മറ്റക്കര: അപകടം പതിയിരിക്കുന്ന മറ്റക്കര റോഡിലെ കൊടുംവളവ് നിവര്‍ത്താന്‍ നടപടിയില്ല. മറ്റക്കര റോഡിലെ കപ്പിലുമാവുംമൂട് വളവാണ് വാഹനയാത്രക്കാരുടെ പേടിസ്വപ്നമാകുന്നത്. ഇന്നലെ ടോറസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണമായ അന്ത്യം സംഭവിച്ചത് ഈ വളവിലാണ്. മറ്റക്കര റോഡിലെ സ്ഥിരം അപകടമേഖലയാണ് കപ്പിലുമാവുംമൂട് വളവ്. ഒരുപോലെ ഇറക്കവും വളവും ഒരു വശം ശക്തമായ താഴ്ചയുമാണ് ഇവിടുത്തെ പ്രത്യേകത.
എതിരെ വാഹനങ്ങള്‍ വരുന്നത് കാണാന്‍ പറ്റാറില്ല. ഇറക്കം ഇറങ്ങി വരുന്ന വണ്ടികള്‍ പലപ്പോഴും അമിത വേഗത്തിലുമായിരിക്കും. വലിയ രണ്ട് വാഹനങ്ങള്‍ ഒന്നിച്ച് വളവില്‍ വന്നാല്‍ തന്നെ ഇവിടെ അപകടം ഉറപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു. ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്ന് പോകുന്നത്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ ധാരാളംഇരുചക്രവാഹനങ്ങളും ഇതുവഴി പോകുന്നു.
വളവുകള്‍ നിവര്‍ത്തി യാത്ര സുരക്ഷിതമാക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചതിനും മണിക്കൂറുകള്‍ക്ക് മുമ്പ് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഈ വളവില്‍ നടന്ന അപകടത്തില്‍ മൂന്ന് പേരുടെ ജീവനാണ് ഇതുവരെ പൊലിഞ്ഞത്.
ഇവിടെ ജീവനുകള്‍ ഇനിയും പൊലിയാതെ അധികാരികള്‍ റോഡിലെ വളവ് നിവര്‍ക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വളവ് നിവര്‍ത്താന്‍ സാധിക്കാത്തത്ത് സമീപവാസിയുടെ എതിര്‍പ്പ് മൂലമാണെന്നും ആരോപണമുണ്ട്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ഭൂമി റോഡിന്റെ വീതി കൂട്ടാന്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചില്ലെന്നാണ് ആരോപണം. സിപിഎം സഹയാത്രികനായ ഇയാളുടെ ഭരണ സ്വാധീനമാണ് വളവ് നിവര്‍ത്താന്‍ സാധിക്കാത്തതെന്ന ആരോപണമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്.
വളവ് നിവര്‍ത്തി അപകടം ഒഴിവാക്കണമെന്ന് ബിജെപി അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് അധികൃതരോട് നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും മഞ്ജു പ്രദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: