വീരനായി, വിജയശ്രീലാളിതനായി ശിരസ്സുയര്‍ത്തി നില്ക്കുമ്പോള്, അപ്രതീക്ഷിതമായി പിന്നില്‍നിന്നുള്ള കുത്തേറ്റുവീഴാന്‍ വിധിയുണ്ടാവുക! ചരിത്രത്തില്‍ അത്തരമൊരു ദുര്‍വ്വിധിയുമായി പടിഞ്ഞാറുകാര്‍ക്ക് ഒരു ജൂലിയസ് സീസറുണ്ടായിരുന്നതുപോലെ, സമാനമായ ദുര്‍വ്വിധിക്കിരയായ ഒരു വീര സിംഹം കേരളീയര്‍ക്കുമുണ്ടായിരുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. കായംകുളം കായലില്‍ എതിരാളികളുടെ കൊലക്കത്തിക്കിരയായ, ചരിത്രം വിസ്മരിച്ച ആ വീരകേസരിയുടെ ചോരകിനിയുന്ന ഓര്‍മ്മകള്‍ക്ക് 2022 ജനുവരി മൂന്നിന് 148 വര്‍ഷം തികഞ്ഞു. ജനുവരി ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം.
പത്തൊമ്പതാം നൂറ്റാണ്ടിലെ സങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരേ നിരവധി പോരാട്ടങ്ങള്‍ അക്കാലത്തും അതിനുമുമ്പും തീര്‍ച്ചയായും കേരളത്തില്‍ നടന്നിട്ടുണ്ടാവും. നിര്‍ഭാഗ്യവശാല്‍, അവയില്‍ പലതും വ്യക്തിപരമായ ധിക്കാരമായോ, അതിക്രമമായോ, വ്യവസ്ഥിതിക്കുനേരേയുള്ള കടന്നുകയറ്റമായിട്ടോ ആവും അന്നത്തെ സമൂഹം വിലയിരുത്തിയിട്ടുണ്ടാകുക. പലവിധ കാരണങ്ങള്‍ക്കൊണ്ട് ചരിത്രം അടയാളപ്പെടുത്താതെ പോയ ഒട്ടനവധി പോരാളികള്‍ പലകാലങ്ങളിലൊഴുക്കിയ കണ്ണീരും വിയര്‍പ്പും ചോരയുമാണ് കേരളത്തിന്റെ സാമൂഹിക മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടത്. അത്തരം ഒറ്റയാള്‍പ്പോരാട്ടങ്ങളെ സാമൂഹിക പരിവര്‍ത്തനത്തിനുതകും വിധം വഴിതിരിച്ചുവിട്ടു എന്നതാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരെ വ്യത്യസ്തനാക്കുന്നത്.
ആരാണ് പണിക്കര്‍?
മധ്യതിരുവിതാംകൂറിലെ ഈഴവരിലെ ഒരു വിഭാഗമാണ് പണിക്കര്‍. നായര്‍, ഗണക, വിശ്വകര്‍മ്മ, നായാടി, ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പണിക്കര്‍ എന്ന സ്ഥാനം ഉണ്ടായിരുന്നു. എങ്കിലും, മതപ്രചാരകനായ റവ. സാമുവല്‍മെറ്റീര്‍ ‘ഞാന്‍ കണ്ട കേരളം’ എന്ന കൃതിയില്‍ രേഖപ്പെടുത്തിയതനുസരിച്ച്, കായംകുളത്തിനു വടക്കോട്ട് ഈഴവ പണിക്കര്‍ക്ക് സാമൂഹികമായി ചില മേന്മകളുണ്ടായിരുന്നു. അദ്ദേഹം എഴുതുന്നു: ”ഈഴവ വിഭാഗത്തിലെ പൗരോഹിത്യമുള്ള വിഭാഗമായിരുന്നു അവര്‍’. പ്രമുഖ നരവംശശാസ്ത്ര പഠിതാക്കളും സര്‍വ്വകലാശാല അദ്ധ്യാപകരുമായ ഫിലിപ്പോ ഒസാമ- കരോലിന് ഒസാമ ദമ്പതികള്‍ ചേര്‍ന്നെഴുതിയ ‘കേരളത്തിലെ സാമൂഹിക ചലനാത്മകത: ആധുനികതയും സ്വത്വവും സംഘര്‍ഷത്തില്‍’ (2000) എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, സമൂഹത്തിലെ പുരോഗമന പരവും ചലനാത്മകവുമായ വശങ്ങളെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ‘ഫ്ളെക്സിബിള്‍’ സമൂഹമായിരുന്നു അവര്‍. കേരളത്തിലെ ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് ഈഴവരുടെ നില ഇവിടെ അത്രമേല്‍ പരിതാപകരമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കൊല്ലവര്‍ഷം 1000 -ാം മാണ്ട് ധനു 27-ാം തീയതി (1825 ജനുവരി 7) പുണര്‍തം നക്ഷത്രത്തില്‍ വേലായുധപ്പണിക്കരുടെ ജനനം.
കായംകുളം എരുവ കുറ്റിത്തറയില്‍ ഗോവിന്ദപ്പണിക്കരായിരുന്നു പിതാവ്. ആറാട്ടുപുഴ വലിയകടവില്‍ പെരുമാളച്ഛന്റെയും മാവേലിക്കര കുന്നംനടുവിലെ വീട്ടില്‍ കുഞ്ഞിക്കയുടെയും മകള്‍ തേയി (തേവി/ ദേവി) ആയിരുന്നു ഗോവിന്ദപ്പണിക്കരുടെ ഭാര്യ. സ്വന്തം പായ്ക്കപ്പലുകള്‍ ഉപയോഗിച്ച് വ്യാപാരം നടത്തിയിരുന്ന ധനികനായിരുന്നു പെരുമാളച്ഛന്. അദ്ദേഹത്തിന്റെ ഭവനമായ മണിവേലില്‍ വീട്ടിലാണ് കൊച്ചുവേലായുധന് ജനിക്കുന്നത്. പ്രസവിച്ച് അധികനാള്‍ കഴിയുന്നതിനുമുമ്പേ തേവിയമ്മ മരിച്ചതിനാല്‍ അപ്പൂപ്പനും അമ്മൂമ്മയും ചേര്‍ന്ന് കുഞ്ഞിനെ വളര്‍ത്തി.
ബാല്യത്തില്‍ തന്നെ തമിഴും മലയാളവും വേലായുധനെ വീട്ടുകാര്‍ അഭ്യസിപ്പിച്ചു. പതിനാറാം വയസ്സില്‍ മംഗലം കല്ലിശ്ശേരി ഭവനത്തിലേക്ക് അദ്ദേഹം താമസം മാറ്റി. കളരിയും അഭ്യാസമുറകളും മെയ് വഴക്കവും അഭ്യസിച്ചു. വൈദ്യത്തിലും ജ്യോതിഷത്തിലും പരിശീലനം നേടി. പിന്നീട് മരണം വരെ അദ്ദേഹത്തിന്റെ താമസം കല്ലിശ്ശേരിയിലായിരുന്നു. കല്ലിശ്ശേരിലച്ഛന്‍ എന്ന പേരും അതോടൊപ്പം കിട്ടി. അവിടെ കോടതിയും തീര്‍പ്പും പണിക്കരച്ചനായി. ഇരുപതാം വയസ്സില്‍ വിവാഹിതനായി. ഓണാട്ടുകരയിലെ പ്രസിദ്ധമായ വാരണപ്പള്ളിയിലെ വെളുമ്പിയായിരുന്നു വധു.
1852 ഫെബ്രുവരി 18 ന് (1027 കുംഭം 8) മംഗലം ഇടയ്ക്കാട്ട് ശിവക്ഷേത്രം സ്ഥാപിച്ച് പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് അദ്ദേഹം സാമൂഹിക പരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവാകുന്നത്. എറണാകുളം കേന്ദ്രമാക്കിയുള്ള പ്രേഷിതപ്രവര്‍ത്തകരുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും ആറാട്ടുപുഴ-തൃക്കുന്നപ്പുഴ ദേശത്തെ പരവരെയും ഈഴവരെയും തണ്ടാന്മാരെയും ഒപ്പം നിര്‍ത്തി മത- അധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ മംഗലം ശിവക്ഷേത്രം വഹിച്ച പങ്ക് നിസ്തുലമാണ്.
നിരന്തരമായ പോരാട്ടമായിരുന്നു പണിക്കരുടെ ജീവിതത്തെ ഐതിഹാസികമാക്കിയത്. അനീതിക്കെതിരെയുള്ള കരുത്തുറ്റ ചെറുത്തുനില്‍പ്പിന്റെ മറുപേരായിരുന്നു വേലായുധപ്പണിക്കര്‍. തരണനല്ലൂര്‍ നമ്പൂതിരിയില്‍ നിന്നു സാളഗ്രാമം കൈക്കലാക്കിയ മുസ്ലിം കവര്‍ച്ചക്കാര്‍ക്ക് അതില്‍ നിന്നുള്ള സാമ്പത്തിക ലാഭത്തേക്കാള്‍, മുറജപം ചടങ്ങ് അലങ്കോലമാക്കാനുള്ള ചില കേന്ദ്രങ്ങളുടെ താല്പര്യമുണ്ടെന്നും ചിലര്‍ കരുതുന്നു. സാളഗ്രാമത്തിന് അനിതരസാധാരണമായ കച്ചവടമൂല്യം ഇല്ലന്ന് ഇരിക്കെ, ക്ഷേത്ര വിശ്വാസികളെ അരക്ഷിതരാക്കാനുള്ള ഇതര മതസ്ഥരുടെ ഗൂഢതാല്പ്പര്യമായി കവര്‍ച്ചയെ കാണാം. അവിടെയാണ് രക്ഷകനായി ആറാട്ടുപുഴയുടെ കടന്നുവരവ്. കവര്‍ച്ചക്കാരുടെ മാളത്തിലെത്തി നേരിട്ട് മോഷണവസ്തു വീണ്ടെടുക്കാന്‍ മഹാരാജാവിന് പണിക്കരെ ആശ്രയിക്കേണ്ടിവന്നു. പണിക്കര്‍ അത് സാഹസികമായും അവിശ്വസനീയമായ വേഗത്തിലും നിര്‍വ്വഹിച്ചു. മുസ്ലിങ്ങളായ കായംകുളത്തെ കവര്‍ച്ചക്കാര്‍ക്ക് പണിക്കര്‍ ശത്രുവായിരുന്നു. ഈ സംഭവം അവരുടെ പകയുടെ ആഴംകൂട്ടി.
പണിക്കരുടേത് നിഷ്ഠൂരമായ കൊലപാതകമായിരുന്നുവെന്നതിന് സംശയമില്ല. ഇരുളിന്റെ മറപറ്റിയാണ് ശത്രുക്കള്‍ അദ്ദേഹത്തെ വകവരുത്തിയത്. കൊല്ലത്തു നിന്നുള്ള യാത്രക്കിടയിലാണ് തണ്ടുവള്ളത്തില്‍ വെച്ച് അദ്ദേഹം കൊലക്കത്തിക്കിരയായത്. പണിക്കരുടെ തന്നെ ബന്ധുവായിരുന്ന കിട്ടനാണ് അദ്ദേഹത്തെ കൊല്ലുന്നത്. കിട്ടന് മതംമാറി തൊപ്പിയിട്ട് ഹൈദരായി. മുമ്പൊരിക്കല്‍ പണിക്കരില്‍ നിന്നും ശിക്ഷക്കു വിധേയനായ വ്യക്തിയായിരുന്നു അയാള്‍. പണിക്കരോടുള്ള പകയുടെ കണക്കുതീര്‍ക്കാന്‍ അയാള്‍ എതിരാളികളുടെ പാളയത്തില്‍ കരുത്തുറ്റ ആയുധമായിത്തീര്‍ന്നു. എന്നാല്‍, പണിക്കരെക്കുറിച്ച് എഴുതുന്നവരൊക്കെയും കിട്ടന് മതം മാറിയതായോ അയാളുടെ മുസ്ലിം ഐഡന്റിറ്റിയെക്കുറിച്ചോ നിശബ്ദരാവുകയും കൊലപാതകിയെ ‘തൊപ്പിയിട്ട കിട്ടനെ’ന്നുവിളിച്ച് കൃത്യത്തിനുപിന്നിലെ മതപരമായ താല്‍പ്പര്യത്തെ മറച്ചുപിടിക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത.
സ്മൃതിയുടെ തരിമ്പുപോലും അവശേഷിക്കാനനുവദിക്കാതെയാണ് ശത്രുക്കള്‍ അദ്ദേഹത്തെ ഉന്മൂലനം ചെയ്തത്. എവിടെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ അന്ത്യവിശ്രമം കൊളളുന്നതെന്നാരെങ്കിലും അന്വേഷണം നടത്തിയാല്‍ അവര്‍ എവിടെയും എത്തുകയില്ല.
‘ഒരാള്‍ മതം മാറുമ്പോള്‍ ഹിന്ദുക്കളില്‍ നിന്ന് ഒരെണ്ണം കുറയുകയല്ല, മറിച്ച് പുതിയൊരു ശത്രു ഉണ്ടാവുകയാണ് ചെയ്യുന്നത്’ എന്നു സ്വാമി വിവേകാനന്ദന് പറഞ്ഞത് വെറുതെയല്ല. പണിക്കരുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അദ്ദേഹത്തിന്റെ മൃതദേഹത്തോടുള്ള ശത്രുക്കളുടെ നീചമായ സമീപനം ചില മതഭീകര സംഘങ്ങളുടെ പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നത് യാദൃച്ഛികമാണെന്നു കരുതാമോ.?
പ്രതികരിക്കാൻ ഇവിടെ എഴുതുക: