സോഹന്‍ലാല്‍
കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1972 ഫെബ്രുവരി മാസം 14 ന് ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മിഷനെ നിയോഗിച്ചു. രാഷ്‌ട്രീയ പാര്‍ട്ടികള്‍, സാമുദായിക സാമൂഹ്യ സംഘടനകള്‍, പ്രമുഖ വ്യക്തികള്‍ എല്ലാവരും കമ്മിഷനുമായി അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറായി. അന്നത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ സിപിഎം കമ്മിഷനുമായി സഹകരിക്കാന്‍ വിസമ്മതിച്ചത് സംശയങ്ങള്‍ ഉയര്‍ത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച വര്‍ക്കിങ് ഗ്രൂപ്പ് ഓഫ് നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സില്‍ 1961 മുതല്‍ 2005 വരെ രാജ്യത്തു നടന്ന വര്‍ഗീയ ലഹളകള്‍ അന്വേഷിച്ച കമ്മിഷനുകളുടെ പ്രവര്‍ത്തനവും റിപ്പോര്‍ട്ടും (29 ലഹളകളുടെ) വിലയിരുത്തി സമഗ്രമായി തയ്യാറാക്കിയ വിവരങ്ങള്‍ കൗണ്‍സില്‍ അധ്യക്ഷന്‍, മുന്‍ ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാളിനു സമര്‍പ്പിച്ചിരുന്നു. കേരളത്തിലെ രണ്ട് കമ്മിഷനുകളെക്കുറിച്ച് ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. 1971 തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മിഷനും 2003 മാറാട് ഹിന്ദുക്കൂട്ടക്കൊല അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മിഷനും. 1971 ഡിസംബര്‍ 28 ന് തുടങ്ങിയ തലശ്ശേരി കലാപംനാലു ദിവസം തുടര്‍ന്നു. 31ന് പൂര്‍ണമായി നിയന്ത്രണത്തിലായി. ഹിന്ദു മുസ്ലിം വിഭാഗത്തില്‍പ്പെട്ട 251 വീടുകളും 219 കടകള്‍, 66 ആരാധനാലയങ്ങള്‍ എന്നിവയും പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ട കലാപത്തില്‍ തലശ്ശേരി ചൊക്ലി, കൂത്തുപറമ്പ്, പാനൂര്‍, ധര്‍മടം, എടക്കാട്, കണ്ണൂര്‍ മട്ടന്നൂര്‍ എന്നീ എട്ട് പോലീസ് സ്റ്റേഷനുകളിലായി 569 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1972 ഫെബ്രുവരി മാസം 14 ന് ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മിഷനെ നിയോഗിച്ചു. രാഷ്‌ട്രീയ പാര്‍ട്ടികള്‍, സാമുദായിക സാമൂഹ്യ സംഘടനകള്‍, പ്രമുഖ വ്യക്തികള്‍ എല്ലാവരും കമ്മിഷനുമായി അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറായി. അന്നത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടി സിപിഎം കമ്മിഷനുമായി സഹകരിക്കാന്‍ വിസമ്മതിച്ചത് സംശയങ്ങള്‍ ഉയര്‍ത്തി. അക്രമം നിര്‍ത്താന്‍ അന്നത്തെ കുത്തുപറമ്പ് എംഎല്‍എ പിണറായി വിജയന്റെ നേതൃത്വത്തില്‍ ചെങ്കൊടി കെട്ടിയ കാറില്‍ മൈക്കിലൂടെ ആഹ്വാനം ചെയ്തതെന്ന് അവകാശപ്പെടുന്ന സിപിഎം എന്തുകൊണ്ട് ജുഡീഷ്യല്‍ കമ്മിഷന്റെ അന്വേഷണത്തോട് സഹകരിച്ചില്ല എന്നത് ഇന്നുവരെ അവര്‍ വ്യക്തമാക്കിയിട്ടില്ല.
അന്വേഷണ കമ്മിഷനോടു സിപിഎം സഹകരിച്ചില്ല
1973 മാര്‍ച്ച് 15ന് ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മിഷന്‍െ 200 പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. എന്തുകൊണ്ട് സിപിഎം കമ്മിഷനോടു സഹകരിച്ചില്ല എന്ന് ഈ റിപ്പോര്‍ട്ടു വായിച്ചാല്‍ വ്യക്തമാകും. റിപ്പോര്‍ട്ടില്‍ 42-ാം പേജ് 114-ാമത് പാരഗ്രാഫ് തുടങ്ങുന്നത്. ‘ജമി(മ) ഠവല രമൗലെ മിറ രമൗലെ ീള റശേൗൃയമിരല’െ എന്ന തലവാചകത്തോടെയാണ്. അതായത് കലാപത്തിന്റെ കാരണങ്ങളും വഴികളും. കാരണങ്ങളെ വിതയത്തില്‍ കമ്മിഷന്‍ രണ്ടായിതിരിച്ചിട്ടുണ്ട്. ഒന്ന് കലാപത്തിലേക്ക് നയിച്ച സാമൂഹ്യ അന്തരീക്ഷം. അതില്‍ പ്രത്യേകം ശ്രദ്ധേയമായി അദ്ദേഹം പറഞ്ഞത് 1967 പൊതു തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗുമായി ചേര്‍ന്ന് ഇഎംഎസ് മന്ത്രിസഭ രൂപീകരിച്ചതും മുസ്ലിംലീഗ് സമ്മര്‍ദം ചെലുത്തി മലപ്പുറം ജില്ല നേടിയെടുത്തതുമാണ്. പിന്നീട് ഇഎംഎസിന് പിന്തുണ പിന്‍വലിച്ച് സിപിഐയുടെ നേതൃത്വത്തിലുള്ള സപ്തമുന്നണി ഭരണത്തിന് ലീഗ് കൂട്ടുനിന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിരോധത്തിനു കാരണമായി.
1970 സപ്തംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ സമയത്ത് പയ്യന്നൂര്‍ രാമന്തളിയില്‍ സിപിഎമ്മുകാരും മുസ്ലിംലീഗുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സിപിഎമ്മുകാര്‍ സപ്തംബര്‍ 11ന് രാമന്തളി എടമുട്ടം മുസ്ലിംപള്ളിയില്‍ കയറി അവിടുത്തെ മുക്രിയായ അബ്ദുള്ള എന്നുപേരുള്ള വയോധികനെ കൊലപ്പെടുത്തി. തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ സപ്തംബര്‍ 14ന് രാമന്തളി പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ഒ.കെ.കുഞ്ഞിക്കണ്ണന്‍ ലീഗുകാരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടു. ആഭ്യന്തരമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ നിര്‍ദ്ദേശത്തില്‍ പോലീസ് സിപിഎം പ്രവര്‍ത്തകരെ ഉപദ്രവിക്കുന്നു എന്നാരോപിച്ച് എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ കാസര്‍കോടു നിന്നും തിരുവനന്തപുരത്തേക്ക് പ്രതിഷേധ വാഹന പ്രചരണ ജാഥ നടന്നു. ഇതിലൂടെ ലീഗിനെതിരെ സിപിഎം നടത്തിയ പ്രചാരണം മുസ്ലിം വിരുദ്ധ വികാരം കമ്യൂണിസ്റ്റുകാരില്‍ രൂപപ്പെട്ടു എന്ന് കമ്മിഷന്‍ പ്രത്യേകം വ്യക്തമാക്കുന്നു.
1971 ഡിസംബര്‍ 28ന് തലശ്ശേരി മേലൂട്ട് മുത്തപ്പന്‍ മഠപ്പുരയിലേക്കുള്ള കലശ എഴുന്നള്ളിപ്പ് ഘോഷയാത്രയ്‌ക്ക് നേരെ ഒ.വി റോഡിലുള്ള നൂര്‍ജഹാന്‍ ഹോട്ടലില്‍നിന്നും ചെരിപ്പേറ് ഉണ്ടാവുകയും അതിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. പെട്ടന്ന് ഇതിലേക്ക് നയിച്ച കാരണങ്ങളില്‍ തലശ്ശേരിയിലുണ്ടായ ഒരു പ്രധാന സംഭവം കമ്മിഷന്‍ അടിവരയിട്ടു പറയുന്നുണ്ട്. 1971 ഡിസംബര്‍ 24ന് രാത്രിയില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനടുത്ത് ശ്രീകൃഷ്ണ ഹോട്ടലില്‍ മുസ്ലിംലീഗിന്റെ അന്നത്തെ തലശ്ശേരിയിലെ അക്രമിസഘത്തില്‍പ്പെട്ട അറബി മമ്മു എന്ന സാമൂഹ്യദ്രോഹിയുടെ നേതൃത്വത്തില്‍ ഏതാനും മുസ്ലിം ചെറുപ്പക്കാര്‍ അക്രമം ഉണ്ടാക്കുകയും ഹോട്ടലിന്റെ ഒരു പാര്‍ട്ട്ണറും ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍, സിഐടിയു നേതാവുമായ ഗംഗാധരനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗംഗാധരന്‍ കുറെക്കാലം ചികിത്സയില്‍ ആയിരുന്നു.
ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു യോഗം 1971 ഡിസംബര്‍ 25 ന് വൈകുന്നേരം തലശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് (ഇന്ന് പഴയ ബസ്സ്റ്റാന്‍ഡ്) ചേര്‍ന്നു. 1970ലെ ചാവശ്ശേരി ബസ് കത്തിക്കല്‍, സി.എച്ച്. മുഹമ്മദ് കോയക്കുനേരെ ആസിഡ് ബള്‍ബ് അക്രമം തുടങ്ങി നിരവധി കേസില്‍ പ്രതിയായ സിപിഎം നേതാവ് ഗംഗാധര മാരാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.വി. രാജഗോപാല്‍ ഉള്‍പ്പെടെയൂള്ള നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത് അറബി മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ പാര്‍ട്ടിക്കാര്‍ കൈകാര്യം ചെയ്യും എന്നായിരുന്നു. ഇത് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ പി.സി.എസ്. മേനോന്‍ അന്നത്തെ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് സി.എ. ചാലി ഐപിഎസിന് വിവരങ്ങള്‍ കൈമാറിയതിന്റെ രേഖകള്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയിരുന്നു.
സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്ന പ്രചരണങ്ങള്‍
ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നില്‍ക്കുമായിരുന്ന സംഘര്‍ഷം തലശ്ശേരി കണ്ണൂര്‍ താലൂക്ക് മുഴുവന്‍ വളരെ പെട്ടെന്ന് വ്യാപിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായി മുസ്ലിം സ്ഥാപനങ്ങളും പള്ളികളും തകര്‍ത്തതിനു പിന്നില്‍ പാര്‍ട്ടി പ്രചരിപ്പിച്ച ലീഗ് വിരുദ്ധ പ്രചരണം അവരുടെ അണികള്‍ ഏറ്റെടുത്തതാണെന്ന് കമ്മിഷന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ ആര്‍ക്കും വ്യക്തമാകും. ഇത് മുന്‍കൂട്ടി അറിയാവുന്നതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണമായിട്ട് പോലും സിപിഐ സഹകരിക്കാതിരുന്നതും.
കാലം പിന്നിടുമ്പോള്‍ ജനങ്ങള്‍ എല്ലാം മറക്കും എന്നു കരുതിയാണ് സിപിഎം ഇപ്പോള്‍ തലശ്ശേരി കലാപവും യു.കെ. കുഞ്ഞിരാമന്റെ കൊലപാതകവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. യു.കെ. കുഞ്ഞിരാമന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ 1972 ജനുവരി നാലിന് കൂത്തുപറമ്പിലെ നീര്‍വേലിയിലെ അളകാപുരി ബസ് സ്റ്റോപ്പിനടുത്തെ കള്ളുഷാപ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ തലയ്‌ക്ക് അടിയേറ്റാണ് മരിച്ചത്. ഈ കേസില്‍ പ്രതി ചേര്‍ത്ത ബാലകൃഷ്ണന്‍, രാഘവന്‍ തുടങ്ങി മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിടുകയും ചെയ്തതാണ്.
1972 ഫെബ്രുവരി 14 ന് രൂപീകരിച്ച, 1973 മാര്‍ച്ച് 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിതയത്തില്‍ കമ്മിഷന് മുന്നില്‍ ഒരാളുപോലും ഈ കൊലപാതകത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. 1971 ഡിസംബര്‍ 31ന് ശേഷം തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനങ്ങളുടെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്ന പ്രചരണങ്ങളാണ് തലശ്ശേരി കലാപത്തെക്കുറിച്ച് സിപിഎം ഇന്നും തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: