തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് ഉയരുന്നു. കോവിഡ് മരണവും അരലക്ഷത്തിലേക്ക് എത്തി. ഇതോടെ സംസ്ഥാനത്തെ മരണ നിരക്ക് ദേശീയ ശരാശരിയിലേക്ക് അടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ദേശീയ ശരാശരി 1.37 ആയപ്പോള്‍ കേരളത്തിലെ മരണ നിരക്ക് 0.93ലെത്തിയിരിക്കുകയാണ്.
കേരളം മറച്ചുവെച്ച് കോവിഡ് മരണ കണക്കുകള്‍ നഷ്ടപരിഹാര പ്രഖ്യാപനത്തോടെ പുറത്തുവിട്ടതോടെയാണ് ഇത്തരത്തില്‍ ഉയരാന്‍ തുടങ്ങിയത്. മൊത്തം മരണക്കണക്കില്‍ കേരളം ഇപ്പോള്‍ രണ്ടാമതാണ്. മഹാരാഷ്ട്രയാണ് ഒന്നാമതുള്ളത്. 1.41 ലക്ഷത്തിലധികം കോവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ മരണം 49,547 ആണ്.
കോവിഡിന്റെ ഒന്നാം തരംഗ കാലത്ത് രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലാണെന്നുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന അവകാശവാദമായിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരം മരണം കണക്കാക്കുന്നതില്‍ മാറ്റം വരുത്തേണ്ടി വന്നതിനൊപ്പം, നേരത്തെ മറച്ചുവെച്ച മരണങ്ങള് പിന്നീട് ചേര്‍ക്കേണ്ടി വന്നതോടെയാണ് ചിത്രം മാറിയത്. 25,000ത്തിലധികം മരണമാണ് അപ്പീലിലൂടെ മാത്രം ചേര്‍ത്തത്. മരണം അരലക്ഷം കടക്കുമ്പോള്‍ കോവിഡ് മരണപ്പട്ടികയില്‍ ചേര്‍ക്കാന്‍ 10,141 അപേക്ഷകള്‍ ഇനിയും ബാക്കിയുണ്ട്. ഇത് കൂടി ചേര്‍ക്കുമ്പോള്‍ മരണ നിരക്ക് ഇനിയും ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: