സുമേഷ് ഗോവിന്ദ്,
ചെയര്മാന്&എം.ഡി, പാരഗണ്‍ ഗ്രൂപ്പ്
കല, സാഹിത്യം, ഫിലോസഫി എന്നിവയിലെല്ലാം നല്ല താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു ഞാന്‍. ആ മേഖലകളില്‍ വ്യാപരിക്കാനാണ് ആഗ്രഹിച്ചത്. 20 വയസിനകം തന്നെ ദസ്തയേവ്സ്കിയും ജിദ്ദു കൃഷ്ണമൂര്‍ത്തിയുമടക്കം പ്രമുഖരെയെല്ലാം വായിച്ചു. എന്നാല്‍ കുടുംബ ബിസിനസ് ഏറ്റെടുത്തു നടത്താന്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തി ഉപദേശിച്ചു. ചായയും കോഴി ബിരിയാണിയും വില്‍ക്കുന്ന ഹോട്ടലിന് ആര്‍ട്ടും ഫിലോസഫിയുമായി വലിയ ബന്ധമൊന്നുമില്ലെന്നായിരുന്നു എന്റെ ധാരണ. കലയേയും തത്വചിന്തയേക്കാളുമൊക്കെ വലുതാണ് ചായക്കച്ചവടമെന്ന് മനസിലാക്കിയത് ഇതിലേക്ക് ഇറങ്ങിയപ്പോഴാണ്. പക്വതയാകാത്ത പ്രായത്തില്‍ കല, സാഹിത്യമെന്ന് പറഞ്ഞ് ഇറങ്ങുന്നതിലും പതിന്മടങ്ങ് ജീവിതയാഥാര്‍ത്ഥ്യത്തെ മനസിലാക്കാന്‍ ഉപകരിക്കുക കച്ചവടവും അതിന്റെ ഭാഗമായുണ്ടായ പ്രതിസന്ധികളും അവ നേരിട്ട് ബിസിനസിനെ വിജയിപ്പിക്കുകയുമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. യഥാര്‍ത്ഥ സാധന ബിസിനസ് തന്നെ. ആ യാത്ര ഇപ്പോഴും തുടരുന്നു.
ബിസിനസ് എന്ന ഐഡിയോളജി
ബിസിനസിനെ ഞാന്‍ കാണുന്നത് ഒരു ഐഡിയോളജി ആയാണ്. ആ ഐഡിയോളജിയുടെ നേതൃസ്ഥാനം വഹിക്കാന്‍ ഇഷ്ടമുള്ള വ്യക്തിയാണ് ഞാന്‍. എന്റെ നേതൃസ്ഥാനത്തിന്റെ ഗുണമനുസരിച്ചായിരിക്കും എന്റെ ഫോളോവേഴ്സിന്റെയും ബാഹുല്യം. ഒരു ലീഡറായും മെന്ററായുമാണ് ഞാന്‍ എന്നെ കാണുന്നത്, ബിസിനസ്മാന് എന്നല്ല. ബിസിനസ് നടത്തിക്കൊണ്ടു പോകാനും എന്നോടൊപ്പമുള്ള ആളുകള്‍ക്ക് നല്ല ജീവിതം നയിക്കാനും സഹായിക്കുന്ന ഒരു ആശയപദ്ധതിയായാണ് പാരഗണിനെ ഞാന്‍ കാണുന്നത്.
ബിസിനസ് ആരംഭിച്ച് ഒരു നിശ്ചിതഘട്ടം പിന്നിട്ടാല്‍ നിങ്ങള്‍ക്ക് വളരണമെങ്കില്‍ നിങ്ങളൊരു ലീഡര്‍ ആയേ പറ്റൂ. വളരാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആദ്യത്തേത് പ്രൊഡക്റ്റാണ്. ഉപഭോക്താവിന് നല്കാന് നല്ലൊരു പ്രൊഡക്റ്റ് നമ്മുടെ കൈയില്‍ വേണം. പ്രൊഡക്റ്റ് മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കണം. അതിന്റെ ഉദ്ദേശലക്ഷ്യം 100% പൂര്‍ത്തിയാകുന്നത് വരെ. രണ്ടാമത്, ഈ പ്രൊഡക്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ നമ്മളോട് സഹകരിക്കുന്നവര്‍ക്ക് ഇതിന്റെ ഗുണഗണങ്ങള്‍ ലഭ്യമാക്കാന്‍, സാധ്യമായതെല്ലാം ചെയ്യണം.
വേണം ആത്മപരിശോധന
ഇക്കാര്യങ്ങള്‍ ബാലന്‍സ് ചെയ്യുന്നതിനൊപ്പം ബിസിനസിനെ ആകമാനം വളര്‍ത്താന്‍ നമുക്കാവണം. അതേസമയം തന്നെ ഒരു ആത്മപരിശോധനയും നടക്കണം. വളര്‍ച്ച പോസിറ്റീവാണോ, എല്ലാത്തരത്തിലും നല്ല വളര്ച്ചയാണോ എന്ന പരിശോധന തുടര്‍ച്ചയായി നടക്കണം. ഇതെല്ലാം കൃത്യമായി ബാലന്‍സ് ചെയ്തിട്ടുള്ള ഒരു തീവ്ര തപസ്സാണ് ബിസിനസ്. തപസ്സ് ആദ്യം നിങ്ങള്‍ക്ക് സുഖമുള്ള കാര്യമാവില്ല. മെല്ലെമെല്ലെയേ സാധനയുടെ ഗുണം കിട്ടൂ.
ബിസിനസും ആത്മീയതയും
നാലു വര്‍ഷമായി ബിസിനസില്‍ കൂടുതല്‍ എക്സ്പാന്ഷനൊന്നും ഞാന്‍ നടത്തിയിട്ടില്ല. ആന്തരികമായി ശൈവ ഭാവത്തെ ഉണര്‍ത്തുന്നതിലാണ് ഈ സമയത്ത് ഞാന്‍ ശ്രദ്ധ ചെലുത്തിയത്. ഭൗതികമായി നേടേണ്ടിയിരുന്ന വളര്‍ച്ച ഞാന്‍ നേടിയിട്ടില്ലെന്ന് പലരും പറയും. എന്നാല്‍ ആന്തരികമായി ഞാന്‍ നേടിയ വളര്‍ച്ചയും ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഇവോള്‍വ് ചെയ്യുന്നതും അവര്‍ കാണുന്നില്ല. ഭൗതികമായ വളര്‍ച്ചയാണ് പലപ്പോഴും ദൃശ്യമാവുക. രണ്ടു വളര്‍ച്ചയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുകയെന്നതാണ് വലിയ വെല്ലുവിളി. ഒരു കൂട്ടം ആളുകള്‍ ഭൗതികതയ്ക്ക് പ്രാധാന്യം കൊടുത്തും മറ്റൊരു വിഭാഗം ആത്മീയതയില്‍ മാത്രം വിശ്വസിച്ചും ജീവിക്കുന്നു. ഭൗതികതയും ആത്മീയതയും നമ്മളില്‍ തന്നെ ബാലന്‍സ് ചെയ്യാന്‍ പറ്റുന്നതാണ് ഏറ്റവും വലിയ ആര്‍ട്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബിസിനസും ആത്മീയതയും ഒപ്പം കൊണ്ടുപോകാനുള്ള തീരുമാനം അങ്ങനെയാണ് ഞാന്‍ എടുത്തത്. രണ്ടിലും വിജയിക്കുമ്പോഴാണ് നാം പൂര്ണനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: