പാലാ: കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് തകര്‍ന്നു. കായിക മേഖല ഏറെ പ്രതീക്ഷയര്‍പ്പിച്ച സ്റ്റേഡിയമാണ് സിന്തറ്റിക് ഇളകി നശിക്കുന്നത്.
സ്റ്റേഡിയത്തിലെ സിന്തറ്റിക് തകരുന്നത് കായിക പരിശീലനം നടത്തുന്ന താരങ്ങള ബുദ്ധിമുട്ടിലാക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെയും വരുന്നു. എല്ലാ വര്‍ഷവും നിരവധി കായിക മേളകളാണ് ഇവിടെ നടക്കുന്നത്. മുന്‍കാലങ്ങളില്‍ സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ച കമ്പനിയായിരുന്നു അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്റ്റേഡിയം മുങ്ങിയത് സിന്തറ്റിക് പൊളിയുവാന്‍ കാരണമായി. വെള്ളപ്പൊക്കത്തിന് ശേഷം കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് സിന്തറ്റിക് പൊളിയുവാന്‍ കാരണമെന്ന് കായിക രംഗത്തുള്ളവര്‍ പറയുന്നു. മിക്കയിടത്തും സിന്തറ്റിക് ഭാഗങ്ങള്‍ അടര്‍ന്നു മാറിയ നിലയിലാണ്.
എന്നാല്‍ സിന്തറ്റിക് ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം പ്രാദേശികമായി ലഭ്യമല്ലെന്നും ട്രാക്കിന്റെ നവീകരണം ചെലവേറിയതാണന്നും നഗരസഭാ ചെയര്മാന് ആന്റോ ജോസ് പറഞ്ഞു. കായിക ക്ഷേമ കാര്യാലയത്തിന് ഇതു സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറ് ഏക്കറിലധികം വിസ്തീര്‍ണ്ണമുള്ള സ്റ്റേഡിയം 2017ലാണ് 23 കോടി രൂപ ചെലവില്‍ അന്താരാഷ്ട്രാനിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ചത്. 400 മീറ്റര്‍ നീളത്തില്‍ സിന്തറ്റിക് ട്രാക്ക്, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, ഫുട്ബോള്‍ കോര്‍ട്ടുകള്‍, സിന്തറ്റിക് വാക്ക് വേ എന്നിവയും അത്ലറ്റിക്സ് ഇനങ്ങള്‍ക്ക് ആവശ്യമായ സൗകര്യവും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി വി. അബ്ദുറഹ്മാന് എന്നിവര്‍ക്ക് നിവേദനം നല്കിയിട്ടുള്ളതായി മാണി സി. കാപ്പന് എംഎല്‍എ അറിയിച്ചു. കായിക രംഗത്ത് ഒട്ടേറെ പ്രശസ്തരെ സംഭാവന ചെയ്തിട്ടുള്ള പാലായിലെ സിന്തറ്റിക് സ്റ്റേഡിയം നവീകരിക്കണമെന്ന് കായിക രംഗത്തുള്ളവരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: