ചെന്നൈ: സംഘടിത മതപരിവര്‍ത്തനം അനുവദനീയമല്ലെന്നും മതവിശ്വാസികളുടെ തല്‍സ്ഥിതി നിലനിര്‍ത്തേണ്ടത് വളരെ പരമപ്രധാനമാണെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ഹിന്ദുമതവിശ്വാസത്തിനെതിരെ വിദ്വേഷപ്രസംഗം നടത്തിയതിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ പുരോഹിതനായ പി. ജോര്‍ജ് പൊന്നയ്യ നല്കി ഹര്‍ജി തള്ളിക്കൊണ്ടാണ് മതംമാറ്റം സംബന്ധിച്ച് ഹൈക്കോടതി ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയത്.
മതപരിവര്‍ത്തനം സംബന്ധിച്ച് വളരെ ഗുരുതരമായ അട്ടിമറിയാണ് നടക്കുന്നതെന്നും ഇക്കാര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്താനായില്ലെങ്കില്‍ ആപത്കരമായ അവസ്ഥയായിരിക്കും ഉണ്ടാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തിപരമായി മതംമാറാനുള്ള അവകാശം ഭരണഘടന നല്‍കുന്നത് ബഹുമാനിക്കേണ്ടതാണ്. എന്നാല്‍ മതംമാറ്റം ഒരു സംഘടിത അജണ്ടയായിരിക്കരുതെന്നും ജസ്റ്റിസ് സ്വാമിനാഥന് ചൂണ്ടിക്കാട്ടി.
മതത്തിന്റെ പേരിലാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. വിഭജനത്തിന്റെ പേരിലുണ്ടായ കലാപങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് മരിച്ചത്. അതുകൊണ്ടുതന്നെയാണ് ഭരണഘടനാശില്‍പ്പികള്‍ മതേതരത്വസംവിധാനം വിഭാവനം ചെയ്തത്. ഒരാള്‍ക്ക് സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതിനും പ്രചരണം നടത്തുന്നതിനും അത് സ്വാതന്ത്ര്യം നല്കുന്നു. ബഹുസ്വരത നിലനിര്‍ത്തുന്നതിലൂടെ മാത്രമെ മുന്നോട്ടുപോകുവാനാവുകയുള്ളു. മതപരമായ ജനസംഖ്യയുടെ തല്‍സ്ഥിതി നിലനിര്‍ത്തേണ്ടതുണ്ട്.
ദിലീപ് കുമാറാണ് എ.ആര് റഹ്മാനായത്. സംഗീത സംവിധായകന് യുവന്‍ശങ്കര്‍ രാജ മുസ്ലിമായി. ഇതെല്ലാം തികച്ചും വ്യക്തിപരമാണ്. എന്നാല്‍ മതംമാറ്റത്തിന്റെ സംഘടിതഅജണ്ട വളരെ അപകടമാണ്. ചരിത്രത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിരീക്ഷിച്ചു. വിദ്വേഷകരമായ ഇത്തരം പ്രസംഗത്തിനു നേരെ ഭരണകൂടത്തിന് കണ്ണടയ്ക്കുവാനാകില്ല. കന്യാകുമാരി ജില്ലയില്‍ വലിയ അനുയായികളുള്ള ഒരു പുരോഹിതനാണ് ഈ പ്രസംഗം നടത്തിയതെന്നത് അവഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണം നടത്തിക്കൊണ്ടായിരുന്നു പി. ജോര്‍ജ് പൊന്നയ്യയുടെ വിദ്വേഷ പ്രസംഗം. അരുമനൈ പോലീസാണ് പരാതിക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: