വിഴിഞ്ഞം: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം പുതുവര്‍ഷത്തില്‍ ആദ്യമായി അഞ്ച് ചരക്കുകപ്പലുകള്‍ ഒരുമിച്ച് വിഴിഞ്ഞം തുറമുഖത്തെത്തി. എസ്ടിഐ മെഡിസണ്‍, എസ്ടിഐ സോളിഡാരിറ്റി, എസ്ടിഐ സ്റ്റെബിലിറ്റി, എംവിആഫ്രിക്കന് ഗ്രൗസ്, എംവിസാഗാ ഫോര്‍ച്യൂണ്‍ എന്നി പടുകൂറ്റന്‍ കപ്പലുകളാണ് ക്രൂ ചേഞ്ചിംഗിനായി ഇന്നലെ വന്നുമടങ്ങിയത്. ജീവനക്കാരായ 45 പേര് ഇറങ്ങിയപ്പോള്‍ 43 പേര് കയറുകയും ചെയ്തു.
ഒരു മോണ്ടിനേഗ്രിയന് സ്വദേശിയും ഇന്നലെ വിഴിഞ്ഞത്തിറങ്ങി. ഒമീക്രോണ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രോട്ടോക്കോള്‍ പരിഗണിച്ചാണ് കയറ്റിറക്ക്. ഓരോ കപ്പലിലെയും ജീവനക്കാരെ തുറമുഖത്തെത്തിക്കുമ്പോഴും ടഗ്ഗിനെ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ കഴുകി വൃത്തിയാക്കിയ ശേഷം കപ്പല്‍ തൊഴിലാളികള്‍ ഇരിക്കിന്നിടവുമെല്ലാം സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തും. ആരോഗ്യവകുപ്പിന്റെ പരിശോധനയും കൂടുതല്‍ ശക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വന്ന ശേഷം വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ തുറന്നതും ക്രിസ്മസ് പുതുവര്‍ഷം പ്രമാണിച്ച് വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവും കണക്കിലെടുത്ത് നവംബര്‍, ഡിസംബര്‍ മാസത്തില്‍ കപ്പലുകളുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം വിഴിഞ്ഞത്ത് വന്നു മടങ്ങിയത് പതിനഞ്ചില്‍ താഴെ കപ്പലുകള്‍ മാത്രം. ഇത് ക്രൂ ചേഞ്ചിംഗില്‍ വിഴിഞ്ഞത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ടായി.
2020 ജൂലൈയില്‍ ആരംഭിച്ച പദ്ധതിക്ക് വലിയ പിന്തുണയാണ് കപ്പല്‍ ഏജന്‍സികള്‍ നല്‍കിയത്. ഒരിടവേളയില്‍ മാസം നൂറിനടുത്ത് വരെ കപ്പലുകള്‍ വിഴിഞ്ഞത്ത് വന്നു മടങ്ങിയിരുന്നു. കൊവിഡ് കാലത്തും ജീവനക്കാരെ കയറ്റാനും ഇറക്കാനും അധികൃതര്‍ നടത്തിയ ശ്രമം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കപ്പലടുപ്പിച്ച ഇന്ത്യയിലെ ചെറുകിട തുറമുഖങ്ങളില്‍ വിഴിഞ്ഞം ഒന്നാമതെത്തി. ഇതിനിടയിലാണ് വരവില്‍ കഴിഞ്ഞ രണ്ട് മാസത്തെ കുത്തനെയുള്ള ഇടിവ്. ക്രൂ ചേഞ്ചിംഗിന് തുടക്കം കുറിച്ച് ഒന്നര വര്‍ഷത്തിനു ശേഷം ഇന്നലെ 621-ാംമനായി എത്തിയത് എസ്ടിഐ സ്റ്റെബിലിറ്റിയായിരുന്നു. സ്തംഭനം മാറി ഈ മാസം മുതല്‍ കൂടുതല്‍ കപ്പലുകള്‍ നങ്കൂരമിടുമെന്ന വിശ്വാസവും അധികൃതര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: