കരമന: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് എളുപ്പത്തില്‍ എത്താവുന്ന ബണ്ട് റോഡ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിട്ട് നാളുകളേറെ. നഗരസഭ അധികൃതരുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും തികഞ്ഞ അശ്രദ്ധയാണ് ഇതിന് കാരണം. പരാതിപ്പെടുന്നവരെ ഭരണകക്ഷിയില്‍ സ്വാധീനം ചെലുത്തി ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണെന്ന ആക്ഷേപവും വ്യാപകമാണ്.
കിള്ളിപ്പാലത്തു നിന്ന് തുടങ്ങി ആറ്റുകാല്‍ ചിറപ്പാലം വരെ നീണ്ടു കിടക്കുന്നതാണ് ബണ്ട് റോഡ്. ആറ്റുകാല്‍ ദേവീക്ഷേത്രത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് ഈ റോഡ് കടന്നു പോകുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തിലെത്താന്‍ ഭക്തര്‍ കൂടുതലും ഈ റോഡാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ തലസ്ഥാന നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കുള്ളതുമായ റോഡുകളില്‍ ഒന്നാണിത്. എന്നാല്‍ ഈ റോഡ് ഇപ്പോള്‍ അനധികൃത സ്ഥാപനങ്ങളുടെയും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ലൈസന്‍സില്ലാതെ പതിനഞ്ചോളം വാഹന വര്‍ക്ക് ഷോപ്പുകളും പത്തോളം ആക്രി കടകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവിടെ പത്തുസെന്റ സ്ഥലം കൈവശപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഒരു കണ്ണാടിക്കടയ്ക്ക് അര സെന്റ് ഭൂമി മാത്രമാണ് നിയമപ്രകാരമുള്ളത്. ബാക്കി കൈയ്യേറ്റ ഭൂമിയാണ്. തിങ്കളാഴ്ച കത്തിയമര്‍ന്ന ആക്രി കടയും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ആക്രി കയറ്റാന്‍ വരുന്ന വലിയ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തി സാധനങ്ങള്‍ കയറ്റുന്നത് പലപ്പോഴും ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്.
പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഗുണ്ടകളുടെയും പിന്ബലത്താല് ആണ് ഇവ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് തന്നെ നാട്ടുകാര്‍ ഇവരുടെ ചെയ്തികളെ ചോദ്യം ചെയ്യാന്‍ ഭയപ്പെടുന്നു. പോലീസില്‍ പരാതിപ്പെട്ടാലും യാതൊരു പ്രയോജനവും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിനിരുവശത്തുമായി പതിനഞ്ചോളം ടെംപോ, കാര്‍, ഓട്ടോറിക്ഷാ, ബൈക്ക് വര്‍ക്ക്ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ക്ക്ഷോപ്പില്‍ റിപ്പയറിംഗിന് വരുന്ന വാഹനങ്ങള്‍ നിരനിരയായി റോഡിനിരുവശവും പാര്‍ക്ക് ചെയ്യുകയാണ് പതിവ്. ഇത് ചില സമയങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. നഗരത്തില്‍ നിന്നും കാലടി, തളിയല്‍, മരുതൂര്‍ക്കടവ്, കരുമം എന്നീ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ തിരക്കില്ലാതെ യാത്ര ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ബണ്ട് റോഡാണ്. മാത്രമല്ല ആറ്റുകാല്‍ പൊങ്കാല സമയം നഗരത്തിലെ മറ്റു റോഡുകളിലെല്ലാം പൊങ്കാലയിടാന്‍ അനുവദിക്കുമെങ്കിലും ചിറപ്പാലം കിളളിപ്പാലം ബണ്ട് റോഡ് പൊങ്കാല നാളില്‍ എമര്‍ജന്‍സി റോഡായി ഉപയോഗിക്കുന്നതിനാല്‍ അവിടെ പൊങ്കാലയിടാന്‍ പോലും അനുവദിക്കാറില്ല. അത്രയ്ക്ക് പ്രാധാന്യമുള്ള റോഡാണ് ചിലര്‍ കൈയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് യാത്രാ തടസ്സം സൃഷ്ടിക്കുന്നത്. വര്‍ക്കു ഷോപ്പില്‍ പണിതീരാത്ത വാഹനങ്ങളും ഉപയോഗശൂന്യമായ വാഹനങ്ങളും റേഡിനിരുവശവും ഇപക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നതും യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
ഭരണസംവിധാനത്തെയും നിയമസംവിധാനത്തെയും വെല്ലുവിളിച്ച് കിളളിയാര്‍ കൈയേറി അനധികൃതനിര്‍മാണം തകൃതിയായി നടക്കുന്നു. കൈയേറ്റക്കാര്‍ക്ക് സിപിഎം നേതാക്കളുടെയും പോലീസിലെ ഒരു വിഭാഗത്തിന്റെയും മൗനാനുവാദവുമുണ്ട്. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് കോര്പ്പറേഷന് സെക്രട്ടറിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും നാളിതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല എന്നും കരമന അജിത് പറഞ്ഞു. അനധികൃത വര്‍ക്ക് ഷോപ്പുകളുടെയും ആക്രി കടകളുടൈയും മറവില്‍ മയക്കുമരുന്ന് ഉപയോഗവും വിപണനവും നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ബണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന ലോഡ്ജില്‍ മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്നറിഞ്ഞ് പരിശോധനയ്ക്കെത്തിയ പോലീസിനു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് കുറച്ചു കാലംം പോലീസ് ജാഗ്രത പാലിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ വീണ്ടും മയക്കുമരുന്ന് മാഫിയ ഈ ഭാഗത്ത് ശക്തിപ്പെട്ടു വരുന്നതായും നാട്ടുകാര്‍ പറയുന്നു. ബണ്ട് റോഡില്‍ നിയമവിരുദ്ധമായും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന എല്ലാാ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: