ഇന്ന് പുതുവത്സര ദിനം. കലണ്ടറിലെ അക്കങ്ങൡ ചെറിയൊരു മാറ്റം എന്നതിനപ്പുറം സാധാരണ മനുഷ്യരുടെ ജീവിതം പഴയതുപോലെ തുടരുമ്പോഴും സന്തോഷവും സുരക്ഷിതത്വവും നല്കുന്ന എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന പ്രതീക്ഷ പുതുവര്‍ഷപ്പുലരിയടുക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ നിറയാറുണ്ട്. പക്ഷേ ഇങ്ങനെയൊരു മാനസികാവസ്ഥ ബഹുഭൂരിപക്ഷം മലയാളിക്കും ഇന്ന് ഇല്ലാതായിരിക്കുന്നു. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയവര്‍ക്ക് ഭരണത്തുടര്‍ച്ച ലഭിച്ചപ്പോള്‍ ഒന്നും ശരിയാവാത്തതിന്റെ നിരാശയാണ് പലര്‍ക്കും പങ്കുവയ്ക്കാനുള്ളത്. ആവര്‍ത്തിച്ചുവന്ന പ്രളയങ്ങളും അവസാനിക്കാത്ത കൊവിഡ് മഹാമാരിയും നല്കിയ ദുരിതങ്ങളില്‍നിന്ന് കരകയറാനാവാതെ അനേകര്‍ നട്ടംതിരിയുകയാണ്. ഏറ്റവും കഴിവുകെട്ട ഒരു മന്ത്രിയെ പേറുന്ന വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞിരിക്കുകയും അക്കാദമിക് സ്ഥാപനങ്ങള്‍ പാര്‍ട്ടിയുടെ ആധിപത്യത്തിന് അടിപ്പെട്ടിരിക്കുകയും ചെയ്യുന്നു. അടുത്ത അഞ്ചുവര്‍ഷത്തോളം ഭരണം ഉറപ്പായതും അധികാരമാറ്റത്തിന് ഇടവരുത്തുന്ന തെരഞ്ഞെടുപ്പുകള്‍ അടുത്തെങ്ങും ഇല്ലാത്തതും ഭക്ഷ്യക്കിറ്റുകള്‍ പോലുള്ള കഞ്ഞിവീഴ്ത്തലുകള്‍ പോലും വേണ്ടെന്നുവയ്ക്കാന്‍ ചെങ്കോല്‍ കയ്യിലേന്തിയവരെ പ്രേരിപ്പിച്ചു. വേലയും കൂലിയുമില്ലാതെ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ ജനസംഖ്യയിലെതന്നെ നല്ലൊരു ശതമാനം വരും. നാമമാത്രമായ വരുമാനം ലഭിക്കുന്ന ചെറിയ ജോലികളുള്ളവര്‍ നാളെയെക്കുറിച്ച് ചിന്തിക്കാന്‍ ഭയക്കുകയാണ്. എങ്ങനെയെങ്കിലുമൊക്കെ കഴിഞ്ഞുകൂടാമെന്ന വിപദിധൈര്യമാണ് പലരുടെയും കൈമുതല്‍. ജനിച്ചുപോയി എന്ന കുറ്റത്തിന് ജീവിതമെന്ന ശിക്ഷ അനുഭവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍.
ജീവിതം മാത്രമല്ല, ജീവനുംകൂടി ഏതു നിമിഷവും നഷ്ടമാകാമെന്ന ഭീതിയാണ് പുതുവര്ഷത്തിലേക്കു കാലുകുത്തുമ്പോള്‍ മലയാളിയെ അഭിമുഖീകരിക്കുന്നത്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും പീഡനങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും കവര്‍ച്ചകളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും സ്വന്തം നാടായി കേരളം മാറിയിരിക്കുന്നു. നിയമം കയ്യിലെടുത്ത ഗുണ്ടാസംഘങ്ങള്‍ ആവര്‍ത്തിച്ചു നടത്തുന്ന പൈശാചികമായ കൊലപാതകങ്ങള്‍ ഇല്ലാത്ത ദിവസങ്ങള്‍ വിരളമാണ്. രാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലും ഭരണകൂടത്തിന്റെ സംരക്ഷണത്തിലും അഴിഞ്ഞാടുന്ന ഭീകരവാദശക്തികള്‍ തങ്ങളുടെ ദേശവിരുദ്ധ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി അരുംകൊലകള്‍ ചെയ്തുകൂട്ടുന്നു. ദേശീയ സംഘടനാ പ്രവര്‍ത്തകരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കി ഓരോരുത്തരെയായി ഇല്ലായ്മ ചെയ്യുകയാണ്. ഹിംസ ഒരു പകര്‍ച്ചവ്യാധിയെപ്പോലെ സകല മലയാളികളെയും പിടികൂടിയിരിക്കുന്നതായി സംശയിക്കണം. വ്യക്തിബന്ധങ്ങള്‍ക്ക് യാതൊരു വിലയുമില്ലാതായിരിക്കുന്നു. പ്രണയത്തിന്റെ പകയില്‍ പെണ്‍കുട്ടികളെ പച്ചയ്ക്ക് കൊല്ലുന്ന സംഭവങ്ങള്‍ നാടിനെ നടുക്കുന്നു. അച്ഛന് അമ്മയേയും, ഭാര്യ ഭര്‍ത്താവിനെയും, സഹോദരി സഹോദരനെയും സഹോദരി സഹോദരിയെയും നിര്‍ദയം കൊന്നുതള്ളുന്നു. ഒരു കുടുംബത്തില്‍ ഒരു മുറിയില്‍ താമസിക്കുന്ന ആരു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കൊല ചെയ്യപ്പെടുകയും ചുട്ടെരിക്കപ്പെടുകയും ചെയ്യാവുന്ന അവസ്ഥ. സ്വാര്‍ത്ഥതയും സങ്കുചിതത്വവും മൂലം എന്തു നിന്ദ്യകൃത്യവും ചെയ്യാന്‍ വ്യക്തികള്‍ക്ക് മടിയില്ലാതാവുകയാണ്. സമൂഹമനസ്സ് തന്നെ അക്രമവല്‍ക്കരിക്കപ്പെട്ടതുപോലെ തോന്നുന്നു. ഭരിക്കുന്നവരുടെ ചട്ടുകമായി പോലീസ് മാറിയതോടെ നിയമവാഴ്ച നാടുനീങ്ങിയിരിക്കുന്നു.
സമൂഹം അരാജകത്വത്തിലേക്ക് വഴുതിവീഴുമെന്നത് മുന്‍കാലത്ത് ഒരു ആശങ്ക മാത്രമായിരുന്നെങ്കില്‍ ഇന്നത് യാഥാര്‍ത്ഥ്യമാണ്. ഇങ്ങനെയൊരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചതില്‍ ഇന്ന് കേരളം ഭരിക്കുന്നവര്‍ക്ക് വലിയ പങ്കുണ്ട്. കേരളത്തില്‍ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഭരണമാറ്റം സംഭവിക്കുന്നു എന്നത് യഥാര്‍ത്ഥത്തില്‍ ഒരു മിഥ്യയാണ്. നയനിലപാടുകളില്‍ കാര്യമായ മാറ്റമൊന്നുമില്ലാതെ അധികാരത്തുടര്‍ച്ച തന്നെയാണ് സംഭവിക്കുന്നത്. മുദ്രാവാക്യങ്ങളില്‍ മാത്രമാണ് മാറ്റം. പരിപാടികളിലും പദ്ധതികളിലും ഒരേതൂവല്‍ പക്ഷികളായാണ് ഇടതു-വലതു മുന്നണികള്‍ കേരളം ഭരിക്കുന്നത്. പിണറായി വിജയന് എന്ന ശരാശരിയില്‍ താഴെ രാഷ്ട്രീയബോധമുള്ള ഒരു നേതാവിനെ സ്വന്തം പാര്‍ട്ടിയെപ്പോലും അതിവര്‍ത്തിക്കുന്ന സ്വേച്ഛാധിപതിയാക്കിയിരിക്കുന്നു എന്നതാണ് ഇടതുമുന്നണിക്ക് ലഭിച്ച ഭരണത്തുടര്‍ച്ചയെ വ്യത്യസ്തമാക്കുന്നത്. എല്ലാ തീരുമാനങ്ങളും ഈയൊരു നേതാവിലേക്ക് ചുരുങ്ങിയിരിക്കുന്നു. അഴിമതിയെന്നതാണ് ഒരൊറ്റ അജണ്ട. കേരളത്തിന്റെ പ്രകൃതിയെ കണക്കിലെടുക്കാതെ, വരുംതലമുറകളെ ഒരിക്കലും രക്ഷപ്പെടാത്ത കടക്കെണിയിലേക്ക് തള്ളിയിടുന്ന കെ-റെയില്‍ പദ്ധതി എങ്ങനെയും നടപ്പാക്കുകയെന്ന ജനവിരുദ്ധമായ ശാഠ്യത്തിലേക്ക് ഇടതുഭരണം മാറിയിരിക്കുന്നു. ചുരുക്കത്തില്‍ ഏതു നിലയ്ക്കു നോക്കിയാലും മലയാളികള്‍ നിരാശപ്പെടേണ്ടിവരുന്നു. സാമ്പത്തികമായി മാത്രമല്ല, സാംസ്കാരികമായും ധാര്‍മികമായും ഇപ്പോഴത്തെ ഭരണത്തില്‍ കേരളം അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് മാറിക്കൊണ്ടല്ലാതെ ഇതിനൊരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാനാവില്ല. കേരളജനത ജാതിമതചിന്തകള്‍ക്കതീതമായി ഇങ്ങനെയൊരു മാറ്റത്തിന് ഒരുങ്ങേണ്ടിയിരിക്കുന്നു. പുതുവര്‍ഷപ്പുലരിയുടെ സന്ദേശവും ഇതായിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: