റാന്നി: പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയില്‍ വൈദ്യുതി ഉത്പാദനം നിലച്ചിട്ട് മാസങ്ങളായി. പെരുമഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ കനാലിലും കിണറിലും ചെളിയും മണലും നിറഞ്ഞതു മൂലം വൈദ്യുതി ഉത്പാദനത്തിനായുള്ള വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഷട്ടര്‍ അടച്ചിടുകയായിരുന്നു.
തുടര്‍ച്ചയായ മഴ നിമിത്തം ചെളി നീക്കാന്‍ കഴിഞ്ഞിരുന്നില്ല മഴയുടെ ശക്തി ഇടക്ക് ശമിച്ചപ്പോള്‍ യന്ത്ര സഹായത്താല്‍ കുറെയൊക്കെ നീക്കിയെങ്കിലും തടസ്സം പൂര്‍ണ്ണമായി മാറ്റാന്‍ കഴിഞ്ഞില്ല. പെരുനാട്, റാന്നി സബ് സ്റ്റേഷനിലേക്കും വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളില്‍ പ്രാദേശികമായും വിതരണം ചെയ്തു വന്ന വൈദ്യുതിയുടെ ഉത്പാദനമാണ് മാസങ്ങളായി നിലച്ചത്. എന്നാല്‍ മഴക്കാലം കഴിഞ്ഞ ശേഷവും ശേഷിക്കുന്ന മണലും ചെളിയും നീക്കി ഉത്പാദനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.
വേനല്‍ കാലം ആരംഭിച്ചതിനാല്‍ നദിയിലെ സംഭരണിയില്‍ ഇനി മാസങ്ങളോളം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ മതിയായ വെള്ളമുള്ള സ്ഥിതിക്ക് വൈദ്യുതി ഉത്പാദനം പുനഃസ്ഥാപിക്കാനുള്ള അടിയന്തിര നീക്കമാണ് വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. എന്നാല്‍ ശ്രമങ്ങളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. കോടികള്‍ മുതല്‍ മുടക്കിയ പദ്ധതിയില്‍ ഉത്പാദനം നടക്കാത്തത് വരുമാനത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: