കേരള നിയമസഭയിലെ കയ്യാങ്കളിക്കേസ് തുടരുകയാണ്. ആറുവര്‍ഷം മുന്‍പ് മാര്‍ച്ച് 13 നാണ് നിയമസഭയില്‍ അടി, പിടിതുടങ്ങിയതെല്ലാം അരങ്ങേറിയത്.സംഭവവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ച ദൃശ്യങ്ങളാണെന്നാണ് പ്രതിപ്പട്ടികയിലുള്ളവരുടെ പരിഭവം. എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധം മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടി. പ്രതികളുടേത് പ്രതിഷേധമായിരുന്നു, മറിച്ച് അക്രമമല്ല. ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം. വാച്ച് ആന്‍ഡ് വാര്‍ഡായി വന്ന പോലീസുകാര്‍ അതിക്രമം കാണിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തും തള്ളിലുമാണ് സ്പീക്കറുടെ കസേര, കംപ്യൂട്ടര്‍ തുടങ്ങിയവ നശിച്ചത്. 21 മന്ത്രിമാര്‍ ഉള്‍പ്പെടെ 140 എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും കേസില്‍ പോലീസുകാര്‍ മാത്രമാണ് സാക്ഷികളായതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍, പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു. ചെയ്യുന്നത് നിയമപരമായി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികള്‍ പൊതുമുതല്‍ നശിപ്പിച്ചത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ ഒരു എംഎല്‍എയ്ക്കും നശിപ്പിക്കാനാകില്ല. പ്രതികള്‍ പൂര്‍ണബോധ്യത്തോടെയാണ് അക്രമം നടത്തിയത്. ഇത്തരമൊരു പ്രവൃത്തി നിയമസഭാ ചരിത്രത്തിലാദ്യമാണെന്നും പ്രോസിക്യൂഷന് വാദിക്കുന്നു.വിടുതല്‍ ഹര്‍ജിയില്‍ ഏഴിന് കോടതി ഉത്തരവ് പുറപ്പെടുവിക്കും. ധനമന്ത്രിയായിരുന്ന കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. പ്രതികള്‍ ബഡ്ജറ്റ് അവതരണത്തിന്റെ തലേദിവസം സഭയില്‍ തങ്ങിയതില്‍ നിന്ന് സഭ തല്ലിത്തകര്‍ക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു എന്ന പ്രതികളുടെ വാദം അംഗീകരിക്കാനാകില്ല. ബഡ്ജറ്റ് അവതരണം തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തില്‍ തീരുമാനിക്കേണ്ട കാര്യമല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. വിചാരണ നേരിടണമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. 2,20,093 രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. അഞ്ചോളം സാക്ഷികള്‍ പ്രതികളുടെ പങ്കും അവര്‍ തല്ലിത്തകര്‍ത്ത സാധനങ്ങളെക്കുറിച്ചും വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യ വിചാരണയുടെ ഭാഗമായുള്ള ചെറു വിചാരണയായി വിടുതല്‍ ഹര്‍ജിയെ കാണാന്‍ ഉദ്ദേശ്യമില്ലെന്നും കോടതി വ്യക്തമാക്കി. പോലീസ് ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിഡിയില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് വളരെ വ്യക്തവും ആവശ്യത്തിലേറെ തെളിവ് നല്കുന്നതുമാണ്. അടുത്ത ദിവസമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന പ്രതികളുടെ വാദത്തില്‍ കഴമ്പില്ല.
ദൃശ്യങ്ങള്‍ക്ക് സാക്ഷ്യപത്രം ഇല്ലാതിരുന്നതിനാല്‍ ഇതില്‍ കൃത്രിമം കാണിച്ചിരിക്കാമെന്നും ദൃശ്യങ്ങള്‍ വ്യാജമാണെന്നുമുള്ള പ്രതികളുടെ വാദം അംഗീകരിക്കാനാവില്ല. സെക്രട്ടറി ഡിവിഡി അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നല്‍കിയിരുന്നില്ല. സെക്രട്ടേറിയേറ്റിലെ ഇലക്ട്രോണിക്സ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നേരിട്ടാണ് ഡിവിഡിയില്‍ നിന്ന് പകര്‍പ്പ് എടുത്തത്. കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ പ്രവര്‍ത്തി സംശയം ജനിപ്പിക്കുന്നതും വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്തതുമാണെന്നും കോടതി നിരീക്ഷിച്ചു. തടിയൂരി കിട്ടാന്‍ പറ്റാവുന്ന പണിയെല്ലാം പ്രതികള്‍ ചെയ്യുന്നുണ്ട്. എന്നിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. അവസാനത്തെ പണിത്തിരക്കിലാണ് പ്രതികളെല്ലാം. എന്നിട്ടും വിശ്വാസം പോര. അലമ്പാവുമോ മാര്‍ച്ച് പതിമൂന്ന് എന്ന ആശങ്കയിലാണ് എല്ലാവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: