മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ ഗ്രാമപഞ്ചായത്തുകളെ കേന്ദ്രീകരിച്ച് ‘ഗ്രീന്‍ എനര്‍ജി ഹബ്’ സ്ഥാപിക്കുന്ന കാര്യത്തെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് കെ. ശാന്തകുമാരി എംഎല്‍എ പറഞ്ഞു. ഇതിന്റെ പ്രാഥമിക യോഗം കഴിഞ്ഞദിവസം കാഞ്ഞിരപ്പുഴ ഡാം ഐബിയില്‍ നടന്നു.
സൂര്യന്, വായു, വെള്ളം ഇവ ഉപയോഗപ്പെടുത്തിയുള്ള സമഗ്ര പദ്ധതിയാണ് ഗ്രീന്‍ എനര്‍ജി ഹബ്. സൂര്യപ്രകാശത്തില്‍ നിന്നും സോളാര്‍ പാനല്‍ വഴിയും കാറ്റാടിയന്ത്രം വഴിയും, ചെറുകിട ജലസേചന പദ്ധതി വഴിയും വൈദ്യുതി ഉത്പാദിപ്പിക്കുവാനാണ് പദ്ധതി. ഇത് മൂന്നും ഈ മൂന്ന് പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് നടപ്പിലാക്കാനാണ് പദ്ധതിയൊരുങ്ങുന്നത്. ഇക്കാര്യത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. 11ന് ബന്ധപ്പെട്ട കൂടുതല്‍ ഉദ്യോസ്ഥരെ ഉള്‍പ്പെടുത്തി വീണ്ടും യോഗം ചേരുമെന്നും എംഎല്‍എ അറിയിച്ചു.
കഴിഞ്ഞ 26ന് കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ നടന്ന ‘വാടികാസ്മിതം’ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കാഞ്ഞിരപ്പുഴ ഡാമില്‍ സോളാര്‍ കോറിഡോര്‍ തുടങ്ങുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കാഞ്ഞിരപുഴയില്‍ പുതിയ സാധ്യതകളെ കുറിച്ച് ചര്‍ച്ച നടന്നത്.
കാഞ്ഞിരപ്പുഴ ഡാം ടോപ്പ്റോഡിന്റെ മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാണ് സോളാര്‍ കോറിഡോര്‍ നിര്‍മിക്കുക. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥര്‍. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് സാധ്യതാപഠനത്തിനായി വൈകാതെ ഉദ്യോഗസ്ഥര്‍ എത്തും.
കൂടാതെ കാഞ്ഞിരപ്പുഴയില്‍ ഹൈഡ്രോ ഇലക്ട്രിക്, വിന്റ് എനര്‍ജി പ്ലാന്റ് എന്നിവയുടെ സാധ്യത കണക്കിലെടുത്ത് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ആറ്റില വെള്ളച്ചാട്ടം, വട്ടപ്പാറ വെള്ളച്ചാട്ടം എന്നിവയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഇതിന്റെ സാധ്യത കണക്കിലെടുത്തും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ ‘ജന്മഭൂമി’യോടുപറഞ്ഞു.
മൂന്ന് പദ്ധതിയും ഉള്‍പ്പെടുത്തിയാണ് ഗ്രീന്‍ എനര്‍ജി ഹബ് പ്രാവര്‍ത്തികമാവുക.പ്രാഥമിക യോഗത്തില്‍ കെഎസ്ഇബി ഡിവിഷണല്‍ അസി.എക്സി.എന്‍ജിനീയര്‍ പ്രേം കുമാര്‍, സബ്ബ് എന്‍ജിനീയര്‍ സുരേഷ് ബാബു, ജലവകുപ്പ് അസി.എന്‍ജിനീയര്‍ ലവിന്‍സ് ബാബു, അസി.എക്സി.എന്‍ജിനീയര്‍ മുഹമ്മദ് ബഷീര്‍, അനര്‍ട്ട് പ്രതിനിധി വിജേഷ്, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസഫ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രതിനിധികളായ സിദ്ദിഖ് ചേപ്പോടന്‍, കെ. പ്രദീപ്, ലിലീപ്കുമാര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: