ഗണേഷ് മോഹന്‍
തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി സിപിഎം നടത്തിയ കള്ളപ്രചാരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പാര്‍ട്ടി കൂടി പങ്കാളിയായ 1971 ലെ തലശ്ശേരിയിലെ അക്രമങ്ങളെ, കൊള്ളയെ, കൊള്ളിവെപ്പിനെ ന്യായീകരിക്കാന്‍ അടിസ്ഥാന രഹിതമായ വാദങ്ങളാണ് അവര്‍ നിരത്തുന്നത്. അക്രമത്തിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും മറ്റ് സംഘടനകളുടെ മേല്‍ ചാര്‍ത്തി നല്ലപിള്ള ചമയുകയാണ് കലാപാനന്തരം സിപിഎം ചെയ്തുവരുന്നത്. എന്നാല്‍ സംഭവം അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും ചരിത്രപരമായ രേഖകളും സംഭവത്തെ സംബന്ധിച്ച് വസ്തുതകള്‍ നേരിട്ടു കണ്ട ഇന്നും ജീവിച്ചിരിക്കുന്നവരുടെ ഓര്‍മകളും അക്രമങ്ങളില്‍ സിപിഎമ്മിന്റെ പങ്ക് പകല്‍ പോലെ വ്യക്തമാക്കുന്നു.
1969ല്‍ ഇഎംഎസ് മന്ത്രിസഭയ്‌ക്ക് പുറത്ത് പോയി. സിപിഎമ്മിനൊപ്പം നിന്ന ഘടകക്ഷികളെല്ലാം (മുസ്ലീം ലീഗ് ഉള്‍പ്പെടെ) പുറത്തുപോയി സി. അച്ചുത മേനോന്റെ മന്ത്രിസഭയ്‌ക്ക് പിന്തുണ നല്‍കി. ശക്തികേന്ദ്രമായ തലശ്ശേരി മേഖലയിലടക്കം സിപിഎമ്മില്‍ അന്തഛിദ്രം രൂക്ഷമായ സാഹചര്യത്തിലാണ് തലശ്ശേരിയില്‍ അക്രമങ്ങളാരംഭിക്കുന്നത്. തലശ്ശേരി എംഎല്‍എയായിരുന്ന കെ.പി.ആര്‍. ഗോപാലനടക്കം സിപിഎം വിട്ട് നക്‌സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ മുസ്ലീം മതവിഭാഗത്തെ കൂടെക്കൂട്ടാനും പാര്‍ട്ടിയിലെ വിഭാഗീയത മറച്ചു വയ്‌ക്കാനും സിപിഎം നേതൃത്വം വളരെ ആസൂത്രിതമായി നടത്തിയതായിരുന്നു അക്രമം. കൂടാതെ സിപിഎമ്മിന്റെ മുസ്ലീംലീഗ് വിരുദ്ധതയുടെയും മുസ്ലീം വിരുദ്ധതയുടെയും തുടര്‍ച്ചയായിരുന്നു അക്രമങ്ങളെന്ന് വസ്തുതകള്‍ അന്വേഷിക്കുന്ന ആര്‍ക്കും ബോധ്യമാവും.
- സിപിഐ അന്നേ പറഞ്ഞു
തലശേരി നാരങ്ങാപുറത്തെ മേലൂട്ട് മുത്തപ്പന്‍ മഠപ്പുരയിലേക്കുള്ള കലശ ഘോഷയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഘോഷയാത്രയില്‍ മാര്‍ക്സിസ്റ്റ് അനുഭാവികള്‍ സജീവമായി പങ്ക് കൊണ്ടുവെന്നും മാട്ടാങ്കോട്ട് രഘുവെന്ന വ്യക്തി ഉള്‍പ്പടെ ഘോഷയാത്രയില്‍ പങ്കെടുത്ത ഏകദേശം 150 പേരില്‍ ഭൂരിഭാഗം പേരും മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. രഘുവിനെ കമ്മിഷന്‍ എട്ടാം സാക്ഷിയായി വിസ്തരിച്ചിരുന്നു.
താനൊരു മാര്‍ക്സിസ്റ്റുകാരനാണെന്നും ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനാണെന്നും രഘു തന്നെ കമ്മിഷനു മൊഴി കൊടുത്തിട്ടുണ്ട്. കലാപത്തിന്റെ മുന്നൊരുക്കവും ആസൂത്രണങ്ങളും ഗൂഢാലോചനയും മാട്ടാങ്കോട്ട് രഘുവിന്റെ നേതൃത്വത്തിലായിരുന്നു നടന്നത് എന്ന് സിപിഐ നേതാവ് കെ.പി. ശ്രീധരന്‍ അന്നേ ആരോപണം ഉന്നയിച്ചിരുന്നു. കാല്‍നൂറ്റാണ്ട് തലശ്ശേരി നഗരസഭ
അംഗവും പിന്നീട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന കെ.പി. ശ്രീധരന്‍ അന്ന് സിപിഐയുടെ തലശ്ശേരി ടൗണ്‍ സെക്രട്ടറിയായിരുന്നു. കലാപത്തില്‍ സിപിഎം പങ്കാളിത്തം സംബന്ധിച്ച് അന്ന് തലശ്ശേരി എംഎല്‍എയായിരുന്ന സിപിഐ നേതാവ് എന്‍.ഇ. ബാലറാമും അന്നേ വെളിപ്പെടുത്തിയിരുന്നു.
പാര്‍ട്ടി പറഞ്ഞു, പ്രവര്‍ത്തകര്‍ നിര്‍ത്തികലാപത്തെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത 569 എഫ്‌ഐആറുകള്‍ പരിശോധിച്ചാല്‍ ബഹുഭൂരിഭാഗവും മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ് പ്രതികളെന്നതും വ്യക്തമാണ്. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന തോട്ടുമ്മല്‍, പാറപ്രം, നിട്ടൂര്‍, മാടപ്പീടിക, മൂലക്കടവ്, പൊന്ന്യംപാലം, സറാമ്പി തുടങ്ങിയിടങ്ങളിലാണ് പ്രധാനമായും അക്രമങ്ങള്‍ അരങ്ങേറിയത്. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ഭൂരിഭാഗം ഏറ്റെടുത്തത് അന്നത്തെ സിപിഎമ്മിന്റെ പ്രമുഖ അഭിഭാഷകന്‍ ആയിരുന്നു എന്നതും പാര്‍ട്ടിയുടെ പങ്ക് വ്യക്തമാക്കുന്നതാണ്. അക്രമത്തിലും കൊള്ളയിലും പങ്കെടുത്തത് ബഹുഭൂരിഭാഗവും സിപിഎം പ്രവര്‍ത്തകരാണെന്ന് ഇന്നും ജിവിച്ചിരിക്കുന്ന ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. കലാപം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മിഷന് സിപിഐ നേതാക്കളടക്കം നല്‍കിയ മൊഴിയില്‍ നിന്ന് അക്രമത്തില്‍ സിപിഎമ്മിനുള്ള പങ്കാളിത്തം വ്യക്തമാണ്.
കലാപം അവസാനിച്ചതുമായി ബന്ധപ്പെട്ടും സിപിഎം പ്രചരിപ്പിക്കുന്നന്ന വാദങ്ങള്‍ വിചിത്രമാണ്. സിപിഎം നേതൃത്വത്തിന്റെ ആഹ്വാനം കേട്ടയുടന്‍ അക്രമം അവസാനിച്ചുവെന്ന് പറയുന്നത്. സിപിഎമ്മുകാര്‍ അക്രമം നടത്തി, പാര്‍ട്ടി പറഞ്ഞപ്പോള്‍ നിര്‍ത്തി എന്നുറപ്പ്. പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും അക്രമങ്ങള്‍ നടക്കുമ്പോള്‍ കൈയുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നു സിപിഎം എന്ന് ദൃക്‌സാക്ഷികളായവര്‍ സാക്ഷ്യപ്പെടുത്തുന്നു.
- കുഞ്ഞിരാമന്റെ കാവല്‍ എന്ന കള്ളക്കഥ
അക്രമങ്ങള്‍ നടക്കുന്നതിനിടെ പള്ളിക്ക് കാവല്‍ നില്‍ക്കവെ കൊല്ലപ്പെട്ട സിപിഎമ്മുകാരനായ യു.കെ. കുഞ്ഞിരാമന്റെ മരണവും തലശ്ശേരി കലാപവും തമ്മില്‍ ഒരു ബന്ധവും ഇല്ലായെന്ന് നാട്ടുകാര്‍ക്ക് അറിയാം. പിണറായിയിലെ പാറപ്പുറത്തും മറ്റ് സിപിഎം കോട്ടകളിലുമുള്ള പള്ളികള്‍ക്കൊന്നും കാവല്‍ നില്‍ക്കാത്ത സിപിഎമ്മുകാര്‍ കൂത്തു പറമ്പ്-മട്ടന്നൂര്‍ റോഡിലെ അളകാപുരിയിലെ പള്ളിക്ക് മാത്രം കാവല്‍ നിന്നുവെന്ന ചോദ്യവും ബാക്കി നില്‍ക്കുകയാണ്.
1970 ഡിസംമ്പര്‍ 30ന് രാത്രിയോടെ തലശ്ശേരി ശാന്തതയിലേക്ക് തിരിച്ചുവന്നിരുന്നു. ഡിസംബര്‍ 31ന് നാമമാത്രമായ അക്രമസംഭവങ്ങള്‍ മാത്രമാണുണ്ടായത്. യു.കെ. കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്നത് 1972 ജനുവരി 3ന് രാത്രിയാണ്. അതായത് കലാപം അവസാനിച്ച് രണ്ടുനാള്‍ കഴിഞ്ഞ് കിലോമീറ്ററുകള്‍ അകലെയുള്ള കൂത്തുപറമ്പ് പോലീസ്സ്റ്റേഷന്‍ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയില്‍ റോഡില്‍ അളകാപുരി കള്ളുഷാപ്പിന് സമീപത്ത് വെച്ചാണ് കുഞ്ഞിരാമന്‍ മരപ്പലകകൊണ്ട് അടിയേറ്റ് മരിച്ചത്. തലശ്ശേരിക്ക് പുറത്തേക്ക് കലാപംവ്യാപിച്ചിരുന്നില്ലെന്നും ഓര്‍ക്കേണ്ടതുണ്ട്. കൂത്തുപറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത 51 കേസുകളില്‍ കുഞ്ഞിരാമന്റെ മരണം തലശ്ശേരി കലാപത്തിന്റെ ഭാഗമായുള്ള അക്രമത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹാജരായ കക്ഷികള്‍ ആകെ 41 സ്റ്റേറ്റ്മെന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നു. ഒന്നില്‍പ്പോലും കുഞ്ഞിരാമന്റെ കൊലപാതകം പരാമര്‍ശിച്ചിട്ടില്ല.
110 പൊതുസാക്ഷികളും 28 കമ്മീഷന്‍ വരുത്തിയ സാക്ഷികളും ഉള്‍പ്പെടെ 138 സാക്ഷികളെ കമ്മിഷന്‍ വിസ്തരിച്ചിരുന്നു. ഇതില്‍ ഒരാള്‍പോലും കുഞ്ഞിരാമന്റെ കൊലപാതകം കമ്മിഷന്‍ മുമ്പാകെ കൊണ്ടുവന്നിട്ടില്ല. കമ്മിഷന്‍ തെളിവിന്റെ ഭാഗമായി സ്വീകരിച്ച 288 രേഖകളില്‍ ഒന്ന് പോലും കുഞ്ഞിരാമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല എന്നതും സിപിഎം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങളുടെ വിശ്വാസ്യത എത്രമാത്രമുണ്ട് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: