കൊച്ചി: ആത്മനിര്‍ഭര്‍ ഭാരതിലൂടെ രാജ്യം മുന്നോട്ട് കുതിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഉദാഹരണമായി നില്‍ക്കുന്നത് വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
വിമാന വാഹിനിയെ കുറിച്ചുള്ള വിശദമായ അവലോകനവും, കപ്പലിന്റെ വിവിധ പ്രത്യേകതകളേക്കുറിച്ചും നാവിക സേന ഉദ്യോഗസ്ഥര്‍ ഉപരാഷ്ട്രപതിക്ക് മുന്നില്‍ വ്യക്തമാക്കി. തുടര്‍ന്ന് കൊച്ചി കപ്പല്‍ ശാലയില്‍ നടക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് കപ്പല്‍ശാല എം.ഡിയും ചെയര്‍മാനുമായ മധു എസ്.നായര്‍ വിശദീകരിച്ചു.
ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി തുടങ്ങിയ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫി ലാബോറട്ടറിയില്‍ സന്ദര്‍ശനം നടത്തിയ ഉപരാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: