പാലാ: പാലാ ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങി. സിവില്‍ സ്റ്റേഷന് മുതല്‍ ളാലം പള്ളിവരെയുള്ള ഭാഗത്തെ റോഡ് വികസനത്തിന് തടസ്സമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച് ഈ ഭാഗത്തെ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു നീക്കി.
പാലാ ബൈപ്പാസിന്റെ രണ്ടാം ഘട്ടത്തിന്റെ മുടങ്ങി കിടക്കുന്ന ഭാഗത്ത് നിര്‍മാണം നടത്തി പൂര്‍ണ്ണമാക്കുന്നതിനുള്ള പ്രധാന കടമ്പ ഇതോടെ പിന്നിട്ടു. സിവില്‍ സ്റ്റേഷന് ജങ്ഷന് മുതല്‍ ളാലം പള്ളി ജങ്ഷന് വരെയുള്ള നൂറു മീറ്റര്‍ ദൂരത്തെ സ്ഥലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താണ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത്.
രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം മുടങ്ങി കിടന്നിരുന്ന മറ്റൊരിടമായ പാലാ -കോഴ റോഡിലെ ആര്.വി.ജങ്ഷന് ഭാഗത്തെ അമ്പതു മീറ്റര്‍ ദുരത്തിലും മണ്ണെടുത്തു നീക്കി. ഈ രണ്ടും ഭാഗത്തും നിര്‍മാണം മുടങ്ങി കിടക്കുന്നതിനാല്‍ വര്‍ഷങ്ങളായി പാലാ ബൈപ്പാസ് റോഡ് പൂര്‍ത്തിയാകാത്ത നിലയിലായിരുന്നു. ഉടമകള്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്. സിവില്‍ സ്റ്റേഷന് ഭാഗത്ത് നിരവധി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുവാനുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് പൂര്‍ണമായും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത്. ഇനി സിവില്‍ സ്റ്റേഷന് ഭാഗത്ത് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയിടത്ത് മണ്ണ് എടുത്തുമാറ്റേണ്ടതുണ്ട്. പ്രധാനമായും വൈദ്യുതി തൂണുകള്‍ നീക്കം ചെയ്യുന്നതാണ് പ്രധാന കടമ്പ. കെഎസ്ഇബി അധികൃതര്‍ വൈദ്യുതി തൂണുകള്‍ നീക്കം ചെയ്താല്‍ ടാറിങ് ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയും.
ആര്‍വി ജങ്ഷന് ഭാഗത്ത് റോഡിന്റെ വീതിയ്ക്കാവശ്യമായ മണ്ണും മാറ്റിയിരുന്നു. പാലാ – കോഴാ റോഡിലെ ആര്‍വി ജങ്ഷന് മുതല്‍ ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ റോഡില്‍ പുലിയന്നൂര്‍ കാണിക്ക മണ്ഡപം ജങ്ഷന് വരെയുള്ള മൂന്നാം ഘട്ടത്തിലെ അരുണാപുരത്തെ വീടും സ്ഥലവും മാത്രമാണ് ഇനി ഏറ്റെടുക്കേണ്ടത്. സ്ഥലം ലഭ്യമായ ഭാഗത്തെ നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കി ഗതാഗതവും ആംരഭിച്ചിരുന്നു. അവശേഷിക്കുന്ന ഭാഗത്ത് സ്ഥലം ഏറ്റെടുക്കാന്‍ തുക അനുവദിച്ചതിലുണ്ടായ അപാകതകളെത്തുടര്‍ന്ന് സ്ഥലം ഉടമകള്‍ കോടതിയെ സമീപിച്ചു. ഇതോടെ ബൈസിന്റെ പൂര്‍ത്തികരണം നിയമക്കുരുക്കില്‍പ്പെടുകയായിരുന്നു.
സിവില്സ്റ്റേഷന് ഭാഗത്ത് റോഡ് വീതി കുട്ടാന്‍ കഴിയാതെ കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയതായി കിടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബൈപ്പാസ് പൂര്‍ത്തീകരണത്തിന് വഴി തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: