മലപ്പുറം : സര്‍ക്കാര്‍ അനുമതി ലഭിച്ച നാടിന് ആവശ്യമുള്ള പദ്ധതികള്‍ മാറ്റിവെച്ചിട്ടാണ് സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പിടിവാശിയാണ് കാണിക്കുന്നതെന്ന് മെട്രോമാന് ഇ ശ്രീധരന്. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ പരാജയപ്പെട്ടു. ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ലെന്നും ഇ. ശ്രീധരന് വിമര്‍ശിച്ചു.
കേരളത്തിലെ ബ്യൂറോക്രസിയും പരാജയമാണ്. നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല. ആകാശ പാതയാണ് സംസ്ഥാനത്തിന് അനുയോജ്യം. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേന്ദ്രം അനുമതി നല്‍കുമെന്ന് തോന്നുന്നില്ല. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ റെയില്‍വേ പദ്ധതി നടപ്പാക്കാനാവില്ല. പദ്ധതിയുടെ ദോഷവശം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇപ്പോഴുള്ള റെയില്‍വേ ലൈനുകള്‍ നവീകരിക്കുകയാണ് ആദ്യം വേണ്ടത്. അതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ട് പോലുമില്ല. സിഗ്നലിങ് മാറ്റി സുരക്ഷ ഉറപ്പാക്കിയാല്‍ കുറേയേറെ ട്രെയിനുകള്‍ ഇനിയും ഓടിക്കാന്‍ സാധിക്കും. കേരളത്തിന് സബര്‍ബന്‍ ട്രെയിനുകളാണ് ആവശ്യമെന്നും ഇ ശ്രീധരന് പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ട്. പദ്ധതി നടപ്പിലാക്കാന്‍ ആവശ്യത്തിന് പണം കേരളത്തില്‍ ഇല്ല. 64000 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കുന്ന തുക. എല്ലാ മാസവും 4000 കോടിയോളം രൂപയാണ് ശമ്പളം കൊടുക്കാന്‍ വേണ്ടി സര്‍ക്കാര്‍ കടമെടുക്കുന്നത്. എന്നാല്‍ അത് ഒരു ലക്ഷം കോടി കടക്കാന്‍ സാധ്യതയുണ്ട്. അഞ്ച് വര്‍ഷത്തില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറയുന്നുണ്ടെങ്കിലും അത് തീരാന്‍ 15 വര്‍ഷത്തിലധികം എടുക്കും.
കോവളം മുതല്‍ കാസര്‍കോഡ് വരെ ഇന്‍ലാന്റ് വാട്ടര്‍വേ നിര്‍മിച്ചാല്‍ അത് ആര്‍ക്കും ഉപയോഗമില്ലാതാകും. ശബരിമലയില്‍ എയര്‍പോര്‍ട്ട് എന്നതും സര്‍ക്കാരിന്റെ ധൂര്‍ത്തുകളില്‍ ഒന്നാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു. ജനങ്ങള്‍ക്ക് ആവശ്യമുള്ള പദ്ധതികളല്ല മറിച്ച് എല്‍ഡിഎഫിന് ആവശ്യമുള്ള പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഎമ്മില്‍ പലര്‍ക്കും പദ്ധതിയോട് എതിര്‍പ്പുണ്ട്. തന്റെ എതിര്‍പ്പിന് പിന്നില്‍ രാഷ്ട്രീയമില്ല. നാടിന് ആവശ്യമുള്ള പദ്ധതിയെങ്കില്‍ രാഷ്ട്രീയം നോക്കാതെ അതിനെ പിന്തുണയ്ക്കുമെന്നും ഇ. ശ്രീധരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: