ചേര്‍ത്തല: പച്ചക്കറി ലോറിയില്‍ കടത്തിയ 1.2കോടി വിലവരുന്ന നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് പിടികൂടി. ഉരുളക്കിഴങ്ങ് ചാക്കുകൾക്കടിയില്‍ കടത്തുന്നതിനിടെയാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സേലം സ്വദേശികളായ രണ്ടുപേരെ പിടികൂടി.
സേലം ആറ്റൂര്‍ തുമ്പല്‍ തേര്‍ക്കുകാടായ് വീഥിയില്‍ അരുള്‍മണി(29), സേലം ഓമല്ലൂര്‍ കനവൈപുധൂര്‍ കെ.എന്‍.പുഡൂര്‍ രാജശേഖര്‍(29)എന്നിവരാണ് പിടിയിലായത്. 100ചാക്കുകളാണ് പിടിച്ചെടുത്തത്. ഓരോ ചാക്കിലും 1500ഓളം പാക്കറ്റ് ഹാന്‍സാണ് ഉണ്ടായിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴയിലേക്കു എത്തിക്കുകയായിരുന്നെന്നാണ് വിവരം. ജില്ലാ പോലീസ് മേഥാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചേര്‍ത്തല പോലീസ് ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
പുലര്‍ച്ചെ ഒന്നോടെ അര്‍ത്തുങ്കല്‍ ബൈപ്പാസിനു സമീപമാണ് സംശയകരമായി ലോറി കണ്ടത്. വാഹനത്തിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ലോറി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. രാവിലെ ലോറിയില്‍ നിന്നു ഉരുളകിഴങ്ങു ചാക്കുകളിറക്കി നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെത്തിയത്. അടിയില്‍ പുകയില ഉല്‍പന്നങ്ങള്‍ നിറച്ച ചാക്കുകളും അതിനുമേലേ 280 ചാക്കുകളില്‍ ഉരുളകിഴങ്ങും അടുക്കിയിരിക്കുകയായിരുന്നു.
ഓരോ സ്ഥലങ്ങളിലും നിശ്ചിതചാക്കുകള്‍ ഇറക്കിയായിരുന്നു ഇവരുടെ യാത്രയ്രേത. കടത്തിനു പിന്നില്‍ വന്‍സംഘങ്ങളുണ്ടെന്നാണ് സൂചന. ഇതിന്റെ സൂത്രധാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഡിവൈഎസ്പി ടിബി.വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് പാക്കറ്റൊന്നിന് 80 മുതല്‍ 100രൂപാവരെയാണ് ഇതിനു വില. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വില്പന നടത്തുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന. പിടിയിലായവരുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: