വടിയോ കുടയോ കൈയില്‍ തൂക്കി തൂവെള്ള ഖദറണിഞ്ഞ്, പ്രസാദാത്മകമായ ചിരിയോടെ അഡ്വ. അയ്യപ്പന്‍പിള്ളസാര്‍ നടന്നുവരുന്ന കാഴ്ച ഇനിയില്ല. തിരുവനന്തപുരത്തിന്റെ സാമൂഹ്യജീവിതത്തില്‍ അദ്ദേഹം ഇല്ലെന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്.
1934ല്‍ മഹാത്മാഗാന്ധിയെ കണ്ട് അനുഗ്രഹം വാങ്ങിയായിരുന്നു അയ്യപ്പന്‍പിള്ള സാറിന്റെ പൊതുപ്രവര്‍ത്തനത്തിലുള്ള അരങ്ങേറ്റം. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അതില്‍ അംഗമാവുകയും ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. സര് സി.പി. രാമസ്വാമി അയ്യര്‍ ദിവാന് സ്ഥാനം രാജിവച്ച് രാജ്യം വിട്ടപ്പോള്‍ അടുത്ത ദിവാന് ആരായിരിക്കണമെന്ന് നിശ്ചയിക്കാന്‍ അന്ന് ജയിലിലായിരുന്ന പട്ടം താണുപിള്ളയുടെ അഭിപ്രായമറിയാന്‍ മഹാരാജാവ് നിയോഗിച്ചത് അയ്യപ്പന്പിള്ളയെയാണ്. മഹാരാജാവിന്റെയും പട്ടം താണുപിള്ളയുടെയും നിയമോപദേശകന്റെ സ്ഥാനം, അനൗപചാരികമായിട്ടാണെങ്കിലും അയ്യപ്പന്‍പിള്ള സാറിനുണ്ടായിരുന്നു.
1949ല്‍ പട്ടം താണുപിള്ള കോണ്‍ഗ്രസുമായി പിണങ്ങി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും പിന്നീട് അത് പിഎസ്പിയില് ലയിപ്പിക്കുകയും ചെയ്തപ്പോള്‍ അയ്യപ്പന്‍പിള്ളയും പട്ടത്തോടൊപ്പം നിന്നു. 1974ല്‍ പിഎസ്പിയും എന്‍ഡിപിയും ജനസംഘത്തില്‍ ലയിപ്പിക്കാനുള്ള കരുനീക്കങ്ങള്‍ അയ്യപ്പന്‍പിള്ള ആരംഭിച്ചു. എന്‍ഡിപി അധ്യക്ഷന്‍ കളത്തില്‍ വേലായുധന് നായര്‍, പിഎസ്പി നേതാവ് ആറ്റിങ്ങല്‍ ഗോപാലപിള്ള എന്നിവര്‍ അതില്‍ സഹകരിക്കുകയും എറണാകുളത്തും കോട്ടയത്തും യോഗങ്ങള്‍ കൂടുകയും ലയനത്തിനുള്ള തീരുമാനമെടുക്കുകയും ചെയ്ത സമയത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കളത്തില്‍ വേലായുധന് നായരുടെ ദേഹവിയോഗവും തുടര്‍ന്നുണ്ടായി. 1977ല്‍ ജനതാപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അയ്യപ്പന്‍പിള്ളയും അതില്‍ ചേര്‍ന്നുപ്രവര്‍ത്തിച്ചു.
1980 ഏപ്രില്‍ 16നാണ് കേരളത്തില്‍ ബിജെപി രൂപീകരിക്കാനുള്ള പ്രഥമ സമ്മേളനം എറണാകുളത്ത് നടന്നത്. അതില്‍ അയ്യപ്പന്‍പിള്ള സാര്‍ പങ്കെടുത്തു. അന്നത്തെ ദേശീയ ജനറല്‍ സെക്രട്ടറി എല്‍.കെ.അദ്വാനിയാണ് സമ്മേളനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന സമിതി ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചതും കെ. അയ്യപ്പന്‍പിള്ള സംസ്ഥാന ഉപാധ്യക്ഷനായി. 87 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. പത്തുവര്‍ഷത്തോളം ട്രഷററായി തുടര്‍ന്നു. ബിജെപി സംസ്ഥാന അച്ചടക്കസമിതി അധ്യക്ഷന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളും ദേശീയ കൗണ്‍സില്‍ അംഗത്വവും ദീര്‍ഘകാലം വഹിച്ചു.
തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിച്ച ശ്രീ അരവിന്ദോ കള്‍ച്ചറല്‍ സൊസൈറ്റിയുടെയും കെ.ജി.മാരാര്‍ സ്മാരക ട്രസ്റ്റിന്റെയും ട്രഷററായി 2018 വരെ സേവനമനുഷ്ഠിച്ചു. ദേശീയ താല്‍പ്പര്യം പ്രതിഫലിപ്പിക്കുന്ന ഒരു പത്രം അനിവാര്യമാണെന്നും തോന്നി. അയ്യപ്പന്‍പിള്ള സാര്‍ കേരള പത്രിക എന്നൊരു ദിനപ്പത്രം തുടങ്ങി രണ്ടുവര്‍ഷം നടത്തിയിരുന്നു. വമ്പിച്ച സാമ്പത്തിക നഷ്ടം മൂലം അതിന്റെ പ്രവര്‍ത്തനം നിലച്ചുപോയി.
ശ്രീ മന്നത്തുപത്മനാഭനോടുള്ള വ്യക്തിപരമായ ബന്ധം മൂലം തിരുവനന്തപുരത്ത് കോളേജുകളും സ്കൂളുകളും തുടങ്ങാന്‍ ആവശ്യമായ സ്ഥലം സമ്പാദിക്കാന്‍ അയ്യപ്പന്‍പിള്ള സാര്‍ തന്റെ സ്വാധീനം വിനിയോഗിച്ചിട്ടുണ്ട്. എന്‍എസ്എസിന്റെ ബാങ്കായ കേരള സര്‍വീസ് ബാങ്കിന്റെ ഡയറക്ടറായും അത് സിന്‍ഡിക്കേറ്റ് ബാങ്കില്‍ ലയിപ്പിച്ചപ്പോള്‍ പുതുതായി രൂപീകരിച്ച കേരള സര്‍വീസ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
സ്വാമി ചിന്മയാനന്ദന്റെ ആരാധകനായിരുന്നു അദ്ദേഹം. ചിന്മയാമിഷന് തിരുവനന്തപുരം കേരളത്തിന്റെ ട്രഷററായും ഏറെക്കാലം പ്രവര്‍ത്തിച്ചു. ഗാന്ധി സ്മാരകനിധിയുടെ തിരുവനന്തപുരത്തെ സ്ഥാപനമായ ഗാന്ധിഭവന്റെ പ്രവര്‍ത്തനത്തിലും അയ്യപ്പന്‍പിള്ള സജീവമായിരുന്നു. ഇതിനുപുറമെ തിരുവനന്തപുരത്തിന്റെ വികസനത്തിനുവേണ്ടിയുള്ള ഏതു സംരംഭത്തിലും അദ്ദേഹത്തിന്റെ സഹകരണം ലഭിച്ചിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ആദ്യ കൗണ്‍സിലര്‍ എന്ന പദവി ഉണ്ടായിരുന്നതുകൊണ്ട് എല്ലാവരും അദ്ദേഹത്തെ ബന്ധപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു. ഒരു അഭിഭാഷകന് എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. സത്യസന്ധവും നീതിപൂര്‍വകവുമായ അദ്ദേഹത്തിന്റെ നിലപാട് എല്ലാവര്ക്കും സ്വീകാര്യമായിരുന്നു. തിരുവനന്തപുരത്തുകാരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വേര്‍പാട് അക്ഷരാര്‍ത്ഥത്തില്‍ നികത്താനാവാത്ത വിടവുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: