ചണ്ഡീഗഢ്: സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഒരു ഫ്ളൈഓവറില്‍ കുടുങ്ങിയ പ്രധാനമന്ത്രിയുടെ ജീവന് അപകടത്തിലായിരുന്നുവെന്ന് ദൃക്സാക്ഷിയുടെ മൊഴി.
ആ സമയത്ത് ഫ്ളൈഓവറില്‍ നിന്ന ദൃക്സാക്ഷി മാധ്യമങ്ങള്‍ക്ക് നല്കിയ മൊഴി പഞ്ചാബ് മുഖ്യമന്ത്രിയുടെ പല ന്യായീകരണങ്ങളെയും തകര്‍ക്കുന്ന ഒന്നാണ്. പ്രധാനമന്ത്രിയെ ഒരു ഫ്ളൈ ഓവറില്‍ 15-20 മിനിറ്റ് നേരം കുടുക്കിയിട്ട സാഹചര്യം സൃഷ്ടിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറയുന്നു.
പ്രധാനമന്ത്രി പൊടുന്നനെ യാത്രാ റൂട്ട് മാറ്റിയതിനെക്കുറിച്ചറിയില്ലെന്നാണ് സുരക്ഷാവീഴ്ചയെ ന്യായീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി വിശദീകരിച്ചത്. എന്നാല്‍ ദൃക്സാക്ഷിയുടെ മൊഴി ഇങ്ങിനെ: ‘മുഖ്യമന്ത്രി ഛന്നിയുടെ പ്രസ്താവന വഴിതെറ്റിക്കുന്ന ഒന്നാണ്. ഞാന്‍ 11മണിക്ക് അവിടെ ഉണ്ടായിരുന്നു. സമരക്കാര്‍ ബസുകള്‍ നശിപ്പിച്ചു. ഏതാണ്ട് 100-200 പൊലീസുകാര്‍ അവിടെ ഉണ്ടായിരുന്നു. ഇത് ഗൂഡാലോചനയാണ്. അവിടെ ഒരു പ്രതിഷേധം നടക്കുന്നുവെങ്കില്‍ എങ്ങിനെയാണ് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ അത് വഴി കടത്തിവിടുക? അവര്‍ റോഡുകള്‍ ബ്ലോക്കു ചെയ്യുകയും ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. 11 മണി മുതല്‍ അക്രമം നടന്നിരുന്നു. ഉപമുഖ്യമന്ത്രി ഒ.പി. സോണിയുടെ അകമ്പടി വാഹനം അതുവഴി കടന്നുപോയപ്പോള്‍ പൊലീസും സമരക്കാരും അത് കടന്നുപോകാന്‍ അനുവദിച്ചു,’ – ദൃക്സാക്ഷി പറഞ്ഞു.
‘റൂട്ട് ക്ലിയര്‍ ആണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സമരക്കാര്‍ രാവിലെ മുതല്‍ തന്നെ അവിടെ തമ്പടിച്ചിരുന്നു. രാവിലെ സമരക്കാര്‍ എല്ലാവരും ടോള്‍ പ്ലാസയിലായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വരുന്നതറിഞ്ഞ് അവര്‍ ഫ്ളൈ ഓവറിലേക്ക് വന്നു.’- ദൃക്സാക്ഷി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: