കൊട്ടിയം: സംസ്ഥാനത്തെ ആദ്യ ആശുപത്രികളിലൊന്നായ മയ്യനാട് ഗവ. ആശുപത്രിയില്‍ നിലവിലെ സൗകര്യങ്ങളെല്ലാം ജീര്ണതയില്. കിടത്തിചികിത്സയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉണ്ടെങ്കിലും രാത്രി ഡ്യൂട്ടിക്ക് ഡോക്ടറില്ലാത്തതാണ് തടസം.
രാത്രി ഡ്യൂട്ടിക്ക് ഡോക്ടറെ നിയമിക്കണമെങ്കില്‍ ക്വാര്‍ട്ടേഴ്സ് ഉണ്ടാകണമെന്നാണ് അധികൃതരുടെ വാദം. കിടത്തി ചികിത്സ ഇല്ലാത്തതിനാല്‍ നൂറിലേറെ കിടക്കകളും ബഹുനിലക്കെട്ടിടങ്ങളും പ്രയോജനമില്ലാതെ നശിക്കുന്നു. മയ്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയടക്കം ആധുനിക ചികിത്സാസൗകര്യങ്ങളൊരുക്കിയാല് ജില്ലാ ആശുപത്രിയിലെ തിരക്ക് പകുതിയായി കുറയ്ക്കാനുമാകും.
ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ കാലത്ത് നാട്ടുകാര്‍ ഉത്പന്നപ്പിരിവ് നടത്തി കെട്ടിടം നിര്‍മിച്ചുനല്‍കിയാണ് മയ്യനാട് ആശുപത്രിക്ക് തുടക്കമിട്ടത്. 1948 ല്‍ ആരോഗ്യമന്ത്രിയായിരുന്ന ജി.രാമചന്ദ്രനാണ് ഡിസ്പെന്‍സറിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പ്രസവവാര്‍ഡ് നിര്‍മിച്ചുനല്‍കി.
1981ലാണ് ബഹുനിലമന്ദിരം നിര്‍മിച്ചത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍വരെ ആയി ഉയര്‍ന്നെങ്കിലും ഉണ്ടായിരുന്ന സൗകര്യങ്ങളിലേറെയും നഷ്ടമായി. മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: