കോട്ടയം: കേരളത്തിന് നഷ്ടം മാത്രം ഉണ്ടാക്കുന്ന ജപ്പാൻ ഉപേക്ഷിച്ച സിൽവർ ലൈൻ പദ്ധതിയുമായി മുഖ്യമന്ത്രി ഇറങ്ങിത്തിരിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ജനപക്ഷം നേതാവ് പി. സി. ജോർജ്ജ്. പദ്ധതി വിശദീകരണത്തിനായി പ്രമുഖരെ വിളിച്ചു ചേർത്ത് മുഖ്യമന്ത്രി നടത്തുന്ന യോഗം അപ്രസക്തമാണെന്നും ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2025 ൽ ഇന്ത്യൻ റെയിൽവേ 160 കിലോമീറ്റർ സ്പീഡിൽ ഗതാഗതം ആരംഭിക്കുന്നതിന് ഡബിൾ ലൈൻ ആക്കുന്നതിന് നടപടി സ്വീകരിച്ചു കഴിഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ എറണാകുളം ഷൊർണൂർ ലൈനിനു വേണ്ടി 1500 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. എന്നിട്ടും കുറഞ്ഞത് രണ്ടു ലക്ഷം കോടി രൂപയെങ്കിലും ചെലവു വരുന്ന, നടപ്പാക്കാൻ സാധ്യതയില്ലാത്ത ഈ പദ്ധതി പ്രചരണവുമായി മുഖ്യമന്ത്രി നീങ്ങുന്നതിൽ ദുരൂഹതയുണ്ട്.
2016-2021 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ പിണറായി ഗവൺമെന്റ് പരാജയമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പോലീസ് നരനായാട്ട് ഇന്നുവരെ കേരളത്തിൽ ഉണ്ടാവാത്ത തരത്തിലുള്ള ഭീകരതയാണ് സൃഷ്ടിച്ചിട്ടുള്ളത്. മാന്യന്മാരായ പോലീസുകാരെ പോലും അപമാനിക്കുന്ന തരത്തിൽ സിപിഎം ബന്ധമുള്ള പോലീസ് അസോസിയേഷൻ അംഗങ്ങൾ ഭീകരത സൃഷ്ടിക്കുകയാണ്. കൊലപാതക കേസിൽ പോലും നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ പിണറായിയുടെ പോലീസിന് കഴിയുന്നില്ല.
പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടുകൂടി അധികാരത്തിൽ വന്ന പിണറായിക്ക് നീതി നടപ്പാക്കുവാൻ കഴിയില്ല. ജനങ്ങളിൽ ചേരിതിരിവ് ഉണ്ടാക്കാനുള്ള പിണറായിയുടെ ശ്രമം അപലപനീയമാണ്. കെ -റെയിൽ പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു മുഖം രക്ഷിക്കുന്നതാണ് ഉചിതമെന്നും ജോർജ്ജ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: