Categories: Astrology

‘ഉപാന്ത്യഭം’ ഉത്രട്ടാതി…

Published by

 എസ്. ശ്രീനിവാസ് അയ്യര്‍

ഉത്തര പ്രോഷ്ഠപദം എന്നും ഉത്തര ഭാദ്രപദം എന്നും ആണ്  സംസ്‌കൃതത്തില്‍ ഉത്രട്ടാതി നക്ഷത്രം അറിയപ്പെടുന്നത്. ഇതിന് ‘ഉപാന്ത്യഭം’ എന്നും പേരുണ്ട്. അന്ത്യ നക്ഷത്രത്തിന്റെ അടുത്തുള്ളത് എന്നാണ് അതിന്റെ ആശയം. അന്ത്യ നക്ഷത്രം രേവതിയാണല്ലോ! അതിന്റെ തൊട്ടു മുന്നേയുള്ള നാളാകയാലാണ് ആ പേരുണ്ടായത്.    

മീനം രാശിയില്‍ നാലുപാദങ്ങളും അടങ്ങുന്ന നക്ഷത്രമാണ്  ഉത്രട്ടാതി. (ഒരു രാശിയില്‍ തന്നെ നാലുപാദങ്ങളും വരുന്ന നക്ഷത്രത്തെ ‘മുഴുനാള്‍’ എന്നു വിളിക്കുന്നു. മുഴുനാളില്‍ ജനിക്കുന്നവരുടെ വ്യക്തിത്വം ശക്തവും ഉദ്ഗ്രഥിതവുമായിരിക്കും) അതിനാല്‍ ഇവരെ മീനക്കൂറുകാര്‍ എന്നുപറയുന്നു.    

ജന്മനക്ഷത്രത്തിന്റെ പ്രാതിസ്വികഭാവങ്ങള്‍ സ്വാധീനം ചെലുത്തുന്നത് പോലെ ജന്മരാശിയുടെ സവിശേഷതകളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രതിഫലിക്കും. രാശികളുടെ അവയവ കല്പനയില്‍ കാല്പാദങ്ങളെ കുറിക്കുന്നു, മീനം രാശി. അതിനാല്‍ യാത്ര ഇവര്‍ക്ക് ജീവിതത്തിന്റെ ഭാഗമായിരിക്കും. പ്രവാസജീവിതം നയിക്കാന്‍ ഏറ്റവും സാധ്യതയുള്ള നാളുകളില്‍ ഉത്രട്ടാതിയുമുണ്ട്.    

മീനം രാശിയുടെ നാഥനായ വ്യാഴത്തിന്റെയും ജന്മനക്ഷത്രനാഥനായ ശനിയുടെയും പ്രഭാവം ഇവരില്‍ ശക്തമായ ഫലങ്ങളുണ്ടാക്കുന്നു. പ്രതിലോമഫലം സൃഷ്ടിക്കുന്ന ഒരു ഗ്രഹം ബുധനാണ്. മീനം രാശി ബുധന്റെ നീചരാശിയാണ്. മാത്രമല്ല ബുധന്‍ മീനം രാശിയുടെ പതിനഞ്ച് ഡിഗ്രിയിലാണ്  ‘പരമ നീചം’ എന്ന ഏറ്റവും ബലരഹിത സ്ഥിതിയിലെത്തുന്നത്. അത് ഉത്രട്ടാതി നക്ഷത്രത്തിലാണ്. കൃത്യമായിപ്പറഞ്ഞാല്‍ ഉത്രട്ടാതിയുടെ നാലാം പാദത്തില്‍. ഗ്രഹനിലയില്‍ ബുധന് സദ്ഭാവസ്ഥിതിയും രാശിബലവും ഇല്ലെങ്കില്‍ ബുധന്‍ ക്ലേശങ്ങള്‍ സൃഷ്ടിക്കും. ബുധന് വിദ്യയുടെ കാരകത്വമുള്ളതിനാല്‍ പഠനവൈകല്യം , വിദ്യാഭ്യാസത്തിന് വിഘ്‌നം, ആശിച്ച വിഷയങ്ങളില്‍ ഉപരിപഠനം നടത്താന്‍ കഴിയാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. ‘എഴുത്തും ഗണിതം വാക്കും/കളിയും കൗശലങ്ങളും/ജ്ഞാനം, ബന്ധുക്കള മ്മാവന്‍/ത്വക്കും പക്ഷികളും ബുധാത്’ എന്ന ഒരു പഴയ പദ്യം (ജ്യോതിഷദീപമാല) ബുധന്‍ എന്തിന്റെയൊക്കെ കാരകനാണെന്ന് സൂചിപ്പിക്കുന്നു. അവയെല്ലാം തന്നെ ഉത്രട്ടാതി നാളുകാര്‍ക്ക് പ്രശ്‌ന ഹേതുക്കളായേക്കാം. ഗ്രഹനിലയെ മുന്‍ നിര്‍ത്തിയുള്ള അഭിപ്രായമല്ലാത്തതിനാല്‍ ഇതൊരു സാധ്യത മാത്രമാണ് .      

പൂരുട്ടാതിയുടെ ദേവനായ അജൈകപാത്തിനെക്കുറിച്ചും ഉത്രട്ടാതിയുടെ ദേവനായ അഹിര്‍ബുദ്ധ് നിയെക്കുറിച്ചും നക്ഷത്ര വിജ്ഞാനികള്‍ക്കു പോലും കാര്യമായ വിവരങ്ങള്‍ തരാനാവുന്നില്ല എന്നത് ഖേദകരമാണ്. വിശ്വകര്‍മ്മാവിന് സുരഭിയില്‍ ജനിച്ച മക്കളാണ് അജൈകപാത്, അഹിര്‍ബുദ്ധ്‌നി , ത്വഷ്ടാവ് തുടങ്ങിയവര്‍ എന്ന് പറയപ്പെടുന്നു. (അവലംബം പുരാണിക് എന്‍സൈക്ലോപീഡിയ)  അഹി എന്നാല്‍ പാമ്പാണെന്നും പാമ്പിനെ നിയന്ത്രിക്കുന്ന ദേവനാണെന്നും ചിലര്‍ വാദിക്കുന്നു. പാതാള ലോകത്തില്‍ കഴിയുന്നവനാണ്, പാശ്ചാത്യരുടെ പ്ലൂട്ടോയ്‌ക്ക് തുല്യനാണ് എന്നൊരു നിരീക്ഷണം വായിച്ചതോര്‍മ്മ വരുന്നു. എന്നാല്‍ അഹസ്സ് എന്നത് പകല്‍ അഥവാ വെളിച്ചമാണ് എന്നും അതിനെക്കുറിക്കുന്ന അറിവുകളുടെ ദേവനാണെന്നും ശക്തമായ വാദമുണ്ട്. അങ്ങനെ വരുമ്പോള്‍ ഇത് സൂര്യദേവന്‍ തന്നെയാണെന്ന വാദവും അംഗീകരിക്കപ്പെടേണ്ടതായുണ്ട്. മൂന്നാമതൊരു പക്ഷം കൂടിയുണ്ട്. പൂരുട്ടാതിയും ഉത്രട്ടാതിയും ശൈവ വൈഷ്ണവങ്ങളെ, അവയുടെ സമന്വയങ്ങളെ കുറിക്കുന്നു. ഭാദ്രപദം എന്ന ഒരു നക്ഷത്രത്തിന്റെ രണ്ടു പകുതികളാണല്ലോ പൂരുരുട്ടാതിയും ഉത്രട്ടാതിയും. പൂരുരുട്ടാതി ശൈവവും, ഉത്രട്ടാതി വൈഷ്ണവവും! അങ്ങനെയുമുണ്ട് അവയ്‌ക്കിടയില്‍ ഒരു പൂരകത്വം! എന്തായാലും അറിഞ്ഞതിനെക്കാള്‍കൂടുതല്‍ അറിയാനുണ്ടെന്നതാണ് ഉണ്‍മ. ഗൗരവപൂര്‍ണമായ അന്വേഷണങ്ങള്‍ ഇനിയുമിനിയും വേണ്ടി വരുന്ന വിഷയമാണിത്. ഇതില്‍ നിന്നും വ്യക്തമാകുന്ന സത്യം ഉത്രട്ടാതി നാളുകാരുടെ വ്യക്തിത്വത്തിന്റെ സങ്കീര്‍ണ്ണതയാണ്! ഋജുത്വവും വക്രതയും അവിടെയുണ്ട്. വിളക്കിനൊപ്പം വെളിച്ചം എന്നപോലെ നിഴലുമുണ്ടാവുമല്ലോ?

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Astrology