തിരുവനന്തപുരം: ചരിത്രത്തോടൊപ്പം നടന്ന് ചരിത്രമായി മാറിയ നഗരകാരണവര് അഡ്വ. അയ്യപ്പന്‍പിള്ളയെ ബിജെപി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന അനുസ്മരണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയത്തിലെ റോള്‍മോഡലും എല്ലാ അര്‍ത്ഥത്തിലും ഗാന്ധിയനുമായിരുന്നു അദ്ദേഹമെന്നും ബിജെപി സംസ്ഥാന ഘടകത്തിലെ ആദ്യഭാരവാഹികളെ പ്രഖ്യാപിച്ചത് അയ്യപ്പന്‍പിള്ളയെ ആയിരുന്നുവെന്ന് സുരേന്ദ്രന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അധ്യക്ഷനായി. ആദര്‍ശത്തില്‍ അടിയുറച്ചുനിന്ന് ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അയ്യപ്പന്‍പിള്ളയെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്.സേതുമാധവന് പറഞ്ഞു.
ഓരോതവണ കാണുമ്പോഴും അദ്ദേഹത്തിന്റെ മഹത്വം കൂടുതല്‍ മനസിലാക്കാനായി. എല്ലാപേര്‍ക്കും മരണമുണ്ട്. അയ്യപ്പന്‍പിള്ളയുടെ മരണം വ്യക്തി എന്ന നിലയില്‍ നഷ്ടമാണ്. എന്നാല്‍ അദ്ദേഹം മുന്നോട്ടുവച്ച ആദര്‍ശം നിലനില്ക്കുന്നു. ആ ആദര്‍ശം നമ്മളില്‍ സ്വാംശീകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ നഷ്ടം നികത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപുരുഷന്മാരുടെ ഇടയില്‍ സ്ഥാനം നേടിയ ആളും സ്ഥാനമാനങ്ങളുടെ പിന്നാലെപോകാത്ത പകരംവയ്ക്കാനില്ലാത്ത വ്യക്തിത്വവുമായിരുന്നു അയ്യപ്പന്‍പിള്ളയെന്ന് മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചിനുവേണ്ടി ശക്തമായ സമരം നടത്തിയതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അയ്യപ്പന്പിള്ളയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലത്തിന്റെ സാക്ഷിയെന്ന് എം.എം.ഹസന് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ വിവിധ ഗാന്ധിമാരുണ്ടെങ്കിലും യഥാര്ത്ഥഗാന്ധിയനും ഗാന്ധിയന്‍ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ ആളുമായിരുന്നു അയ്യപ്പന്‍പിള്ള. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതലെന്ന് സിപിഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് പറഞ്ഞു.
അയ്യപ്പന്‍പിള്ള എല്ലാരാഷ്ട്രീയപ്പാര്ട്ടികളില്പ്പെട്ടവരെയും സാധാരണക്കാരെയും ഒരുപോലെ സ്നേഹിച്ചു. ഇതുപോലെ കലര്‍പ്പില്ലാത്ത സ്നേഹം പ്രസരിപ്പിക്കാന്‍ നമുക്ക് സാധിക്കുമോ എന്ന് ആത്മപരിശോധന നടത്തണമെന്നും സി.പി.ജോണ്‍ പറഞ്ഞു. കെ.രാമന്‍പിള്ള, ഒ.രാജഗോപാല്‍, ആര്.സഞ്ജയന് എന്നിവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും അനുസ്മരണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: