കാറ്റാണ് ഷിക്കാഗോയുടെ മുഖമുദ്ര. വിശേഷണം തന്നെ കാറ്റിന്റെ നഗരം എന്നാണ്. അതു ശരിയാണെന്ന് അവിടെ കാലുകുത്തിയപ്പോഴേ ബോധ്യപ്പെടുകയും ചെയ്തു. ശീതകാലത്തിന്റെ തുടക്കമായിരുന്നു. നവംബറിന്റെ മദ്ധ്യം. എടുത്തു കുടയുന്ന തണുപ്പ്. വിശ്രമമില്ലാതെ വീശുന്ന കാറ്റ്, രോമകൂപങ്ങളിലൂടെ തണുപ്പിനെ തുളച്ചു കയറ്റും. തണുപ്പല്ല, കാറ്റാണ് പ്രശ്നം. ഇതു വെറും കാറ്റല്ല. തണുപ്പുകാലം മാറിയാലും ഈ കാറ്റ് മാറില്ല.
കാലഭേദങ്ങള്‍ക്ക് വഴങ്ങാതെ, ഋതുക്കളുമായി കൈകോര്‍ത്തുകൊണ്ട്, നഗരത്തെ നിരന്തരം തഴുകുന്ന ആ കാറ്റ് ഒരുപാട് കഥകള്‍ പറയും. ചരിത്രത്തിലേക്ക് ആഴത്തില്‍ വേരൂന്നിയ അത്തരം കഥകളിലൂടെ പ്രപഞ്ചത്തെ ആകെ തഴുകുന്ന കാറ്റാണത്. ലോകത്തെങ്ങും അലയടിക്കുന്ന ചില സന്ദേശങ്ങള്‍ അതിന്റെ മൂളലില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ഭാരതീയര്‍ എന്ന നിലയില്‍ നമുക്കും അഭിമാനം പകരാന്‍ ചിലതൊക്കെ അതിലുണ്ട്.
ന്യൂയോര്‍ക്കിനും ലോസഞ്ചലസിനും പിന്നില്‍ അമേരിക്കയിലെ മൂന്നാമത്തെ വന്‍ നഗരമാണ് ഷിക്കാഗോ. പ്രകൃതി അണിയിച്ചൊരുക്കിയ സുന്ദരി. ലോസഞ്ചലസ് മറികടക്കും വരെ രണ്ടാം സ്ഥാനത്തായിരുന്നു. ഒരു ചെറിയ സെറ്റില്‍മെന്റ് എന്നനിലയില്‍ നിന്ന് 1800കളില്‍ അതിവേഗം വളര്‍ന്നു പൊങ്ങിയ നഗരം. അതിനിടെ ‘ദ് ഗ്രേറ്റ് ചിക്കാഗോ ഫയര്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭീകരമായ അഗ്നിതാണ്ഡവത്തെ അതിജീവിക്കുകയും ചെയ്തു. മുന്നൂറോളം പേരുടെ ജീവനെടുക്കുകയും ലക്ഷത്തിലധികംപേരെ ഭവനരഹിതരാക്കുകയും ചെയ്ത ആ തീ അണഞ്ഞിട്ട് നൂറ്റാണ്ട് കഴിഞ്ഞെങ്കിലും നാടിന്റെ മനസ്സിലെ കനല് അടങ്ങിയിട്ടില്ല. ആ ചാരത്തില്‍ നിന്ന് ഉയരുകയും ചെയ്തു.
ഇന്ന് വ്യാപാര, വാണിജ്യ, സാമ്പത്തിക, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ അമേരിക്കയുടെ മുന്‍പന്തിയില്‍ ഉണ്ട് ഷിക്കാഗോ. രാജ്യത്തെ ഏറ്റവും വലിയ റെയില്‍ ശൃംഖലയുടെ കേന്ദ്രം.സമ്പന്നമായ ജലസ്രോതസ്സാണ് നഗരത്തിന്റെ നിധി. അമേരിക്കയിലെ അഞ്ചു മഹാതടാകങ്ങളില്‍ ഒന്നായ ലേക്ക് മിഷിഗന്റെ ഓരം ചേര്‍ന്ന്, തിരകളുടെ ലാളനം ഏറ്റുവാങ്ങിയാണ് ഷിക്കാഗോയുടെ കിടപ്പ്. മറ്റു നാലു തടാകങ്ങളും അമേരിക്കയും കാനഡയുമായി അതിരു പങ്കിടുമ്പോള്‍ ലേക്ക് മിഷിഗന്‍ പൂര്‍ണമായും അമേരിക്കയ്ക്ക് ഉള്ളിലൊതുങ്ങുന്നു. തടാകക്കരയില്‍ എപ്പോഴും സഞ്ചാരികളുടെ തിരക്ക്. ലേക്ക് സൈഡ് ഹൈവെയിലൂടെയുള്ള നീണ്ട യാത്ര സുഖകരം. ആഞ്ഞടിക്കുന്ന തിരകള്‍ കണ്ടാല്‍ കടല്‍ തീരമാണെന്നേ തോന്നൂ. പക്ഷേ, തടാകത്തിന്റെ സ്വഭാവം അത്ര സുഖകരമല്ല. നിഗൂഢതകള്‍ ഉള്ളിലൊളിപ്പിച്ചാണ് പുറമെയുള്ള കളിചിരി. ‘മരണത്തിന്റെ തടാകം’ എന്ന വിശേഷണം യോജിക്കും. അവിടെ നീന്താനിറങ്ങി മരണത്തിനു കീഴടങ്ങിയവരുടെ സംഖ്യ വലുതാണ്. പലരെയും കാണാതായി. കാരണം ഇന്നും അവ്യക്തം. തിരകളുടെ പ്രഹരശേഷി താങ്ങാനാവാത്തതാണ് പ്രശ്നം എന്നത് ഒരു വെറും നിഗമനം മാത്രം. തടാകത്തില്‍ നിന്ന് പുറപ്പെടുന്ന ഷിക്കാഗോ നദി കൈവഴികളായി പിരിഞ്ഞു നഗരത്തിന്റെ സിരകളായി ഒഴുകുന്നു.
ചിക്കാഗോയുടെ പ്രത്യേകതകള്‍ പ്രധാനമായും മൂന്നാണ്. അതിലൊന്ന് ഈ കാറ്റ് തന്നെ. ലോക മത പാര്‍ലമെന്റില്‍, സ്വാമി വിവേകാനന്ദന് തന്റെ ചെറു പ്രസംഗം കൊണ്ട് ലോകത്തിനാകെ പുതിയ ഉണര്‍വും പ്രകാശവും പകര്‍ന്നത് ഇവിടെയാണ് എന്നത് അതിനേക്കാള്‍ വലിയ പ്രത്യേകത. ലോക തൊഴിലാളി ദിനമായി മെയ് ഒന്നിന്റെ ജനനം ഈ നഗരത്തിലാണെന്നത് മറ്റൊന്ന്. വിവേകാനന്ദ സ്വാമികളുടെ പ്രസംഗവും അതു നടന്ന മണ്ണും എന്നും മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. 1893ല്‍ ക്ഷണിതാവ് പോലും അല്ലതെ എത്തി, ‘അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ…’ എന്ന സംബോധനകൊണ്ട് തന്നെ, ശ്രോതാക്കളെ വിസ്മയിപ്പിച്ച പ്രസംഗത്തില്‍ സ്വാമി പറഞ്ഞ കാര്യങ്ങള്‍ക്ക് ഇന്നു പ്രസക്തി കൂടിവരുകയാണല്ലോ.
അതുകൊണ്ടു തന്നെ ഷിക്കാഗോയിലേക്കുള്ള യാത്ര ഒരു നിയോഗം പൊലെയാണ് തോന്നിയത്. തീര്‍ത്ഥാടകന്റെ മനസ്സോടെയായിരുന്നു അങ്ങോട്ടുള്ള യാത്ര. അവിടത്തെ രാജ്യാന്തര മാധ്യമ കോണ്‍ഫറന്‍സിലേക്കുള്ള ക്ഷണവുമായി ആദ്യ ഫോണ്‍കോള്‍ വന്നത് ന്യൂയോര്‍ക്കില്‍ നിന്നാണ്. മനോരമയിലെ പഴയ സഹപ്രവര്ത്തകന് ജോര്‍ജ് ജോസഫ് ആണ് മറുതലയ്ക്കല്‍. ഓര്‍മകളില്‍ നന്മ മാത്രമുള്ള ജോര്‍ജിന്റെ വിളി ഒരു നിമിത്തമായിരിക്കണം. ഉഴവൂര്ക്കാരന് ബിജു കിഴക്കേക്കൂറ്റ് പ്രസിഡന്റായ ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയില്‍ നിന്നാണ് ക്ഷണം.
സ്വാമികളുടെ പാദം പതിഞ്ഞ മണ്ണിലേക്കുള്ള ക്ഷണമായാണ് തോന്നിയത്. അതുകൊണ്ട്, മറുപടിക്ക് ഒട്ടും ചിന്തിക്കേണ്ടി വന്നുമില്ല. മൂന്നുദിവസത്തെ കോണ്‍ഫറന്‍സ് ഫലത്തില്‍ ഒരു കൂട്ടായ്മ കൂടിയായിരുന്നു. അമേരിക്കയില്‍ ഒരു കേരളം പിറന്നതുപോലെ. യുഎസിലെ എല്ലാ സ്റ്റേറ്റുകളില്‍ നിന്നുമുള്ള മലയാളി പത്രപ്രവര്‍ത്തകര്‍ ഗ്ലെന്‍വ്യൂവില്‍ ഒത്തുകൂടി. നാട്ടില്‍ നിന്ന് അഞ്ചു ചാനല്‍ താരങ്ങളും ഞാനും. പിന്നെ രാഷ്ട്രീയ രംഗത്ത് നിന്ന് ചില പ്രതിനിധികളും.
കോണ്‍ഫറന്‍സിന്റെ ഇടവേളയിലായിരുന്നു ആ യാത്ര. ഒപ്പം, എന്‍.കെ. പ്രേമചന്ദ്രന് എംപിയും ഭാര്യയും ഷിക്കാഗോയിലെ ആതിഥേയരില്‍ ഒരാളായ കിഴക്കേക്കുറ്റ് ചാക്കോയും കുടുംബാംഗം ജിബിറ്റും. അമേരിക്കയില്‍, പ്രകൃതി സ്വയം ചായം പൂശുന്ന ഓട്ടം സീസണായിരുന്നു. ഇല കൊഴിയും കാലം. മരങ്ങള്‍ വിവിധ വര്‍ണങ്ങള്‍ എടുത്തണിയുന്ന കാലം. കൊഴിയുന്ന ഇലകള്‍ മണ്ണില്‍ വര്‍ണരാജി തീര്‍ക്കും. ഗ്ലെന്‍വ്യൂവില്‍ നിന്ന് ഡൗണ്ടൗണിലേക്ക്, തടാക തീരത്തോട് ചേര്‍ന്നുള്ള യാത്രയിലുടനീളം, കണ്ടാലും കണ്ടാലും മതി വരാത്ത കാഴ്ച.
ഡൗണ്‍ ടൗണില്‍ സൗത്ത് മിഷിഗണ്‍ അവന്യുവിനോട് ചേര്‍ന്ന് പ്രസിദ്ധമായ ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഷിക്കേഗോ എന്ന മ്യൂസിയം തല ഉയര്‍ത്തി നില്ക്കുന്നു. നൂറ്റാണ്ടുകളിലെ കലാലോകത്തിലൂടെയുള്ളൊരു യാത്രയാണ് അതിലൊരുക്കിയിരിക്കുന്നത്. കണ്ടു തീര്‍ക്കാന്‍ ദിവസങ്ങളെടുക്കും. ദിവസേന പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന, ലോകത്തിലെ ഒന്നാം നിര മ്യൂസിയങ്ങളില്‍ ഒന്ന്.
മിഷിഗന്‍ അവന്യുവില്‍ ആ മ്യൂസിയത്തിനു മുന്നില്‍ ഒരു സൈന്‍ ബോര്‍ഡ്- ‘സ്വാമി വിവേകാനന്ദ വേ.’ കാണുമ്പോള്‍, ഏത് ഇന്ത്യക്കാരാനും എന്തെന്നില്ലാത്ത ഒരു വികാരം മനസ്സില്‍ നിറയും. ആ ബോര്‍ഡിന് അപ്പുറം ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് നില്ക്കുന്ന ഭാഗത്തായിരുന്നു മത പാര്‍ലമെന്റും സ്വാമിയുടെ പ്രസംഗവും.
”സഹിഷ്ണുതയെന്ന ആശയം വിവിധ ദേശങ്ങളിലേക്കു വഹിക്കുന്നതിനുള്ള ബഹുമതി വിദൂരജനതകളില്‍നിന്നു വന്ന ഈ ആളുകള്‍ക്കു തികച്ചും അവകാശപ്പെടാമെന്നു പൗരസ്ത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോടു ചിലര്‍ പറഞ്ഞുവല്ലോ; ഈ മണ്ഡപത്തിലുള്ള അവര്‍ക്കും എന്റെ നന്ദി. സഹിഷ്ണുതയും സൗര്വലൗകിക സ്വീകാരവും; രണ്ടും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായിയെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല സര്‍വമതങ്ങളും സത്യമെന്നു സ്വീകരിക്കയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വരാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ഥികള്‍ക്കും അഭയമരുളിയതാണ് എന്റെ ജനതയെന്നതില്‍ ഞാനഭിമാനിക്കുന്നു…” സ്വാമികളുടെ മന്ത്രസമാനമായ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നതുപോലെ തോന്നി.
സിംഹങ്ങള്‍ ദ്വാരപാലകരായി നില്ക്കുന്ന വിശാലമായ പടികള്‍ കയറിയാല്‍ വോളന്റിയര്‍മാര്‍ നമ്മളെ നയിക്കും. മ്യൂസിയത്തിന്റെ വടക്കു ഭാഗത്ത് മെയിന്‍ ~ോറിലെ ലോബിയില്‍ ആണ് സ്വാമികളുടെ ഓര്‍മ്മകള്‍ വാടാതെ നില്ക്കുന്ന ഭാഗം.
സ്വാമികള്‍ പ്രസംഗിച്ച സ്ഥലത്ത് ഇന്ന് ഒരു ചെറിയ ഓഡിറ്റോറിയവും പ്രസംഗ മണ്ഡപവുമുണ്ട്. ഓഡിറ്റോറിയത്തിന് പേര് ഫുള്ളര്‍ട്ടന്‍ ഹാള്‍. 1893ല്‍ സ്വാമികള്‍ പ്രസംഗിക്കുമ്പോള്‍ അവിടം ഒരു ഓപ്പണ്‍ കോര്‍ട്ട് മാത്രം ആയിരുന്നു എന്ന് വാളണ്ടിയര്‍ വിശദീകരിച്ചു. 1898ല്‍ ആണ്, പഴമയുടെ മനോഹാരിത നിറഞ്ഞ ഈ ഹാള്‍ നിര്‍മിച്ചത്. ഇന്നവിടെ ലക്ചറുകളും സംഗീത, നൃത്ത, സിനിമ പരിപാടികളും മറ്റും അവതരിപ്പിക്കപ്പെടുന്നു.
ഹാളിന് വെളിയില്‍ സ്വാമികളുടെ ചിത്രവും പ്രശസ്തമായ ആ സംബോധനയും ഒരു പ്രശംസാവാചകവും ഫലകത്തിലാക്കി വച്ചിരിക്കുന്നു. പ്രസംഗത്തിന്റെ പൂര്‍ണരൂപവും ലഭ്യമാണ്.
തൊട്ടടുത്തുള്ള വേറൊരു ഫളോറിലെ ലിഖിതം ഇങ്ങനെ:
“On November 11, 1995, the stretch of Michigan Avenue that passes in front of the Art Institute was formally conferred the honorary name ‘Swami Vivekananda Way’
ഹാളില്‍ പ്രവേശിക്കാം. ചിത്രങ്ങള്‍ എടുക്കാം. വലിയ ശബ്ദത്തിലുള്ള സംസാരവും വീഡിയോയും ഒഴിവാക്കണമെന്ന് വിനയപൂര്‍വം വോളണ്ടിയര്‍ വനിത നിര്‍ദേശിച്ചു. അതൊന്നുമല്ലല്ലോ, അനുഭവമാണല്ലോ പ്രധാനം എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് പ്രവേശിച്ചു.
പ്രസംഗ മണ്ഡപത്തില്‍ കയറി നിന്ന് സ്വാമികളെ അനുകരിച്ചു പ്രസംഗിക്കുകയും അതു ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്ന, ഒരു വ്യക്തിയെ തെല്ലു തമാശയോടെയും കൗതുകത്തോടെയും നോക്കിനിന്നു. ഊഴം കഴിഞ്ഞപ്പോള്‍, അത് ആവര്‍ത്തിക്കാന്‍ സദയം എനിക്കും അദ്ദേഹത്തിന്റെ ക്ഷണം വന്നു. ആദരപൂര്‍വം നിരസിക്കുകയും ചെയ്തു. ആ നിലം തൊട്ടു തലയില്‍ വയ്ക്കുമ്പോള്‍ കിട്ടുന്ന നിര്വൃതിയെക്കാള് വലുതല്ല മറ്റൊന്നും എന്ന് അനുഭവം മനസ്സില്‍ മന്ത്രിച്ചു.
അതൊരു സായുജ്യത്തിന്റെ മുഹൂര്‍ത്തമായിരുന്നു. മനസ്സിലും ഞരമ്പുകളിലും നിറയുന്ന, സാംസ്കാരിക ബോധമോ ദേശീയ ബോധമോ പൈതൃക ബോധമോ, ഇവയെല്ലാം ചേര്‍ന്നതോ ആയ ഒരു വികാരവും ആവേശവും. ഭാരതീയന് എന്ന നിലയില്‍, ലോകത്തിന്റെ നിറുകയില്‍ തൊട്ട പ്രതീതി.
തന്റെ മുടിക്കെട്ടില്‍ കയറി നില്ക്കുന്ന ടെന്‍സിങ്ങിനെയും ഹിലാരിയെയും, വാത്സല്യത്തോടെ ശ്രദ്ധിക്കുന്ന ഹിമാവാനേ വര്‍ണിക്കുന്നുണ്ടല്ലോ വയലാര്‍ തന്റെ കവിതയില്‍. ഇവിടെ, രണ്ടു നൂറ്റാണ്ടോളം മുന്‍പ് സ്വാമികള്‍ തന്റെ വാക്കുകള്‍ക്കൊണ്ട് ലോകത്തിന്റെ നിറുകയില്‍ എത്തിയപ്പോള്‍ പ്രപഞ്ചമാകെ ആദരവോടെ നോക്കി നിന്നിട്ടുണ്ടാകും. ആ കൊടുമുടിയില്‍ നമ്മളും കയറിനില്ക്കുന്നതു പോലൊരു തോന്നല്‍.
ഷിക്കാഗോയിലേക്ക് പുറപ്പെടും മുന്‍പ് തന്നെ മനസ്സില്‍ കുറിച്ചിട്ടതായിയിരുന്നു ഈ സന്ദര്‍ശനം. ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഹിന്ദു ദേവീദേവന്മാരുടെയും ശ്രീബുദ്ധന്റെയും ഒട്ടേറെ ശില്പ്പങ്ങള് കാണാം. നാട്ടിലെ ക്ഷേത്രങ്ങളില്‍ കാണുന്ന അതേപോലുള്ളവ. കേരളത്തിലെ ഒരു അമ്പലത്തില്‍ പോയ പ്രതീതി.
പിന്നെ, നിറഞ്ഞ മനസ്സോടെ മടക്കം. തടാകത്തിരകളുടെ സംഗീതവും പ്രകൃതിയുടെ അസൂയാവഹമായ വര്‍ണഭംഗിയും ആസ്വദിച്ചുകൊണ്ട്. ഇനി യാത്ര മെയ് ദിനത്തിന്റെ ചരിത്രത്തിലേക്ക്. ഷിക്കാഗോയുടെ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നൊരു കഥയുണ്ട് അതിന്. ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും കുടിയേറ്റങ്ങളുടെയും അസ്വസ്ഥതകളുടെയും ചരിത്രം. അമേരിക്ക അംഗീകരിക്കാത്ത തൊഴിലാളി ദിനം ലോക കമ്യൂണിസം അംഗീകരിച്ച കഥ. അതു പിന്നാലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: