കൊട്ടിയം: അയത്തില്‍ മുതല്‍ ചെമ്മാംമുക്ക് വരെ രണ്ടുമാസത്തേക്ക് റോഡ് അടച്ചതിനാല്‍ ബസ് തൊഴിലാളികളും നാലു കിലോമീറ്ററോളം ദൂരത്തിലുള്ള ജനങ്ങളും ദുരിതത്തിലായി. പൈപ്പിടലിനണ്ടും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് റോഡ് അടച്ചത്. പുളിയത്തുമുക്ക്, അപ്സര, അമ്മന്‍നട നിവാസികള്‍ക്ക് കൊല്ലം ഭാഗത്തേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
ബസുകള്‍ വഴിതിരിച്ചുവിടുന്നതിനാല്‍ സമയക്രമം പാലിച്ച് ബസുകള്‍ക്ക് ഓടിയെത്താനാകാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഒട്ടുമിക്ക ബസുകളും കൊല്ലത്തെത്തി ഉടന്‍തന്നെ മടങ്ങേണ്ടവയാണ്. അയത്തില്‍ മുതല്‍ കൊല്ലം വരെ സ്വകാര്യ ബസുകള്‍ക്ക് പന്ത്രണ്ട് മിനിറ്റാണ് യാത്രാസമയം അനുവദിച്ചിട്ടുള്ളത്. അയത്തില്‍ നിന്നും മേവറം വഴി കൊല്ലത്ത് എത്തണമെങ്കില്‍ കുറഞ്ഞത് 20 മിനിറ്റിലധികം വേണ്ടിവരും. മേവറം ബൈപാസ്സ്, കപ്പലണ്ടിമുക്ക്, എന്നിവിടങ്ങളിലെ ട്രാഫിക് സിഗ്നലുകള്‍ കടന്നുവരാന്‍ കൂടുതല്‍ സമയം വേണ്ടിവരും. കണ്ണനല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നതില്‍ ഭൂരിഭാഗം ബസുകളും ദീര്‍ഘദൂര ബസുകളാണ്. വഴിതിരിച്ചുവിടുന്നതിനാല്‍ സമയക്രമം അനുസരിച്ച് ഓരോ സ്ഥലത്തും ഈ ബസുകള്‍ക്ക് ഓടി എത്താന്‍ കഴിയുന്നില്ല. കൊല്ലം മുതല്‍ മേവറം വഴി അയത്തില്‍ വരെയുള്ള പന്ത്രണ്ട് കിലോമീറ്റര്‍ ദൂരം യാത്രക്കാരെ കയറ്റാനണ്ടും കഴിയാത്ത സ്ഥിതിയാണ്.
ഡീസല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട് നഷ്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുമ്പോഴാണ് ഇരുട്ടടിയായി റോഡ് അടച്ചിടലുണ്ടായത്. റോഡ് അടച്ചതോടെ ദീര്‍ഘദൂര ബസുകള്‍ പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. പല ബസുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
സര്‍വീസ് നിര്‍ത്തിയതോടെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സ്ഥിതിയാണ്. തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനായി പൈപ്പിടല്‍ ജോലികള്‍ രാത്രിയിലാക്കുകയോ, ഒരുവശത്തേക്ക് ബസുകള്‍ പോകാനുള്ള സംവിധാനമോ ഉണ്ടാക്കണമെന്ന് കൊല്ലം ബസ് വര്‍ക്കേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കാനും തൊഴിലാളി സംഘടന തീരുമാനിച്ചിട്ടുണ്ട്. അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ സൂചനാ പണിമുടക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: