കോഴഞ്ചേരി: കോഴഞ്ചേരിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന്റെ മറവില്‍ പമ്പാനദീ തീരം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. പാലം നിര്‍മിക്കുന്നതിന് വേണ്ടി എടുത്ത് മാറ്റുന്ന മണ്ണാണ് നദിയില്‍ തള്ളി തീരം നികത്തുന്നത്.
നദിയിലേക്ക് വെള്ളം ഒഴുകിയെത്തുന്ന തോട്ടിലെ നീരൊഴുക്കും ഇതോടെ തടസ്സപ്പെടുകയാണ്. കഴിഞ്ഞ രണ്ടു മഹാപ്രളയവും ഉരുള്‍ പൊട്ടലും കാരണം പമ്പയിലേക്ക് വലിയ തോതില്‍ മണ്ണും മണലും ഒഴുകിയെത്തി. കൂടാതെ 2018 ലെ പ്രളയസമയത്തു ഡാം തുറന്നു വിട്ടപ്പോള്‍ ഡാമിന്റെ അടിത്തട്ടില്‍ കെട്ടികിടന്ന മണ്ണും പമ്പയിലെത്തി. അങ്ങനെ നദിയുടെ അടിത്തട്ടു ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.
ഭാവിയില്‍ ഉണ്ടാകുന്ന പ്രളയത്തില്‍ നിന്നും രക്ഷ നേടാന്‍ നദിയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്ന വിദഗ്ദ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മണലു നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് വീണ്ടും മണ്ണിട്ടു നദീതീരം നികത്തുന്നത്. നദിയുടെ സ്വാഭാവികത തകര്‍ക്കുന്ന പ്രവര്‍ത്തനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും, ഇട്ട മണ്ണ് അവിടെനിന്നും എടുത്തു മാറ്റണമെന്നും പമ്പാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാജോര്‍ജിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. അതിനാല്‍ എംഎല്‍എ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തണം. പമ്പാനദി നശീകരണത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരെ ചേര്‍ത്തു ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നു പമ്പാ സംരക്ഷണ സമിതി കണ്‍വീനവര്‍ പി.ആര്.ഷാജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: