കരുനാഗപ്പള്ളി: അഴീക്കല്‍ ബീച്ചില്‍ വര്‍ധിച്ചുവരുന്ന തിരക്കുകള്‍ നിയന്ത്രിക്കാനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ലഹരിമരുന്നുകളുടെ ഉപയോഗവും വിതരണവും നിരോധിക്കാനും എംഎല്‍എ സി.ആര്. മഹേഷിന്റെ നേതൃത്വത്തില്‍ നടന്ന ഗ്രാമപഞ്ചായത്ത്, പോലീസ്, എക്സൈസ്, ടൂറിസം, ഡിടിപിസി എന്നിവരുടെ സംയുക്ത യോഗത്തില്‍ തീരുമാനം.
ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ വരുന്ന അഴീക്കല്‍ ബീച്ചില്‍ ഒരു ലൈഫ് ഗാര്‍ഡ് മാത്രമാണുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. കെ.സി. വേണുഗോപാല്‍ എംപി ആയിരുന്ന സമയത്ത് ഒരു കോടി രൂപ കേന്ദ്ര ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ വകയായി ചെലവഴിച്ചെങ്കിലും പൂര്‍ത്തീകരണം നടന്നില്ല. നിര്‍മിച്ച ഓപ്പണ്‍ ആഡിറ്റോറിയം ഉള്‍പ്പെടെ തകര്‍ന്ന അവസ്ഥയിലാണ്. അടുത്തമാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വലിയഴീക്കല്‍ പാലത്തില്‍ മനോഹരമായ ദീപവിധാനങ്ങള് കൂടി വരുമ്പോഴേക്കും ആലപ്പുഴ ജില്ലയില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ കൂടി ആയിരങ്ങള്‍ ബീച്ചിലെയും പാലത്തിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ എത്തും. ടൂറിസം രംഗത്തെ ഈ അനന്തസാധ്യത പ്രയോജനപ്പെടുത്താന്‍ ആലപ്പാട് ടൂറിസം പാക്കേജ് പ്രഖ്യാപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ടൂറിസം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
പോലീസ് എയ്ഡ്പോസ്റ്റ്, എക്സൈസ് ചെക്ക് പോസ്റ്റ്, ടൂറിസം പോലീസ്, സിസിടിവി ക്യാമറകള്‍, പാര്‍ക്കിംഗ് ഏരിയ, വൃത്തിയുള്ള ശുചിമുറികള്‍, ലൈഫ് ഗാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ എന്നിവ അടിയന്തരമായി നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.അഴീക്കല്‍ പുലിമുട്ടിലേക്ക് ജനങ്ങള്‍ കയറുന്നത് തടയാന്‍ ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. കളക്ടറുടെ ചേംബറില്‍ അടിയന്തരമായി ഉന്നതതല യോഗം ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: