സിഡ്നി: രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി റിക്കാര്‍ഡ് കുറിച്ച ഉസ്മാന് ഖവാജയുടെ മികവില്‍ ഓസ്ട്രേലിയ മുന്നോട്ടുവച്ച 388 വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ മുപ്പത് റണ്‍സ് എടുത്തു. ഒരു ദിവസത്തെ കളി ശേഷിക്കെ അവര്ക്ക്് ഇനി 358 റണ്‍സ് വേണം. പത്ത് വിക്കറ്റും കൈവശമുണ്ട്. ഓപ്പണര്‍മാരായ സാക്് ക്രോളിയും (22) ഹസീബ് ഹമീദും (8) പുറത്താകാതെ നില്ക്കുന്നു.
ഒന്നാം ഇന്നിങ്സില്‍ 122 റണ്‍സ് ലീഡ് നേടിയ ഓസ്ട്രേലിയ ആറു വിക്കറ്റിന് 265 റണ്‍സ് നേടി രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 388 റണ്‍സായത്. ഉസ്മാന് ഖവാജയുടെ സെഞ്ച്വറിയാണ് ഓസീസിന്റെ സ്കോര്‍ ഉയര്‍ത്തിയത്. ഖവാജ 101 റണ്‍സുമായി പുറത്താകാതെ നിന്നു. 138 പന്ത്് നേരിട്ട ഖവാജ പത്ത് ഫോറും രണ്ട് സിക്സറും അടിച്ചു. ഏറെക്കാലത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ ഖവാജ ആദ്യ ഇന്നിങ്സിലും സെഞ്ച്വറി (137) കുറിച്ചിരുന്നു.
സിഡ്നിയില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് ഖവാജ. 1968-69 ല്‍ വിന്‍ഡീസിനെതിരെ ഡഗ് വാള്‍ട്ടേഴ്സാണ് സിഡ്നി ഗ്രൗണ്ടില്‍ ആദ്യമായി രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയത്. 2005-06 സീസണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ റിക്കി പോണ്ടിംഗ് ഈ നേട്ടം കൈവരിച്ചിരുന്നു. ആഷസ് പരമ്പരയില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ശതകം കുറിക്കുന്ന ഒമ്പതാമത്തെ താരം കൂടിയാണ് ഖവാജ.
ഇന്നലെ ഏഴു വിക്കറ്റിന് 258 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 294 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെയാണ് ഓസീസിന് 122 റണ്‍സ് ലീഡ് ലഭിച്ചത്. ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 416 റണ്‍സാണ് എടുത്തത്. 103 റണ്‍സുമായി കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന ജോണി ബെയര്‍സ്റ്റോ 113 റണ്‍സിന് കീഴടങ്ങി.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയയക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (3) നഷ്ടമായി. മാര്‍ക്കസ് ഹാരിസ് (27), മാര്‍നസ് ലാബുഷെയ്ന് (29), സ്റ്റീവ് സ്്മിത്ത്് (23) എന്നിവര്‍ക്കും അധികസമയം പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ ഖവാജയും കാമറൂണ്‍ ഗ്രീനും പൊരുതി നിന്നതോടെ ഓസീസ് സ്്കോര്‍ ഉയര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 179 റണ്‍സ് അടിച്ചെടുത്തു. കാമറൂണ്‍ ഗ്രീന്‍ 122 പന്തില്‍ ഏഴു ഫോറും ഒരു സിക്സറും സഹിതം 74 റണ്‍സ് നേടി പുറത്തായി. തുടര്‍ന്നെത്തിയ അലക്സ് കാരി പൂജ്യത്തിന് കീഴടങ്ങിയതോടെ ഓസ്ട്രേലിയ ആറിന് 265 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: