ചെന്നൈ: ഭാരതമാതാവിനെ അധിക്ഷേപിക്കുന്നത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതിനുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും അവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ പ്രകാരമുള്ള ശിക്ഷ നല്‍കുമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ പ്രകാരം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മതത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടു നടത്തുന്ന മനപൂര്‍വ്വമുള്ള പ്രവര്‍ത്തിക്ക് തടവുശിക്ഷയാണ് നല്‍കുക. പറയുന്നതോ എഴുതുന്നതോ ആയ വാക്കുകൊണ്ടോ ചിഹ്നം കൊണ്ടോ ഒരു പ്രത്യേക വിഭാഗത്തിന്റെ മതവിശ്വാസത്തെയോ മതത്തെയോ അപമാനിക്കാന്‍ ശ്രമിക്കുന്നതിന് തടവ് ശിക്ഷ നല്‍കുമെന്നാണ് 295എ പറയുന്നത്.
ഈ വകുപ്പ് കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്. സ്വാമിനാഥന് കതോലിക്ക പുരോഹിതനായ ജോര്‍ജ്ജ് പൊന്നയ്യക്കെതിരായ കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ല. 2021 ജൂലായില്‍ ഹിന്ദുക്കളെയും ഭാരതമാതാവിനെയും പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അധിക്ഷേപിക്കുന്ന ജോര്‍ജ്ജ് പൊന്നയ്യയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതേ തുടര്‍ന്ന് അന്ന് ജോര്‍ജ്ജ് പൊന്നയ്യയ്ക്കെതിരെ 295എ (മതവികാരം വ്രണപ്പെടുത്തല്‍), 143 (നിയമവിരുദ്ധമായി കൂട്ടംചേരല്‍), 505(2) (വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുതയോ വെറുപ്പോ സൃഷ്ടിക്കുന്ന പ്രസ്താവന), 506(1) (ക്രിമിനല്‍ സ്വഭാവത്തിലുള്ള ഭീഷണിപ്പെടുത്തല്‍), 269 (രോഗം പരത്തല്‍, പകര്‍ച്ചവ്യാധി നിയമത്തിലെ മൂന്നാം സെക്ഷന്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
എന്നാല്‍ തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പിന്നീട് പാസ്റ്റര്‍ ജോര്‍ജ്ജ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹിന്ദുമതത്തിനെതിരായ വിമര്‍ശനം മാത്രമാണ് താന്‍ നടത്തിയതെന്നും അല്ലാതെ അത് മതവിദ്വേഷപ്രസംഗമല്ലെന്നുമായിരുന്നു പാസ്റ്റര്‍ ജോര്‍ജ്ജിന്റെ വാദം. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഈ വാദം തള്ളി. ‘ഹിന്ദുമതത്തെ പൂര്‍ണ്ണമായല്ല, ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയാല്‍ പോലും 295എ ചുമത്തും. മുഴുവന്‍ ഹിന്ദുക്കളുടെയും വികാരം വ്രണപ്പെടണമെന്നില്ല, പകരം ഏതെങ്കിലും ഒരു വിഭാഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടാല്‍ പോലും 295എ പ്രകാരം ശിക്ഷ ലഭിക്കും,’ ജസ്റ്റിസ് സ്വാമിനാഥന് പറഞ്ഞു.
‘ഭാരത മാത എന്നത് വലിയൊരു വിഭാഗം ഹിന്ദുക്കളുടെ വൈകാരിക അഭിമാനമാണ്. ദേശീയ പതാക വഹിച്ചാണ് അവരെ സാധാരണ ചിത്രീകരിക്കുന്നത്. പല ഹിന്ദുക്കള്‍ക്കും അവര്‍ ദൈവം പോലെയാണ്. ഭാരത മാതയെയും ഭൂമി ദേവിയെയും അധിക്ഷേപിച്ചാല്‍ പ്രഥമദൃഷ്ട്യാ തന്നെ 295എ ചുമത്താം’- ജസ്റ്റിസ് സ്വാമിനാഥന് പറഞ്ഞു.
ആദ്യം തെറ്റുചെയ്യുകയും പിന്നീട് നിരപരാധിയാണെന്ന് പറയുകയും ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും സ്വാമിനാഥന് അഭിപ്രായപ്പെട്ടു. കന്യാകുമാരി ജില്ലിയില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള യോഗത്തിലാണ് കാതോലിക്കാ പുരോഹിതനായ ജോര്‍ജ്ജ് പൊന്നയ്യ ഭാരതാംബയ്ക്കെതിരെ ആഞ്ഞടിച്ചത്. ‘പരാതിക്കാരന്റെ (ഫാദര്‍ ജോര്‍ജ്ജ് പൊന്നയ്യയുടെ) പ്രസംഗം സംശയത്തിനിടയില്ലാത്തതാണ്. അദ്ദേഹം ഹിന്ദു സമുദായത്തെത്തന്നെയാണ് ലക്ഷ്യംവെച്ചിട്ടുള്ളത്. ഹിന്ദുസമുദായത്തെ ഒരു വശത്തും ക്രിസ്ത്യന്‍, മുസ്ലിം സമുദായത്തെ മറുവശത്തും നിര്‍ത്തിയാണ് അദ്ദേഹം സംസാരിച്ചത്. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിന് എതിരെ നിര്‍ത്തിയാണ് അദ്ദേഹം വിമര്‍ശിച്ചത്. പരാതിക്കാരന് തുടര്‍ച്ചയായി ഹിന്ദു സമുദായത്തെ അധിക്ഷേപിച്ചു. അതിനാല്‍ കേസ് പിന്‍വലിക്കാനാകില്ല. ‘- ജസ്റ്റിസ് സ്വാമിനാഥന് വിധിന്യായത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: