീസ് സേവിങ് ബാങ്ക് പലിശ നിരക്ക് നിലവില്‍ നാലു ശതമാനമാണ്. നിലവില്‍ 1961ലെ ഐടി ആക്ടിന്റെ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന സ്കീം അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ഏത് തുകയും പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയില്‍ നിന്ന് ഒഴിവാക്കും. അക്കൗണ്ടിന് നോമിനേഷന് നിര്‍ബന്ധമാണ്. പെണ്‍കുട്ടിയുടെ 15 വയസുവരെ പദ്ധതി തുടരാം.
21 വയസാകുമ്പോള്‍ കാലാവധി പൂര്‍ത്തിയാകും. 18 വയസ് മുതല്‍ പെണ്‍കുട്ടിക്ക് അക്കൗണ്ട് സ്വന്തമായി കൈകാര്യം ചെയ്യാം. ഉന്നത വിദ്യാഭ്യാസത്തിനായി കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ എന്ന ക്രമത്തില്‍ നിക്ഷേപത്തിന്റെ പരമാവധി 50 ശതമാനം രേഖകളോടെ പിന്‍വലിക്കാം. പരമാവധി അഞ്ചുതവണ വരെ പിന്‍വലിക്കാന്‍ അവസരമുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിക്ക് മാത്രമേ പണം നല്‍കൂ. പലിശ നിരക്ക് അതത് സമയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മുഖേന അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: