തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ, ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിച്ചു. സസ്പെന്ഷന് കാലാവധി തീര്‍ന്ന ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശയാണ് മുഖ്യമന്ത്രി അംഗീകരിച്ചത്.
അതേസമയം പുതിയ നിയമനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതോടെ ഒന്നര വര്‍ഷമായി സസ്പെന്‍ഷനിലായിരുന്നു എം. ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ഉദ്യോഗസ്ഥന്റെ തിരിച്ചുവരവാണ് ഇതോടെ സാധ്യമാകുന്നത്. ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി സ്വര്‍ണ്ണക്കടത്തു നടത്തിയ കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 16നായിരുന്നു സസ്പെന്ഷന്. സ്വര്‍ണക്കടത്ത് കേസിനു പുറമെ ലൈഫ് മിഷന് അഴിമതിക്കേസിലും ഡോളര്‍ കടത്ത് കേസിലും പ്രതിയാണ് എം. ശിവശങ്കര്‍.
ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നിയന്ത്രിച്ചിരുന്ന പ്രധാനികളില്‍ ഒരാളാണ് അദേഹം. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വ്വീസ് കാലാവധിയുളളത്. അറസ്റ്റിന് ശേഷം 98 ദിവസം ജയില്‍ വാസം അനുഭവിച്ചു. 2020 ഫെബ്രുവരി നാലിന് ശിവശങ്കര്‍ ജാമ്യത്തില്‍ ഇറങ്ങി. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷും ഇപ്പോള്‍ ജാമ്യത്തിലാണ്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് കിട്ടിയ കമ്മിഷനെന്നാണ് ഇ.ഡി പറയുന്നത്. ഇതിന്റെ തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: