മുംബൈ: ടാറ്റ സണ്‍സ് ചെയര്മാന് രത്തന്‍ ടാറ്റയുടെ ആധികാരിക ജീവചരിത്രത്തം രചിക്കുന്നത് മലയാളിയായ തോമസ് മാത്യു. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ-വിതരണ അവകാശം ബ്രിട്ടനിലെ പ്രമുഖ പുസ്തക പ്രസിദ്ധീകരണക്കമ്പനിയായ ഹാര്‍പര്‍ കോളിന്‍സ് സ്വന്തമാക്കിയത് രണ്ട് കോടിയിലധികം രൂപയ്ക്ക്. 2022 നവമ്പറില്‍ പുസ്തകം പുറത്തിറങ്ങും. ജീവചരിത്രത്തിന്റെ എല്ലാ ഭാഷകളിലുമുള്ള അച്ചടി, ഇ-ബുക്ക്, ഓഡിയോ ബുക്ക് എന്നിവയുടെ ആഗോളതലത്തിലുള്ള പ്രസിദ്ധീകരണ, വിതരണ അവകാശമാണ് ഹാര്‍പര്‍ കോളിന്‍സ് സ്വന്തമാക്കിയത്.
ഒരു ജീവചരിത്രപുസ്തകം ഇത്രയും വലിയ തുകയ്ക്ക് ഇന്ത്യയില്‍ വിറ്റുപോവുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. രത്തന്‍ ടാറ്റയുടെ കുട്ടിക്കാലം, കോളെജ് ജീവിതം, ആദ്യകാലത്ത് അദ്ദേഹത്തിന് പ്രചോദനമായ ടാറ്റയിലെ മഹാരഥന്മാര്, നാനോ കാര്‍ പദ്ധതി, ടാറ്റ സ്റ്റീല്‍ ബ്രിട്ടീഷ് കമ്പനിയായ കോറസിനെ സ്വന്തമാക്കിയ നീക്കം, സൈറസ് മിസ്ട്രിയുടെ കടന്നുവരവും പുറത്താക്കലും അങ്ങിനെ നിര്‍ണ്ണായകമായ ഒട്ടേറെ ജീവിത സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തില്‍ എത്തുന്നു. ഇദ്ദേഹത്തെ രൂപപ്പെടുത്തിയ അനുഭവകഥകള്‍, വിദ്യാര്‍ത്ഥി എന്ന നിലയില്‍ അമേരിക്കയില്‍ ചെലവഴിച്ച കാലം, ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്, എന്നിവയും പരാമര്‍ശവിഷയമാണ്. ടാറ്റയുടെ ബിസിനസ് തന്ത്രങ്ങള്‍, നേതൃത്വപരമായ കാഴ്ചപ്പാടുകള്‍, വ്യക്തിപരമായ സത്യസന്ധത എന്നിവയും പുസ്തകത്തിന്റെ കാതലായിരിക്കും. രണ്ടു ഭാഗങ്ങളായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലീഷിലും മറ്റ് പ്രധാന ഭാഷകളിലും പുസ്തകം ഇറങ്ങും.
പുസ്തകത്തിന്റെ വിതരണാവകാശം വാങ്ങാന്‍ ആഗോളതലത്തിലാണ് ലേലം നടന്നത്. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ അനീഷ് ചാണ്ടിയുടെ ലാബറിന്ദ് ലിറ്റററി ഏജന്‍സിയില്‍ നിന്നാണ് ഹാര്‍പര്‍ കോളിന്‍സ് അവകാശം വിലയ്ക്ക് വാങ്ങിയത്. ലോകത്തെ തന്നെ മാറ്റിയെഴുതിയ ഏറെ പ്രചോദനം പകരുന്ന രത്തന്‍ടാറ്റയുടെ ജീവിത കഥ അനിതരസാധാരണമായ ഒന്നായിരിക്കുമെന്ന് ഹാര്‍പര്‍ കോളിന്‍സ് സിഇഒ അനന്തപത്മനാഭന് പറഞ്ഞു.
സ്വതന്ത്രഇന്ത്യയില് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജീവചരിത്രഗ്രന്ഥമായിരിക്കും ഇതെന്ന് ഹാര്‍പര്‍ കോളിന്‍സ് എക്സിക്യൂട്ടീവ് പബ്ലിഷര്‍ ഉദയന്‍ മിത്ര പറഞ്ഞു. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഡീഷണല്‍ സെക്രട്ടറിയും കേരള കാഡര്‍ 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ തോമസ് മാത്യുവാണ് ജീവചരിത്ര രചന നടത്തുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹം വിപുലമായ ഗവേഷണമാണ് നടത്തിയത്. പുസ്തകരചനയ്ക്ക് സഹായകരമായ ടാറ്റയുടെ കത്തിടപാടുകള്‍, ഫൊട്ടോഗ്രാഫുകള്‍ തുടങ്ങിയവയെല്ലാം ഇദ്ദേഹത്തിന് ലഭ്യമായിരുന്നു. ഇദ്ദേഹം 2018മുതലേ ഇതിനായി ഗവേഷണം നടത്തിവരികയാണ്. ഈ ജീവചരിത്രത്തിന്റെ ഒടിടി പ്ലാറ്റ് ഫോം, സിനിമാ തിരക്കഥ എന്നിവയുടെ അവകാശം തോമസ് മാത്യുവിനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: