മേടത്തിലെ ആദ്യപുലരി കണ്ടുണര്ന്നാണ് മലയാളികളുടെ പുതുവര്‍ഷം തുടങ്ങുന്നത്. കൊല്ലവര്‍ഷാരംഭം ചിങ്ങത്തിലാണെങ്കിലും കാര്ഷികവര്ഷാരംഭത്തിനു തുടക്കമിടുന്ന വിഷുവാണ് ആണ്ടുപിറവിയായി പണ്ടുകാലത്തേ ആഘോഷിച്ചിരുന്നത്. തമിഴരുടെ ‘പുത്താണ്ടും’ ഇതേ നാളിലാണ് കണിയൊരുക്കി, വിഷുവിന് സമാനമായി ആഘോഷിക്കുന്നത്. ഇതു പോലെ സാംസ്ക്കാരിക, പ്രാദേശിക വൈവിധ്യങ്ങളോടെ പലപേരുകളില്‍ ഇന്ത്യയില്‍ പുതുവര്‍ഷാഘോഷങ്ങള്‍ നടക്കുന്നു.
ഉഗാദി
കര്‍ണാടകത്തിലും ആന്ധ്രയിലും ചൈത്രമാസപ്പിറവിയാണ് പുതുവര്‍ഷം. ഉഗാദിയെന്നാണ് ഇതറിയപ്പെടുന്നത്. വീടുവൃത്തിയാക്കി, മാവിലത്തോരണമിട്ട്, രംഗോളിയണിഞ്ഞ്,പരമ്പരാഗത വസ്ത്രം ധരിച്ച,് മധുരപലഹാരങ്ങളൊരുക്കി, അതിഥി സത്ക്കാരങ്ങളുമായി മതിമറന്നുള്ള ആഘോഷം. കുടുംബാംഗങ്ങളെ അരികെയിരുത്തി വീട്ടിലെ കാരണവര്‍ പഞ്ചാംഗം വായിച്ചു കേള്‍പ്പിക്കുന്ന പഞ്ചാംഗശ്രവണമാണ് ഉഗാദിയുടെ കാതല്‍. ഉഗാദി പച്ചടിയുണ്ടാക്കി കഴിക്കുന്നതും അതിഥികള്‍ക്ക് വിളമ്പുന്നതും ഉഗാദിയിലെ പ്രതീകാത്മകമായൊരു ചടങ്ങാണ്. വാളന്പുളിസത്ത്, പച്ചമാങ്ങ, ശര്‍ക്കര, കുരുമുളക്, ആര്യവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പച്ചടി സുഖദുഃഖസമ്മിശ്രമായ ജീവിതത്തിന്റെ സൂചകമാകുന്നു.
ഗുഡി പഡ്വ
ഉഗാദി നാളില്‍ തന്നെയാണ് മറാഠികളും കൊങ്കിണികളും വര്‍ഷാരംഭമായ ‘ഗുഡി പഡ്വ’ ആഘോഷിക്കുന്നത്. ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടിക്ക് തുടക്കമിട്ടത് ഈ നാളിലാണെന്നാണ് വിശ്വാസം. ആഘോഷങ്ങളിലും വലിയ വ്യത്യാസമില്ല. മാവിലയും പൂക്കളും കൊണ്ടുള്ള തോരണങ്ങള്‍ തൂക്കുന്നതിനൊപ്പം വീടിനു മുകളിലോ വാതില്പ്പടികളിലോ പതാകകള്‍ ഉയര്‍ത്തുന്നതാണ് ഗുഡിപഡ്വയെ വ്യത്യസ്തമാക്കുന്നത്. ഗുഡിയെന്നാല് വിജയപതാക. തൂണുപോലുള്ള നീണ്ട വടിയുടെ അറ്റത്ത് കലശം കമിഴ്ത്തി തോരണങ്ങളാല്‍ അലങ്കരിച്ച് പതാക കെട്ടുന്നു.
ചേടി ചാന്ദ്
ചൈത്രം പിറക്കുമ്പോഴാണ് സിന്ധികളുടെ പുതുവര്‍ഷവും തുടങ്ങുന്നത്. സിന്ധി ആചാര്യനായ ഝൂലേലാലിന്റെ ജന്മദിനം കൂടിയാണന്ന്. വരുണദേവനെ പ്രതീപ്പെടുത്താനുള്ള പൂജാദികര്മ്മങ്ങള്ക്കാണ് ചേടിചാന്ദ് ദിനത്തില്‍ പ്രധാന്യമേറെയും. ഒപ്പം പ്രത്യേക ഭജനയും ആരതിയും സദ്യയുമെല്ലാമുണ്ടാവും.
വ്യാപാരി സമൂഹമാണ് സിന്ധികള്‍. വ്യാപാരവുമായി ബന്ധപ്പെട്ട് സിന്ധി പുരുഷന്മാര് സമുദ്ര യാത്ര നടത്തുമ്പോള്‍ അവരെ കാത്തുകൊള്ളണമെന്ന പ്രാര്‍ഥനയോടെ വരുണദേവനെ സ്തുതിച്ച് സ്ത്രീകള്‍ ചേടിചാന്ദില് വ്രതമനുഷ്ഠിക്കുന്നു.
ബൈസാഖി
പഞ്ചാബികളുടെ പുതുവര്‍ഷാരംഭവും കൊയ്ത്തുല്സവവുമാണ് ബൈസാഖി. വൈശാഖമാസത്തിന്റെ ആദ്യനാള്‍. കടുംവര്‍ണങ്ങളിലുള്ള വസ്ത്രമണിഞ്ഞ് ധോല്വാദ്യത്തിന്റെ ചടുലതയോടെ സ്ത്രീപുരുഷഭേദമില്ലാതെ നൃത്തമാടിയാണ് പഞ്ചാബികള്‍ ബൈസാഖി തിമിര്‍ത്താഘോഷിക്കുന്നത്.
പൊയ്ല ബൈസാഖ്
ബംഗാളികളുടെ പുതുവര്‍ഷം പൊയ്ല ബൈസാഖ്. അതാഘോഷിക്കുന്നതും വൈശാഖമാസപ്പിറവിയിലാണ്. ബംഗ്ലാദേശില്‍ അന്ന് പൊതുഅവധി ദിനം. സമ്പത്തും സമൃദ്ധിയും നല്കി അനുഗ്രഹിക്കാന്‍ ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുന്നവയാണ് പൊയ്ലാ ബൈസാഖിലെ ചടങ്ങുകളെല്ലാം. വ്യാപാരികള്‍, പ്രത്യേകിച്ചും കടകള്‍ നടത്തുന്നവര്‍ പൊയ്ലാ ബൈസാഖിയില്ഇടപാടുകാരുമായുള്ള ബാധ്യതകള്‍ ഒത്തുതീര്‍പ്പാക്കി പുതിയ തുടക്കമിടുന്നു. അതിന് പ്രതേ്യക ആചാരങ്ങളുമുണ്ട്. ആ വേളയില്‍ ഗണേശഭഗവാന്റെ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം.
ബിഹു
നമ്മുടെ ഓണാഘോഷം പോലെ ദേശീയപ്രാധാന്യം നേടിയ ആഘോഷമാണ് അസമിന്റെ പുതുവര്‍ഷമായ ബൊഹാഗ് ബിഹു. കാഷികോത്സവം കൂടിയായ ബിഹു വസന്തത്തിന്റെ വരവറിയിക്കുന്നു. ബിഹുനൃത്തവും നാടോടിപ്പാട്ടുകളും കൊയ്ത്തു കഴിഞ്ഞ് വിത്തിറക്കലുമായി മനുഷ്യനും പ്രകൃതിയും സമന്വയിക്കുന്ന പുതുവര്‍ഷപ്പിറവിയാണ് ബിഹു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: