റാന്നി: പതിറ്റാണ്ടുകളായി നാട്ടുകാരെ വെയിലും മഴയും കൊള്ളിക്കാതിരുന്ന കാത്തിരിപ്പു കേന്ദ്രം ഓര്‍മ്മയായി. ഈ കേന്ദ്രം നാടിന്റെ സപ്ന്ദനമായിരുന്നു. മുതിര്‍ന്നവരും കുട്ടികളും ഒത്തുകൂടിയിരുന്നയിടം. റാന്നി ചെത്തോങ്കരക്കും, ചെല്ലക്കാടിനുമിടെയില് എസി സ്കൂള്‍ ജങ്ഷനിലായിരുന്നു കാത്തിരിപ്പു കേന്ദ്രം ഉണ്ടായിരുന്നത്.
ഇന്നലെ രാവിലെയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ടാണ് ഇത് പൊളിച്ചു നീക്കിയത്. വലിയ തോടിനു കരയിലായി പഴയറാന്നി എരുമേലി റോഡായ ഇപ്പോഴത്തേ സംസ്ഥാന പാതയുടെ വശത്തായിരുന്നു ഇതു നിലനിന്നിരുന്നത്.
കാലപ്പഴക്കത്താല്‍ കോണ്ക്രീറ്റുകള് പൊളിഞ്ഞും അടിത്തറ ഇളകിയും ബലക്ഷയം നേരിട്ടിരുന്ന കേന്ദ്രം അവസാന നാളുകളിലും സ്കൂള്‍കുട്ടികളും, യാത്രക്കാരും ഉപയോഗിച്ചിരുന്നു. 2018-ലെ പ്രളയത്തിനു ശേഷമാണ് തോടിന്റെ സംരക്ഷണ ഭിത്തിയോടു ചേര്‍ന്നുള്ള അടിത്തറക്ക് ബലക്ഷയം നേരിട്ടതോടെ കുട്ടികള്‍ കാത്തിരിപ്പു കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാലും ചില സമയങ്ങളില്‍ കുട്ടികളും യാത്രക്കാരും ഉപയോഗിച്ചിരുന്നു.
സംസ്ഥാന പാതക്ക് വീതി കൂട്ടിയതോടെ കാത്തിരിപ്പു കേന്ദ്രം മാറ്റേണ്ടി വന്നു. ഇപ്പോള്‍ പൊളിച്ചു നീക്കിയതിന് സമീപത്തായി കെഎസ്ടിപി ബസ് കാത്തിരിപ്പു കേന്ദ്രവും ബസ്വേയും സ്ഥാപിക്കാന്‍ നീക്കം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: