റാന്നി: ഈ വര്‍ഷത്തേ ശബരിമല തീര്‍ത്ഥാടനത്തിലെ മണ്ഡലകാലം കഴിഞ്ഞു. മകരവിളക്ക് ഉത്സവം തുടങ്ങിയിട്ടും ഇടത്താവളങ്ങളുടെ അവസ്ഥയ്ക്ക് മാറ്റമില്ല.കുടിവെള്ളം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ പോലും സജ്ജീകരിച്ചിട്ടില്ല.
പ്രധാനമായി തീര്‍ത്ഥാടകര്‍ തങ്ങുന്നത് പെരുനാട് പഞ്ചായത്തിലെ ഇടത്താവളങ്ങളിലാണ്.ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന പെരുനാട് പഞ്ചായത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രമീകരങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല.കുടിവെള്ളം ക്രമീകരണവും, കുളിക്കടവുകളില്‍ ലൈഫ്ഗാര്‍ഡ് നീയമനം അടക്കം ഇനിയും നടക്കേണ്ടതുണ്ട്. കുടിവെള്ള ക്രമീകരണത്തിനായി ടെണ്ടര്‍ ക്ഷണിച്ചതല്ലാതെ ബാക്കി നടപടികള്‍ നടന്നില്ല.
വെള്ളം ശേഖരിക്കാന്‍ എത്തിച്ച വാട്ടര്‍ ടാങ്കുകള്‍ പഞ്ചായത്ത് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാം.പഞ്ചായത്തില്‍ ഏഴ് കുളിക്കടവുകളാണുള്ളത്. മുന്‍വര്‍ഷങ്ങളില്‍ തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുന്‍പ് തന്നെ കടവുകളില്‍ ലൈഫ് ഗാര്‍ഡിനെ നിയമിക്കുമായിരുന്നു. ഇതാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ അവഗണിച്ചിരിക്കുന്നത്.
2018-ലെ മഹാപ്രളയത്തിനു ശേഷം നദിയില്‍ പല കടവുകളിലും ചെളിമണ്ണ് അടിഞ്ഞിരിക്കുകയാണ്. ഇത് കരയാണന്ന് ധരിച്ച് ഇറങ്ങുന്നവര്‍ ചെളിയില്‍ കാല് കൂടുങ്ങി അപകടത്തില്‍പ്പെടും. പെരുനാട് പഞ്ചായത്തില്‍ പ്രധാനമായും, കക്കാട്ടുകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രവും, മടത്തുംമൂഴിയിലുള്ള ഇടത്താവളവും ,മാടമണ്‍ ഋഷികേശ ക്ഷേത്രവുമാണ്.
കക്കാട്ടുകോയിക്കല്‍ ക്ഷേത്രത്തില്‍ വൃശ്ചികം ആരംഭം മുതല്‍ ഭക്തരുടെ തിരക്കനുഭവപ്പെടുന്നുണ്ട്.ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള നടപന്തല്‍ ഭക്തര്‍ തമ്പടിച്ച് ഭക്ഷണം വെച്ചു കഴിച്ച് വിശ്രമിക്കും. ഈ ആവശ്യങ്ങള്‍ക്ക് കുടിവെള്ളം ആവശ്യമുള്ളപ്പോഴാണ് പഞ്ചായത്ത് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്.ശബരിമല തീര്‍ത്ഥാടന കാലം സുഗമമായി നടക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഭരണസമതി ഒരുക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചതായി വാര്‍ഡ് അംഗം അരുണ്‍ അനിരുദ്ധന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: