കോഴിക്കോട്: ഒമ്പതു വര്‍ഷം മുമ്പ്, കേരളത്തിന്റെ ഹൈ സ്പീഡ് റെയില്‍വെ പദ്ധതി മുടക്കാന്‍ മുന്നില്‍ നിന്ന ആളാണ് ഇപ്പോള്‍ സെമി സ്പീഡ് റെയില്‍വെയ്ക്ക് പിന്നില്‍ സക്രിയമായുള്ളത്. എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി, അന്ന് മുടക്കിയില്ലായിരുന്നെങ്കില്‍ 2022ല്‍ ഹൈ സ്പീഡ് പാത ഭാഗികമായെങ്കിലും പ്രവര്‍ത്തന സജ്ജമായേനെ.
ഇപ്പോള്‍ ഹൈ സ്പീഡിനെ സെമി സ്പീഡാക്കി മാറ്റി, അതിന് കേരളത്തിന്റെ സ്വന്തം ഫണ്ട് കണ്ടെത്തല്‍ സംരംഭവുമൊക്കെയായി, എന്തു വന്നാലും പണിയുമെന്ന് വീമ്പിളക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും ഭരണകക്ഷിയെയും വീര്യപ്പെടുത്തുന്നത് ഹൈ സ്പീഡ് പദ്ധതി മുടക്കിയ അന്നത്തെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു.
ഹൈ സ്പീഡ് റെയില്‍ പദ്ധതിക്ക് സാധ്യത ആരാഞ്ഞത് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്, 2011ല്‍. എളമരം കരീം വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെയാണ് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഇതിനുള്ള സാധ്യത പഠിക്കാന്‍ ഏല്‍പ്പിച്ചത്. അവര്‍ സാധ്യതയും സന്നദ്ധതയും അറിയിച്ചു, അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നു, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. 2013ല്‍ ഈ പദ്ധതി തുടങ്ങാന്‍ ധാരണയായി. എന്നാല്‍ അന്നത്തെ ഫിനാന്‍സ് സെക്രട്ടറി കെ.എം. എബ്രഹാം പദ്ധതി നടപ്പാക്കാനാവില്ലെന്ന് തടസ്സം പറഞ്ഞു. ഈ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്തെങ്കിലും കെ.എം. എബ്രഹാമിന്റെ തടസ്സത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പദ്ധതി മുടങ്ങി.
എട്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു തയാറെടുപ്പുകള്‍. എന്നാല്‍, 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതോടെ ഹൈ സ്പീഡ് റെയില്‍ മാത്രമല്ല, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളും മുടങ്ങി. എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. അന്ന് അത് മുടങ്ങിയിരുന്നില്ലെങ്കില്‍, ഇന്ന് ഹൈ സ്പീഡ് സര്‍വീസ് നടത്തിയേനെ. 10 നിര്‍ണായക വര്‍ഷങ്ങളാണ് പാഴാക്കിയത്,’ അന്ന് പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയ ഡിഎംആര്‍സി തലവന്‍ ഇ. ശ്രീധരന് ജന്മഭൂമിയോട് പറഞ്ഞു.
കെ.എം. എബ്രഹാം 2017ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന്, ആദ്യ പിണറായി സര്‍ക്കാരിലെ കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. 2021ല്‍, സ്വര്‍ണക്കടത്ത് കേസില്‍ ആരോപിതനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കര്‍ പുറത്തായപ്പോള്‍ പിണറായിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. സിവില്‍ എന്‍ജിനീയറിങ് ബിരുദവും ഡോക്ടറേറ്റുമുള്ള അദ്ദേഹമാണ് ഇപ്പോള്‍ സെമി സ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന്് പിണറായി സര്‍ക്കാരിനെ ഉപദേശിക്കുന്നത്. പത്തു വര്‍ഷം മുമ്പ്, ഫിനാന്‍സ് സെക്രട്ടറിയും ശേഷം ചീഫ് സെക്രട്ടറിയുമായിരുന്ന ഉദ്യോഗസ്ഥന് അന്നത്തെക്കാള്‍ മോശം സാമ്പത്തിക സ്ഥിതിയില്‍ ഇന്ന് സെമി സ്പീഡ് പാതയ്ക്കുവേണ്ടി സര്‍ക്കാരിനെ ഉപദേശിക്കുന്നുവെന്നത് വിചിത്രമായാണ് നിരീക്ഷിക്കപ്പെടുന്നത്.
അന്ന് ഹൈ സ്പീഡ് റെയില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണം പറയാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ മുന്‍ ഫിനാന്‍സ് സെക്രട്ടറിയും ഇപ്പോള്‍ കിഫ്ബി സിഇഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടിയുമായ കെ.എം. എബ്രഹാമോ തയാറാകാത്തതെന്ത് എന്ന ചോദ്യം ശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: