ബംഗളൂരു: കര്‍ണാടകയിലെ കോപ്പയിലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജില്‍ മുസ്ലീം സ്ത്രീകള്‍ ക്ലാസുകളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ചില വിദ്യാര്‍ത്ഥികള്‍ കാവി നിറത്തിലുള്ള സ്കാര്‍ഫുകള്‍ ധരിച്ച് പ്രതിഷേധിച്ചു. വ്യത്യസ്തമായ പ്രതിഷേധം ശക്തമായതോടെ വിഷയത്തില്‍ മാനേജ്മെന്റ് കുടുങ്ങി.
ഇതേത്തുടര്‍ന്ന് കര്‍ണ്ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലുള്ള ബലാഗഡി ഫസ്റ്റ് ഗ്രേഡ് കോളേജില്‍ ക്ലാസുകളില്‍ കാവി ഷാള്‍ ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജനുവരി 10 വരെ ഡ്രസ് കോഡ് സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് തീരുമാനിക്കാന്‍ ജനുവരി 10 ന് നടക്കുന്ന യോഗത്തില്‍ രക്ഷിതാക്കളോട് പങ്കെടുക്കാന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എസ് അനന്ത ആവശ്യപ്പെട്ടു.
ക്ലാസ് മുറികളിലൊഴികെ കാമ്പസില്‍ മറ്റെവിടെയും പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാമെന്നായിരുന്നു കോപ്പ താലൂക്കിലെ ബാലഗഡിയിലെ കോളേജ് അധികൃതര്‍ വ്യക്തമാക്കിയത്. 850 വിദ്യാര്‍ഥികളാണ് കോളേജില്‍ പഠിക്കുന്നത്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതിയുള്ളതിനാല്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ കാവി ഷാള്‍ ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 50 ഓളം വിദ്യാര്‍ത്ഥികളുടെ ഒരു സംഘം ഇന്നലെ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിച്ചിരുന്നു.
മുസ്ലീം സ്ത്രീകള്‍ ഹിജാബ് ധരിച്ചാണ് കോളേജിലേക്ക് വരുന്നതെന്ന് ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ വിനയ് കോപ്പ പറഞ്ഞു. ‘മൂന്ന് വര്‍ഷം മുമ്പ് കോളേജില്‍ സമാനമായ ഒരു വിവാദമുണ്ടായിരുന്നു. ആരും കോളേജില്‍ ഹിജാബ് ധരിച്ച് വരേണ്ടതില്ലെന്ന് തീരുമാനിച്ചു, എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില സ്ത്രീകള്‍ അത് ധരിച്ച് കോളേജിലേക്ക് വരുന്നു, അതിനാല്‍ ഞങ്ങളും ഇന്നലെ മുതല്‍ കാവി സ്കാര്‍ഫ് ധരിച്ച് കോളേജിലേക്ക് വരികയാണെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കാമ്പസില്‍ ഹിജാബ് ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ മുസ്ലീം വിദ്യാര്‍ത്ഥികളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ നിരസിച്ചതായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: