കോഴിക്കോട്: നെല്ല് സംഭരണ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ആക്ഷേപം പരിശോധിക്കാന്‍ കേന്ദ്രസംഘം എത്തി. നെല്ല് സംഭരണ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന വ്യാപകപരാതി ഉയരുന്ന സാഹചര്യത്തിലാണ് വിദഗ്ധസംഘമെത്തിയത്. കേന്ദ്രത്തിന്റെ സബ്സിഡിയോടെയാണ് നെല്ല് സംഭരണ പദ്ധതി സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയില്‍ മില്ലുടമകള്‍ക്ക് അനുകൂല നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഒരു കിലോ നെല്ലിന് 68 ശതമാനം അരി തിരിച്ചുനല്കുമ്പോള് കേരളത്തിലിത് 64.5 ശതമാനമാണ്. കൂടാതെ 2.14 രൂപ കൈകാര്യച്ചെലവിനത്തില്‍ മില്ലുടമകള്‍ക്ക് ലഭിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ റേഷന്‍ കടകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന അരി കേരളത്തിലെത്തിച്ച് കോടികളുടെ വെട്ടിപ്പ് നടത്തുന്നതായി വ്യാപക പരാതിയുണ്ട്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി സര്‍ക്കാരിന് തിരിച്ചുനല്‍കുന്നതിന്റെ മറവിലാണിത്.
മികച്ച വിപണിയും വിലയുമുള്ള പാലക്കാടന്‍ മട്ടയ്ക്ക് പകരം തമിഴ്നാട്ടില്‍ നിന്നുള്ള റേഷനരിയാണ് മില്ലുകള്‍ നെല്ല് സംഭരിച്ച ശേഷം തിരികെ നല്‍കുന്നത്. സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന, ഉമ, ജ്യോതി, ജയ, തുടങ്ങിയ നല്ലയിനം നെല്ലുകള്‍ മില്ലുകളില്‍ എത്തിച്ച് കുത്തരിയാക്കി പ്രമുഖ ബ്രാന്‍ഡ് കമ്പനികളുടെ ലേബലിലൂടെ സ്വകാര്യ സ്ഥാപനങ്ങളിലെത്തുകയാണ്. പകരം ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗുണമേന്മ കുറഞ്ഞ നെല്ല് സഹകരണ സംഘങ്ങള്‍ എന്ന വ്യാജേന സപ്ലൈക്കോയ്ക്ക് നല്‍കുന്നതിനും ചില ഇടത്തട്ടുകാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യകമ്മീഷന് അംഗമായ അഡ്വ. രാജേന്ദ്രന് നടത്തിയ പരിശോധനയില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് സപ്ലൈക്കോയ്ക്ക് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: