മുതലമട: അംബേദ്കര്‍ കോളനി നിവാസികളില്‍ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ലൈഫ്മിഷന്റെ ഭാഗമായി വീടും സ്ഥലവും നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ – ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷണന് പറഞ്ഞു. മുതലമട അംബേദ്കര്‍ കോളനി നിവാസികള്‍ സ്ഥലവും വീടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുതലമട ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തി വരുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ കോളനി നിവാസികളുമായി നടന്ന യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഇതിന്റെ ഭാഗമായി അംബേദ്കര്‍ കോളനി നിവാസികള്‍ ലൈഫ് മിഷനില്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകളിലും ജനുവരി 10 നകം സമര സമിതി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിശോധന പൂര്‍ത്തിയാക്കും. 12ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാനും മന്ത്രി കെ.രാധാകൃഷ്ണന് നിര്‍ദ്ദേശിച്ചു. അര്‍ഹരായ എല്ലാവര്ക്കും ലൈഫ് മിഷന്റെ ഭാഗമായി വീടും സ്ഥലവും നല്കുവാനുള്ള നടപടി സ്വീകരിക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തമായി സ്ഥല പരിശോധന നടത്തും. തുടര്‍ന്ന് കോളനിവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി.
കേരളത്തില്‍ ഏകദേശം പതിനായിരത്തോളം കോളനികള്‍ ഉണ്ടെന്നും അതില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയും മുതലമടയില്‍ തന്നെയുള്ള വിവിധ കോളനികളിലേയും അര്‍ഹരായ എല്ലാവര്ക്കും ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി സ്ഥലവും വീടും ലഭ്യമാക്കുമെന്നും ആയതിനാല്‍ നിലവില്‍ തുടര്‍ന്ന് വരുന്ന സമരം അവസാനിപ്പിക്കണമെന്നും മന്ത്രി സമര സമിതിയോട് അഭ്യര്‍ത്ഥിച്ചു. ഏകദേശം ഒന്നര മണിക്കൂറോളമാണ് മന്ത്രി കോളനി നിവാസികളുമായി ചര്‍ച്ച നടത്തിയത്.
യോഗത്തില്‍ കെ. ബാബു എംഎല്‍എ, കളക്ടര്‍ മൃണ്മയി ജോഷി, മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, എഡിഎം കെ. മണികണ്ഠന്, മുതലമട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ. ഷാജഹാന്, സാമൂഹിക- രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, കോളനിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: