ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ 2017ല്‍ പ്രധാനമന്ത്രിയ്ക്ക് നേരിടേണ്ടിവന്ന സുരക്ഷാ വീഴ്ചയെ പര്‍വ്വതീകരിച്ച് കാണിച്ച് ഇടത് ചായ് വുള്ള വെബ്സൈറ്റായ ദി ക്വിന്റ്. പഞ്ചാബിലെ സുരക്ഷാവീഴ്ചയെ ചെറുതാക്കിക്കാണിക്കാനുള്ള ശ്രമമാണ് ദി ക്വിന്റ് ഇതിലൂടെ നടത്തിയത്. ബുധനാഴ്ചയാണ് പഞ്ചാബിലെ ഒരു ഫ്ളൈഓവറില്‍ കര്‍ഷക പ്രക്ഷോഭം മൂലം പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം 20 മിനിറ്റ് നേരം കുടുങ്ങിപ്പോയത്.
2017ല്‍ പ്രധാനമന്ത്രിയുടെ വാഹനം നോയ്ഡയിലെ ട്രാഫിക്ക് കുരുക്കില്‍ കുടുങ്ങിയപ്പോള്‍ പ്രധാനമന്ത്രിയുടെ സുരക്ഷയെപ്പറ്റി ഒരു ബഹളവും ഉണ്ടായില്ലെന്നതാണ് ക്വിന്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. പഞ്ചാബിലെ ഫ്ളൈഓവറില്‍ മോദിയുടെ അകമ്പടിവാഹനം 20 മിനിറ്റ് നേരം കുരുങ്ങിയതിന്റെ പേരില്‍ ഇപ്പോള്‍ അനാവശ്യ ബഹളമാണ് ഉണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അന്ന് യുപിയില്‍ രണ്ട് മണിക്കൂറോളം പ്രധാനമന്ത്രിയുടെ വാഹനം കുടുങ്ങിയിരുന്നെന്നും ക്വിന്റ് റിപ്പോര്‍ട്ട് ആരോപിക്കുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ട് ഫാക്ട് ചെക്കിന് വിധേയമാക്കിയപ്പോഴാണ് വസ്തുത പുറത്തുവന്നത്. നോയ്ഡയില് 2017ല്‍ ഉണ്ടായ ട്രാഫിക് ജാം രണ്ടു മണിക്കൂറല്ല, ഏതാനും സെക്കന്റുകള്‍ മാത്രമായിരുന്നുവെന്നതാണ് സത്യം. അന്ന് പ്രധാനമന്ത്രി മോദി മെട്രോ ലൈനിന്റെ ഉദ്ഘാടനത്തിന് പോയതായിരുന്നു. പൈലറ്റ് വാഹനം തെറ്റായ വഴിയിലേക്ക് തിരിഞ്ഞു. ഇത് യുപി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സെക്കന്റുകള്‍ക്കകം പ്രശ്നം പരിഹരിച്ചു. രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തു. ഫാക്ട് ചെക്കില്‍ വാര്‍ത്തയുടെ സത്യം പുറത്തുവന്നതോടെ ക്വിന്റിന് അങ്കലാപ്പായി.
ക്വിന്റ് ഉടനെ റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി രണ്ടാമതും പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രിയുടെ കാര്‍ അന്ന് യുപിയില്‍ രണ്ട് മണിക്കൂര്‍ കുടുങ്ങി എന്ന ഭാഗം നീക്കം ചെയ്ത ശേഷമാണ് രണ്ടാമതും അവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.നെറ്റ് വര്‍ക്ക് 18ല്‍ നിന്നും പുറത്തുവന്ന രാഘവ് ബാലും റിതു കപൂറും ചേര്‍ന്നാണ് ദി ക്വിന്റ് ആരംഭിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലും വാര്‍ത്തകള്‍ നല്കുന്ന വെബ്സൈറ്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: