ആലത്തൂര്‍: കവിതയെഴുതാനുള്ള ‘മൂഡ്’ വരാന്‍ മിക്ക എഴുത്തുകാര്‍ക്കും പല സംഗതികളും ഒത്തുവരണം. ആലത്തൂര്‍ കോര്‍ട്ട് റോഡിലെ ഫാറൂഖിന്റെ വെറ്റിലക്കടയില്‍ ജോലിചെയ്യുന്ന ശേഖറിന് ജോലിക്കിടയിലും കവിതയെഴുത്തിനുള്ള ‘മൂഡ്’ വരും. വെറ്റിലയും അടയ്ക്കയുമൊക്കെ പൊതിഞ്ഞ് കൊടുക്കുമ്പോഴും മനസ് നിറയെ കവിതയാണ്. ജോലിക്കിടെയുള്ള സമയം തുണ്ടുകടലാസ് അടയ്ക്ക ചാക്കിന് മേലെവെച്ച് നിന്നുകൊണ്ടുതന്നെ വരികള്‍ കുറിക്കും.
വാനൂര്‍ വള്ളക്കുന്നത്താണ് ശേഖറിന്റെ വീട്. അഞ്ച് വര്‍ഷമായി വെറ്റിലക്കടയിലാണ് ജോലി. നേരത്തേ പരമ്പരാഗത തൊഴിലായ സ്വര്‍ണപ്പണിയും ധനകാര്യ സ്ഥാപനത്തിലെ ജോലിയും നോക്കിയിരുന്നു. ചെറുപ്പം മുതലുള്ള വായനയാണ് ശേഖറിനെ എഴുത്തുകാരനാക്കിയത്. 20 വര്‍ഷമായി കവിതയും ചെറുകഥയും എഴുതുന്നു. ഇതിനകം ആയിരത്തിലധികം കവിതകളും പത്ത് ചെറുകഥകളും പൂര്‍ത്തിയാക്കി.
സ്നേഹവീട് എന്ന സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശേഖറിന്റെ കവിതാ സമാഹാരം പുസ്തകമാക്കാനുള്ള ഒരുക്കം ആരംഭിച്ചു. തൂലികയും കടലാസും, വായനപ്പുര, അക്ഷരത്തുള്ളികള്‍, അക്ഷര മലരുകള്‍ തുടങ്ങിയ നവ മാധ്യമ സാഹിത്യ കൂട്ടായ്മകളില്‍ സജീവമാണ് 54 കാരനായ ശേഖര്‍ ആലത്തൂര്‍.
പത്താം ക്ലാസ് വരെ മാത്രം പഠിച്ച ശേഖറിനെ അമ്മാവന് ഹരിഹരനാണ് വായനയുടെ ലോകത്തേക്കാനിയച്ചത്. നല്ല വായനാശീലമുള്ള ഒരു സാധാരണക്കാരന് മാത്രമാണ് ഹരിഹരന്. വായനശാലയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും അമ്മാവന് ശേഖറിന് ചെറുപ്പത്തിലേ വായിക്കാന്‍ നല്‍കിയിരുന്നു. അമ്മാവനാണ് തന്റെ സൃഷ്ടികളുടെ പ്രധാന നിരൂപകനെന്ന് ശേഖര്‍ പറയുന്നു. ടൈലറിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഭാര്യ പ്രിയ എല്ലാ പിന്തുണയും നല്കുന്നു. മക്കളായ പ്ലസ്ടു കഴിഞ്ഞ സ്നേഹയും ഒമ്പതാം ക്ലാസുകാരി ശ്വേതയും ഇപ്പോള്‍ നിരൂപണം ഏറ്റെടുത്തു.
കടയില്‍ നിന്ന് കുത്തിക്കുറിച്ച വരികള്‍ അതിരാവിലെ എഴുന്നേറ്റ് ചിട്ടപ്പെടുത്തി സമൂഹ മാധ്യമത്തില്‍ പങ്കുവെക്കും. ഇദ്ദേഹത്തിന്റെ കവിതകള്‍ സിന്‍സി സെബാസ്റ്റ്യന്‍ എന്ന ഗായിക ആല്ബമാക്കിയിട്ടുണ്ട. മല്ലിക എന്ന അധ്യാപിക ചില കവിതകള്‍ ആലപിച്ച് ഓഡിയോ ആക്കി. ചുറ്റുപാടുമുള്ള സാധാരക്കാരുടെ ജീവിതവും പ്രാരാബന്ധവും സ്വപ്നങ്ങളും തമാശകളുമൊക്കെയാണ് രചനയുടെ വിഷയങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: